Wednesday, June 26, 2019 Last Updated 56 Min 4 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 29 Sep 2018 02.31 PM

ശബരിമലയിലും മാറ്റം വേണം; നിയമത്തിന്റെ ദണ്ഡിന് അതിന് കഴിയുമോ! ?

uploads/news/2018/09/252634/opionin290918a.jpg

അതത് സമൂഹങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന വിപ്ലവങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുകളുണ്ടാകുകയുള്ളു. നവോത്ഥാന പ്രസ്ഥാനത്തില്‍ തുടങ്ങി പരിവര്‍ത്തന പ്രസ്ഥാനത്തിലൂടെ (റിഫര്‍മേഷന്‍ മൂവ്‌മെന്റ്) അമേരിക്കന്‍-ഫ്രഞ്ച്-റഷ്യന്‍ വിപ്ലവങ്ങള്‍വരെ എല്ലാം തന്നെ അത്തരം സ്വാതന്ത്ര്യദാഹത്തില്‍ നിന്നും നവീകരണപ്രയത്‌നങ്ങളില്‍ നിന്നും രൂപംകൊണ്ടവയാണ്.

അതുകൊണ്ടുതന്നെയാണ് ചില തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇവയൊക്കെ ഇന്നും നമ്മെ നയിക്കുന്ന ചാലകശക്തികളായി നിലകൊള്ളുന്നതും. ലോകചരിത്രത്തില്‍ മാത്രമല്ല, ഇന്ത്യയുടെ പൂര്‍വകാലങ്ങളിലേക്ക് ഊളിയിട്ടാലും ഇതൊക്കെ കാണാന്‍ കഴിയും. ബ്രാഹ്മണമതത്തിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കിയ പ്രസ്ഥാനങ്ങള്‍ മുതല്‍ മഹത്തരമായ നമ്മുടെ ജനാധിപത്യക്രമം വരെ എല്ലാം അത്തരത്തില്‍ സൃഷ്ടിക്കപ്പെട്ടതുമാണ്.

രാഷ്ട്രീയചരിത്രത്തെക്കാളും സാമുദായികചരിത്രത്തില്‍ അത്തരത്തിലുള്ള വികാസപരിണാമങ്ങള്‍ക്ക് മാത്രമേ സ്ഥായിയായി നിലനില്‍ക്കാന്‍ കഴിയുകയുള്ളു. സതിയുടെ കാര്യത്തിലായാലും അയിത്തോച്ചാടത്തിന്റെ വിഷയത്തിലായാലും അങ്ങനെയാണ് സംഭവിച്ചത്. അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു സമൂഹം വിജ്ഞാനത്തിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ടു. അതുകൊണ്ടുതന്നെ എതിര്‍ത്തവര്‍ക്കുപോലും പിന്നീട് അവയെ പിന്തുണയ്‌ക്കേണ്ടിവന്നുവെന്നത് ചരിത്രം.

എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിന് അത്തരത്തില്‍ ഒരു അവകാശവാദം ഉന്നയിക്കാന്‍ കഴിയുമോയെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കാതിരിക്കുന്ന ഇത്തരമൊരു അനാചാരം ആവശ്യമുണ്ടോയെന്ന ചോദ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത് കാലാകാലങ്ങളായി ചര്‍ച്ചചെയ്യുകയുമാണ്. പല വര്‍ഷങ്ങള്‍ ചര്‍ച്ചചെയ്തിട്ടും അക്കാര്യത്തില്‍ ഒരു സമന്വയമുണ്ടാകാത്തതും അതിനോട് സ്ത്രീകളുള്‍പ്പെടെ ഭൂരിപക്ഷം പ്രതികരിക്കാതിരുന്നതും അവര്‍ ഇപ്പോഴും അത് അനാചാരമാണെന്ന് വിശ്വസിക്കുന്നില്ലെന്നതുകൊണ്ടാണ്.

ദക്ഷിണേന്ത്യയില്‍ എന്ന് മാത്രമല്ല, ലോകത്ത് തന്നെ പ്രശസ്തങ്ങളായ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല. അതുമായി ബന്ധപ്പെട്ട് ചരിത്രപരമായ തര്‍ക്കങ്ങള്‍ പലര്‍ക്കും പലരൂപത്തിലും ഉന്നയിക്കാനുണ്ടാകാം. അതൊക്കെ അംഗീകരിക്കുന്നു. അത്തരം തര്‍ക്കങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. ഇവിടെ ഇന്നത്തെ പ്രശ്‌നം സ്ത്രീ പ്രവേശനമാണ്. അതിന് അനുമതി നല്‍കികൊണ്ട് സുപ്രീംകോടതി ഇന്നലെ വിധി പ്രഖ്യാപിച്ചു.

സുപ്രീംകോടതിയുടെ വിധിയെ ചരിത്രപരമെന്ന് തന്നെ വിശേഷിപ്പിക്കാം. എന്തെന്നാല്‍ ഭരണഘടനയുടെ അന്തസത്തയ്ക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ഇവിടെ നിലനിന്ന വിവേചനം അവസാനിപ്പിച്ചു. നിയമപരമായി അത് നൂറ്റിപ്പത്ത് ശതമാനം ശരിയുമാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയെന്നതുകൊണ്ട് മാനം ഇടിഞ്ഞുവീഴാനൊന്നും പോകുന്നുമില്ല. എന്നാല്‍ ഇവിടുത്തെ പ്രശ്‌നം അതല്ല. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ചില വിശ്വാസങ്ങളുണ്ട്. അത് ഒറ്റ വിധികൊണ്ടോ, നിയമത്തിന്റെ ദണ്ഡുകൊണ്ടോ മാറ്റാന്‍ കഴിയില്ല. അതിന് വേണ്ടത് മനസുകളെ പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ്. അതുകൊണ്ടുതന്നെ ഈ വിധിയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ആശങ്കളും നിലനില്‍ക്കുന്നുണ്ട്.

സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന വിഭാഗം പറയുന്ന അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യകഥയൊന്നും നമുക്ക് വിശ്വസിക്കേണ്ടതില്ല. എന്നാല്‍ അവിടെ പ്രസക്തമായ ചില കാര്യങ്ങളുണ്ട്. ശബരിമല യാത്ര ഇന്ന് വളരെയധികം ലഘൂകരിക്കപ്പെട്ടെങ്കിലും ഒരുകാലത്ത് ഏറ്റവും കഠിനമായ യാത്രയായിരുന്നു. മലകയറി ശാസ്താവിനെ കാണാന്‍ എത്തുകയെന്നത് അതികഠിനമായിരുന്നു. അത് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരുന്നു. അതുകൊണ്ടായിരിക്കാം സ്ത്രീകള്‍ അവിടെ എത്തുന്നത് തടഞ്ഞിരുന്നത്. ഈ പ്രകൃതിയില്‍ ഓരോ ജീവിയേയും നിര്‍മ്മിച്ചിരിക്കുന്നത് സവിശേഷമായ ശരീരഘടനയോടുകൂടിയാണ്. എത്രയൊക്കെ ഒന്ന് മറ്റൊന്നാകണമെന്ന് അവകാശപ്പെട്ടാലും ഈ പ്രത്യേകതകള്‍ ഉണ്ടാകും. മാനസികമായി സ്ത്രീക്ക് കരുത്ത് ഏറുമ്പോള്‍ ശാരീരികമായി അതുള്ളത് പുരുഷനാണ്. അങ്ങനെയാണ് സൃഷ്ടി പുരുഷനെയും സ്ത്രീയേയും തുല്യരാക്കിയത്.

മലകയറുമ്പോള്‍ ഉള്ള ആ പ്രതിസന്ധിയൊക്കെ പഴയകാലം. ഇപ്പോള്‍ എല്ലാം മാറിയിരിക്കുന്നു. മലകയറ്റം കുറേക്കൂടി സുഗമമായിരിക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് അവിടെ പോകാന്‍ തടസവുമില്ല. അതുകൊണ്ട് അതാകാം. എന്നാല്‍ ഒരു തിട്ടൂരത്തിലൂടെ അത് നടക്കുമ്പോഴുള്ള പ്രശ്‌നങ്ങളാണ് ഇവിടെയുള്ളത്. അത് മറികടക്കാന്‍ ബോധവല്‍ക്കരണമാണ് വേണ്ടത്.
ഈ വിധിക്ക് സാമൂഹികമായി പല പ്രത്യാഘാതങ്ുളുമുണ്ട്. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വന്നുപോകുന്ന ശബരിമലയില്‍ സ്ത്രീകള്‍ കൂടി എത്തിപ്പെടുമ്പോള്‍ ഉണ്ടാകാവുന്ന സാമൂഹിക, സുരക്ഷാപ്രശ്‌നങ്ങളാണ് അതില്‍ പ്രധാനം. അത് മറികടക്കുകയെന്നത് ഒരു സര്‍ക്കാരിനെ സംബന്ധിച്ചായാലും ഏറെ ദുഷ്‌ക്കരമാണ്. അതുകൊണ്ടുതന്നെ അതുണ്ടാക്കാന്‍ പോകുന്ന സാമൂഹികപ്രത്യാഘാതം വലുതായിരിക്കും.

എന്നാല്‍ അതിലുപരി ഇതിന്റെ മറ്റൊരുവശം സാമ്പത്തികമാണ്. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. അവിടെ ഓരോ വര്‍ഷവും ഇത്രയധികം ഭക്തര്‍ വരുന്നതുതന്നെ അവിടെ നിലനില്‍ക്കുന്ന പ്രത്യേകതരം ആചാരങ്ങള്‍ കൊണ്ടാണ്. വര്‍ഷത്തില്‍ ചില സമയങ്ങളില്‍ മാത്രം നടതുറക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടുതന്നെ അയ്യനെകാണാന്‍ കാത്തിരുന്ന് കാത്തിരുന്നാണ് എല്ലാവരുംഎത്തുന്നത്. അതുതന്നെയാണ് പ്രത്യേകതയും.

മാത്രമല്ല, എല്ലാ സ്ത്രീകളെ അനുവദിക്കുന്നില്ലെന്ന പ്രത്യേകതയും. ഈ വിധിയോടെ ശബരിമലയും മറ്റേതൊരു ക്ഷേത്രത്തേയും പോലെയായിത്തീരുന്നു. അതുകൊണ്ടുതന്നെ ഇനി സീസണ്‍ വേണമോയെന്ന കാര്യത്തിലും ചര്‍ച്ചയാകാവുന്നതാണ്. ഈ വിധിയോടെ ശബരിമലയുടെ പ്രാധാന്യംകുറയുമെന്നതില്‍ തര്‍ക്കമില്ല. നമ്മുടെ ഭരണകൂടങ്ങള്‍ ചിന്തിക്കുന്നതുപോലെ ഇനി ശബരിമലയില്‍ മുമ്പുണ്ടായിരുന്ന തിരക്ക് ഉണ്ടാകണമെന്നില്ല. അത് കുറയുകതന്നെചെയ്യും എന്നതില്‍ തര്‍ക്കമില്ല. എന്തെന്നാല്‍ മറ്റേതൊരു ക്ഷേത്രത്തേയും പോലൊയായിരിക്കുന്നു ഇന്നുമുതല്‍ ശബരിമലയും.

സുപ്രീംകോടതിവിധി പ്രഖ്യാപിച്ചെങ്കിലും നമ്മുടെ സമൂഹം ഇപ്പോഴും അത് സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിട്ടില്ല. നമ്മുടെ സ്ത്രീസമൂഹം ഇപ്പോഴും അന്‍പത് വയസുവരെ കാത്തിരുന്ന് മലകയറാന്‍ തയാറാണെന്ന നിലപാടിലാണുളളത്. എന്നാല്‍ ഈ വിധി ഒന്നോ രണ്ടോ ദശകങ്ങള്‍ കഴിയുമ്പോള്‍ അടുത്തതലമുറയെ ഈ നിലയിലേക്ക് മാറ്റിയേക്കാം. പക്ഷേ അതും നിയമത്തിന്റെ ചാട്ടവാറുകൊണ്ട് നടത്താനാവില്ല. അതിന് വേണ്ടത് ബോധവല്‍ക്കരണമാണ്. അതുകൊണ്ടുതന്നെ ശബരിമലയെ തകര്‍ക്കാനുള്ള ചില ഗൂഢനീക്കം ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്നിലുണ്ട് എന്ന സംശയം ചില കോണുകളില്‍ നിന്നും ഉയരുന്നുമുണ്ട്.

എന്തായാലും ഒരു പുതിയ ദിശയിലേക്കാണ് ഈ വിധി നമ്മെനയിക്കുന്നത്. അത് നല്ലതിനാകട്ടെ. ഈ വിധിയിലൂടെ നാം സ്വയം പരിവര്‍ത്തനപ്പെട്ട് പുതിയ സമൂഹമായി മാറുമെന്ന് വിശ്വസിക്കാം. ആചാരങ്ങള്‍ക്കെതിരെ വിപ്ലവങ്ങളല്ല, പരിവര്‍ത്തനങ്ങളാണ് വേണ്ടത്. ആ ദിശയില്‍ ജസ്റ്റീസ് ഇന്ദുമല്‍ഹോത്രയുടെ വിയോജനകുറിപ്പ് വളരെ പ്രസക്തവുമാണ്. ആചാരങ്ങളെ നിയമത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നതില്‍ അര്‍ത്ഥമില്ല.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 29 Sep 2018 02.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW