പതിവുപോലെ ഇരുളിന്റെ മറപറ്റിയെത്തിയ യുവാവ് കൈയില്‍ തൂക്കിയ കവര്‍ തെരുവോരത്തേക്ക് നീട്ടിയെറിയും മുമ്പെ നീണ്ടെത്തി ദീപക് വര്‍മ്മയുടെ കൈത്തലം. കവറില്‍ നിറച്ച മാലിന്യമത്രയും അരികില്‍ പാതിനിറച്ച ചാക്കിലേക്ക് ശ്രദ്ധയോടെ പകര്‍ന്ന് ദീപക് വര്‍മ്മ യുവാവിനോട് സംസാരിച്ചുതുടങ്ങി.
വലിച്ചെറിയുന്ന മാലിന്യം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ദീപക് വര്‍മ്മ വാചാലനായി. ശാസ്ത്രീയമായി സംസ്ക്കരിക്കേണ്ട രീതികളെ കുറിച്ച് ആ രാത്രിയില്‍ കുറഞ്ഞ വാക്കുകളില്‍ ദീപ്ക വിവരിച്ചുകൊടുത്തു. ഇനിയിതാവര്‍ത്തിക്കില്ലെന്ന് വാക്ക് നല്കിയ യുവാവിനെ പുഞ്ചിരിയോടെ യാത്രയാക്കി ദീപക് വീണ്ടും മാലിന്യം ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വം തന്നെ സേവയെന്ന മുദ്രാവാക്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ തുടക്കം കുറിച്ച തെരുവോര ശുചീകരണ പരിപാടിയുടെ ഭാഗമായി പാലക്കാട് നഗരത്തില്‍ അന്ന് രാവിലെ 10 മണിയ്ക്കാണ് ദീപക് വര്‍മ്മയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അവസാനിച്ചതാകട്ടെ പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക്. ആ ഇരുപത്തിയാറ് മണിക്കൂറിനുള്ളില്‍ ശേഖരിച്ചത് 1500 കിലോയിലധികം മാലിന്യ കൂമ്പാരം.
ശേഖരിച്ച മാലിന്യങ്ങളത്രയും 26 വലിയ ചാക്കുകളിലായി വേര്‍തിരിച്ച് സംഭരിച്ചപ്പോള് ലഭിച്ച, അലക്ഷ്യമായി വലിച്ചെറിഞ്ഞ മിഠായി പൊതികള്‍ മാത്രം ഒരു ലക്ഷത്തിലേറെ വരും. നിസാരമായി എറിയുന്ന മിഠായി പൊതി പോലും ആരോഗ്യ വിഷയങ്ങളില്‍ എത്രമാത്രം കയ്പ്പാര്‍ന്ന അനുഭവമായി മാറുമെന്നതാണ് ദീപ്ക വര്‍മ്മ പറഞ്ഞു തരുന്നതും.
യാത്രചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന ദീപ്ക വര്‍മ്മ, വന്‍നഗരങ്ങളില്‍ പോലും മാലിന്യ കൂമ്പാരം കണ്ട് മൂക്കുപൊത്തിയിട്ടുണ്ട്. മാലിന്യ സംസ്ക്കരണത്തിലെ അശാസ്ത്രീയതയില്‍ രോഷം കൊണ്ടിട്ടുണ്ട്. എന്നാല്‍ ഈ രോഷംകൊള്ളലിനപ്പുറത്ത് ക്രിയാത്മകമായി എന്തുചെയ്യാന്‍ സാധിക്കുമെന്ന അന്വേഷണത്തിനൊടുവിലാണ് ദീപക് വര്‍മ്മ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനായി ചുറ്റുപാടുകളിലേക്കിറങ്ങിയത്.
അവനവന് നന്നായാല്‍ നാടു നന്നാകുമെന്നും പിന്നെ നഗരങ്ങളും നന്നാകുമെന്നും പഠിച്ചറിഞ്ഞ ദീപക് അഞ്ച് വര്‍ഷത്തോളമായി മാലിന്യ സംസ്ക്കരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ശുചിത്വം തന്നെ സേവ പരിപാടിയുടെ ഭാഗമായി നടത്തിയ 26 മണിക്കൂര്‍ മാലിന്യശേഖരണം, നേരത്തെയുള്ള തന്റെ തന്നെ 24 മണിക്കൂര്‍ പ്രവര്‍ത്തന റെക്കോര്‍ഡ് തിരുത്തുന്നതായി. രാപ്പകല്‍ ഭേദമന്യേ കിലോമീറ്റര്‍ താണ്ടി മാലിന്യം ശേഖരിച്ച ദീപക് ഓരോ മണിക്കൂര്‍ ഇടവിട്ട് പത്ത് മിനുറ്റ് മാത്രമാണ് വിശ്രമിച്ചത്. ഇതിനിടയില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ കണ്ടു.
അപകടമുണ്ടാക്കാവുന്ന അവശിഷ്ടങ്ങള്‍ പാതയോരത്ത് കണ്ടിട്ടും കാണാത്തപോലെ നടക്കുന്നവരെ കണ്ടു. ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടില്‍ വിലകൂടിയ കാറുകളില്‍ കുതിക്കുന്നവരേയും കണ്ടു. ഇതിനിടയില്‍ ഒരു കൈത്താങ്ങാകാന്‍ ശ്രമം നടത്തിയത് അപൂര്‍വ്വം ചിലര്‍ മാത്രമെന്ന് ദീപക് പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ദീപക് വര്‍മ്മ മാലിന്യ ശേഖരണ- സംസ്ക്കരണ മേഖലയില്‍ സജീവസാന്നിദ്ധ്യമാണ്. ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വപൂര്‍ണ്ണമായ പരിസരം വേണമെന്നതാണ് ദീപക്കിന്റെ തത്വശാസ്ത്രം. പാലക്കാട് തുടക്കമിട്ട പ്രവര്‍ത്തനം രാപ്പകല്‍ നീണ്ട ഒറ്റയാള്‍ ശുചീകരണത്തിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദീപക്.
ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗ്ളുരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ശുചിത്വം തന്നെ സേവയെന്ന മുദ്രാവാക്യമുയര്‍ത്തി രാപ്പകല്‍ ശുചീകരണ പ്രവര്ത്തനങ്ങളിറങ്ങാനുള്ള പദ്ധതികള്‍ ഇതിനകം തയ്യാറാക്കി കഴിഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ ബോധവത്ക്കരണം നടത്തുകയാണ് ഇത്തരം പരിപാടികളിലൂടെ ഉദേശിക്കുന്നത്.
ഗാന്ധി ജയന്തി ദിനത്തില്‍ നാടായ നാട്ടിലൊക്കെ ഉടുമുണ്ടു ചുളിയാതെ നടത്തുന്ന പ്രഹസന ശുചീകരണത്തിലൂടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാവില്ലെന്നാണ് ദീപക്കിന്റെ നിലപാട്. ശുചീകരണ പ്രവര്‍ത്തി ഒരു ജീവിത ലക്ഷ്യവും തുടര്‍ച്ചയുമാകണം.
ഏതെങ്കിലുമൊരു ദിവസം ആരെയെങ്കിലും ബോധിപ്പിക്കാനായി പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് പിന്നെ ആ വഴി തിരിഞ്ഞുനോക്കാത്ത രീതിയാണ് ശുചീകരണത്തെ കാര്യമായി ബാധിക്കുന്നതെന്നും ദീപക് പറയുന്നു. അതുകൊണ്ട് തന്നെ, തന്റെ പ്രവര്‍ത്തന മേഖലയില്‍ തുടര്‍ച്ച ഉറപ്പുവരുത്താനും ദീപക് ശ്രദ്ധിക്കുന്നു. ശുചിത്വ മിഷന്റെ പാലക്കാട് ജില്ലാ റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിക്കുന്ന ദീപകിന്റെ ഏക ലക്ഷ്യം മാലിന്യ വിമുക്ത രാജ്യം എന്നതാണ്. ഇതിലേക്കുള്ള ചവിട്ടുപടിയായാണ് ദീപക് തന്റെ ഗ്രാമത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും പട്ടണത്തിലെ രാപ്പകല്‍ ശുചീകരണ യജ്ഞത്തേയുമൊക്കെ നോക്കി കാണുന്നതും.
വരുംതലമുറയ്ക്കും ഇവിടം വാസയോഗ്യമാകണമെങ്കില്‍ വായു, ജലം, മണ്ണ് ഇവ സംരക്ഷിച്ച് നിര്‍ത്താനുള്ള ബാധ്യത നമുക്കുണ്ടെന്ന് ദീപക് ഓര്‍മിപ്പിക്കുന്നു. ഇത്തരം ചിന്തയിലാണ് തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യമുയര്‍ന്നത്. ശുചീകരണം വാചക കസര്ത്തിലൊതുക്കാതെ നിശബ്ദ വിപ്ലവത്തിന് ഇറങ്ങിതിരിച്ചത് അങ്ങനെയാണ്. സ്കൂള്‍ കുട്ടികള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഇതേകുറിച്ച് ക്ലാസെടുത്ത് ദീപക് ബോവത്ക്കരണവും നടത്തുന്നുണ്ട്. ഇതിന്റെ മാറ്റം പൊതു സമൂഹത്തില്‍ കണ്ടുതുടങ്ങിയെന്നും ദീപകിന്റെ സാക്ഷ്യം.
ജിനേഷ് പൂനത്ത്