Tuesday, June 25, 2019 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 04.28 PM

പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

uploads/news/2018/10/253979/homelife-style041018.jpg

വീടുണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് പുതിയ വീട്ടില്‍ സാധനങ്ങള്‍ അറേഞ്ച് ചെയ്യാന്‍. വീടിന് ചേരുന്ന ആവശ്യ വസ്തുക്കള്‍ ഏതൊക്കെ വേണം, പഴയ സാധനങ്ങള്‍ എന്തുചെയ്യും, ഏതൊക്കെ സാധനങ്ങള്‍ പുനരുപയോഗം നടത്താം എന്നിങ്ങനെ നൂറു കൂട്ടം ടെന്‍ഷനുണ്ടാകും. മാസങ്ങള്‍ക്കു മുമ്പു തന്നെ വീടുമാറ്റത്തിനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് പ്ലാന്‍ ചെയ്ത് നടത്തിയാല്‍ വീടുമാറ്റത്തിന്റെ കാര്യം ടെന്‍ഷന്‍ ഫ്രീ ആകുമെന്നതില്‍ സംശയമില്ല.

പ്ലാനിങ് ശ്രദ്ധയോടെ


1. പുതിയ വീട്ടിലേക്ക് എന്തെല്ലാം വാങ്ങണം എന്ന് ലിസ്റ്റ് തയാറാക്കുന്നതിന് മുമ്പ് മുറികളുടെ വലിപ്പം അറിഞ്ഞിരിക്കണം. മുറികളുടെ സ്ഥാനം, ആകൃതി, മുറിയിലുള്ള കബോര്‍ഡുകള്‍, ഷെല്‍ഫ് എന്നിവയെല്ലാം നോക്കി മനസിലാക്കണം. ഈ കാര്യങ്ങള്‍ മനസില്‍ വച്ചുകൊണ്ടുവേണം പുതിയ വീട്ടിലേക്ക് എന്തൊക്കെ വാങ്ങണമെന്ന് തീരുമാനിക്കാന്‍.
2. ഒരു ചെക്ക് ലിസ്റ്റ് തയാറാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമായി. ഇതില്‍ പഴയ സാധനങ്ങളില്‍ എന്തൊക്കെ പുനരുപയോഗിക്കാമെന്നാണ് ആദ്യം എഴുതേണ്ടത്. അതിനുശേഷം പുതിയതായി വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതിച്ചേര്‍ക്കാം. വീടുമാറ്റത്തിന് രണ്ടുമാസം മുമ്പെങ്കിലും ലിസ്റ്റ് എഴുതിത്തുടങ്ങാം. അല്ലെങ്കില്‍ തിരക്കിനിടയില്‍ പ്രധാനപ്പെട്ട പലതും വിട്ടുപോകും.
3. പാലുകാച്ചല്‍ ചടങ്ങിന് എത്തുന്നവരില്‍ നിന്ന് ഉപഹാരങ്ങള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വീട്ടിലേക്ക് അധികം സാധനങ്ങള്‍ വാങ്ങേണ്ട. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന സമ്മാനങ്ങള്‍ വീട്ടുപയോഗത്തിനുള്ളതായിരിക്കും. അ ല്ലാത്തവ മാത്രം പിന്നീട് വാങ്ങിയാല്‍ മതിയാകും.

പാക്കിങ് കരുതലോടെ


1. പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ ഏറ്റ വും ബുദ്ധിമുട്ടുള്ള കാര്യം പാക്കിങ്ങാണ്. ആദ്യം ആവശ്യമുള്ളത്ര കാര്‍ഡ് ബോര്‍ഡ് പെട്ടികളും പായ്ക്കിങ് ടേപ്പും തെര്‍മോക്കോളുമെല്ലാം വാങ്ങി തയാറാകാം.
2. വീടുമാറ്റത്തിന് ഒരുമാസം മുമ്പെങ്കിലും പാക്കിങ് തുടങ്ങണം. പുതിയ സ്ഥലത്ത് എത്തുന്നതുവരെ ഉപയോഗിക്കേണ്ടാത്തവ ആദ്യം പെട്ടിയിലാക്കാം.
3. ഉപയോഗ ശൂന്യമായ പാത്രങ്ങള്‍ ഉപേക്ഷിക്കാം. പിടി പോയ പാത്രങ്ങളും കോട്ടിങ് പോയ നോണ്‍സ്റ്റിക് പാത്രങ്ങളുമൊ ന്നും പുതിയ വീട്ടിലേക്ക് എടുക്കണ്ട. ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കാത്ത വസ്ത്രങ്ങളും കുട്ടികളുടെ പഴയ കളിപ്പാട്ടങ്ങളും ഉപേക്ഷിക്കുക.
4. ഓരോ പെട്ടിയിലും അതിലുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതി വച്ചാല്‍ ആവശ്യമുള്ള സാധനങ്ങള്‍ക്കായി ഓരോ പെട്ടിയും തുറന്ന് പരിശോധിക്കേണ്ടി വരില്ല.
uploads/news/2018/10/253979/homelife-style041018a.jpg

5. ഓരോ മുറിയിലേക്കും വേണ്ട സാധനങ്ങള്‍ ഓരോരോ പെട്ടിയിലാക്കാം. പെട്ടിയുടെ മുകളില്‍ അതിലെ സാധനങ്ങള്‍ ഏത് മുറിയിലേക്കുള്ളതാണെന്ന് കൂടി എഴുതിവച്ചാല്‍ ഏറ്റവും നന്ന്്.
6. ഷോകെയ്‌സ് റാക്ക്, ബുക്ക് ഷെല്‍ഫ് എന്നിവയെല്ലാം അഴിച്ചെടുത്ത് പുതിയ വീട്ടിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കില്‍ അതിന്റെയെല്ലാം നട്ടും ബോള്‍ട്ടും ചെറിയ കവറുകളിലാക്കി അവയ്‌ക്കൊപ്പം സൂക്ഷിക്കുക. ഫാന്‍ അഴിച്ചെടുക്കുമ്പോഴും ഈ ശ്രദ്ധ വേണം.
7. ഡോക്യുമെന്റുകളെല്ലാം പ്രത്യേകം ഫയലിലാക്കി വയ്ക്കാം. ഓരോ ഫയലിനുമുകളിലും അതിനുള്ളിലെന്താണെന്ന് എഴുതി വയ്ക്കാം.
6. പൊട്ടാന്‍ സാധ്യതയുള്ളവ തെര്‍മോക്കോള്‍ വച്ചതിനുശേഷം സൂക്ഷ്മതയോടെ പാക്ക് ചെയ്യാം.
8. അടുക്കളയിലെ സാധനങ്ങള്‍ അവസാനം മാറ്റിയാല്‍ മതിയാകും. ഇടയ്‌ക്കൊരു ചായ ഇടാനും കുട്ടികള്‍ക്ക് ലഘുഭക്ഷണമുണ്ടാക്കാനുമൊക്കെ ഒന്നു രണ്ടു പാത്രങ്ങളും ഇന്‍ഡക്ഷന്‍ കുക്കറുമൊക്കെ ബാക്കി വച്ചശേഷമേ പാക്ക് ചെയ്യാവൂ.

പുതുമ നല്‍കാം


1. പഴയ വീട്ടിലെ ഫര്‍ണ്ണിച്ചറുകള്‍ വീണ്ടും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് അല്‍പം മോടി കൂട്ടാം. തടികൊണ്ടുള്ളവ പോളിഷ് ചെയ്താല്‍ മതിയാകും. സ്റ്റീല്‍ അലമാരയും കിച്ചന്‍ കാബിനറ്റുമെല്ലാം പെയിന്റടിച്ച് പുത്തനാക്കാം. ഈ പണികളെല്ലാം പഴയ വീട്ടില്‍ വച്ച് ചെയ്തു തീര്‍ത്ത് പെയിന്റ് ഉണങ്ങിയശേഷമേ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാവൂ.
2. ഫ്രിഡ്ജ്, അവ്ന്‍, എസി തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സര്‍വ്വീസ് ചെയ്യാന്‍ മറക്കരുത്. അതതു കമ്പനി മെക്കാനിക്കിനെ കൊണ്ടുമാത്രം ഇവ ശരിയാക്കുന്നതായിരിക്കും ഉചിതം. പുതിയ വീട്ടിലേക്ക് മാറും മുമ്പ് എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണം. ഷിഫ്റ്റ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്യാനും ഓര്‍ക്കുക.
3. പഴയ ഓട്ടുപാത്രങ്ങളും കല്ലുഭരണികളുമൊക്കെ ഭംഗി പോരെന്ന് പറഞ്ഞ് ഉപേക്ഷിക്കാന്‍ വരട്ടെ, കാണാന്‍ കൗതകമുള്ളവയും വിലപിടിപ്പുള്ളവയും ഒന്നു പൊടിതട്ടിയെടുത്ത് പോളീഷ് ചെയ്തു മിനുക്കി വീട്ടില്‍ അലങ്കാരമാക്കാം. എന്നാല്‍ തീരെ ഉപയോഗമില്ലാത്തവ ഉപേക്ഷിക്കാനും മടിക്കേണ്ടതില്ല.
4. പഴയ ബെഡ്ഷീറ്റുകളെ പാടേ അവഗണിക്കേണ്ടതില്ല, നിറം മങ്ങിയതാണെങ്കിലും കോട്ടന്‍ ഷീറ്റുകള്‍ ചതുരാകൃതിയില്‍ വെട്ടിയെടുത്താല്‍ കിച്ചന്‍ ടവ്വലാക്കി ഉപയോഗിക്കാം.
uploads/news/2018/10/253979/homelife-style041018b.jpg

പൂന്തോട്ടം ഉപേക്ഷിക്കേണ്ട


നട്ടുനനച്ചു വളര്‍ത്തിയ പൂന്തോട്ടവും അടുക്കളത്തോട്ടവും ഉപേക്ഷിക്കാന്‍ പലര്‍ക്കും മടിയായിരിക്കും. വീട് മാറ്റത്തിന് നാല് മാസം മുമ്പെങ്കിലും ചെടികള്‍ മാറ്റാനുള്ള ഒരുക്കങ്ങള്‍ നടത്തണം.
1. പുതിയതായി നടാനുദ്ദേശിക്കുന്ന ചെടിക്കമ്പുകളും വിത്തുകളും ചെടിച്ചട്ടിയില്‍ മാത്രം നടുക. പുതിയ വീട്ടിലേക്ക് മാറ്റുമ്പോള്‍ ഇവ ചട്ടിയോടെ എടുത്തുകൊണ്ടുപോകാന്‍ എളുപ്പമായിരിക്കും.
2. പുതിയ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഒരു മാസം മുമ്പ് പൂച്ചെടികള്‍ പ്രൂണ്‍ ചെയ്യാം. പുതിയ മുള പൊട്ടി ചെടി നന്നായി വളര്‍ന്നു വരും.
3. ചെടിച്ചട്ടിയോടെ ഷിഫ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തൈകള്‍ ചെറിയ പ്ലാസ് റ്റിക് കവറില്‍ നടാം. പ്രൂണ്‍ ചെയ്യുമ്പോള്‍ മുറിച്ചു മാറ്റുന്ന കമ്പുകളും ഇത്തരത്തില്‍ നടാം. വിത്തുപാകി വളര്‍ത്താവുന്നവ പ്ലാസ്റ്റിക് കവറിലോ ചെറിയ ട്രേകളിലോ വളര്‍ത്താം.
4. അടുക്കളത്തോട്ടത്തിലെ കോവലും പാവലുമൊക്കെ ഒരു മാസം മുമ്പേ മണ്ണുനിറച്ച ചെറിയ കവറുകളിലേക്ക് മാറ്റാം. പുതിയ വീട്ടിലേക്ക് മാറുമ്പോഴേക്കും ഇവ വളര്‍ന്നുതുടങ്ങിയിട്ടുണ്ടാവും.
5. വെണ്ടയ്ക്ക, തക്കാളി, വഴുതന, പയര്‍ തുടങ്ങിയവയുടെ നല്ല വിത്തുകള്‍ നോ ക്കി നേരത്തെ എടുത്തുവയ്ക്കാം. ചേന യും വാഴയും വിത്തിന് പറ്റുന്നത് നോക്കി നേരത്തെ മാറ്റിവച്ചാല്‍ മതിയാകും.

അശ്വതി അശോക്

Ads by Google
Thursday 04 Oct 2018 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW