Friday, November 23, 2018 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 27 Sep 2018 12.25 PM

എനിക്കെല്ലാം സിനിമയാണ്, എന്റെ ചലച്ചിത്ര ജീവിത വിജയത്തില്‍ ശ്രീനിവാസന് അതിപ്രധാനമായ പങ്കുണ്ട്; സത്യന്‍ അന്തിക്കാട് തുറന്നു പറയുന്നു

''സര്‍ഗാത്മകതയുടെ ദീപ്ത തലങ്ങളിലൂടെ അനായാസം സഞ്ചരിക്കുന്ന സത്യന്‍ അന്തിക്കാട് തിരക്കഥാ രചനയിലും ഗാനരചനയിലും നൈസര്‍ഗികമായൊരു ശൈലി സ്വായത്തമാക്കിയ അനുഗ്രഹീത സംവിധായകനാണ്.''
uploads/news/2018/09/252034/CiniINWSathyananthikad270918a.jpg

കാര്‍ഷികസംസ്‌കൃതിയുടെ നന്മകള്‍ പെയ്തിറങ്ങുന്ന ഓണക്കാലം സത്യന്‍ അന്തിക്കാടിന്റെ മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്താറുണ്ട്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഗ്രാമസംസ്‌കൃതിയുടെ അനുരണനങ്ങള്‍ നിറയുന്ന ഇതിവൃത്തമാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ക്ക് ചാരുതയേകുന്നത്.

ജീവിതഗന്ധിയായ കഥകള്‍ക്ക് പിറവി നല്‍കുമ്പോഴും ഓണനിലാവിന്റെ സൗന്ദര്യം സത്യന്‍ സിനിമകളില്‍ കുടുംബ ബന്ധങ്ങളുടെ സുദൃഡത കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ്.

സത്യന്റെ പുതിയ ചിത്രമായ ഞാന്‍ പ്രകാശന്റെ സെറ്റിലാണ്. അതിനാവട്ടെ ഇരട്ടി മധുരമാണ്. കാരണം സത്യന്‍ സംവിധായകന്റെ മേലങ്കിയണിഞ്ഞിട്ട് 36 വര്‍ഷം പിന്നിടുന്നു. യാതൊരുവിധ ബഹളങ്ങള്‍ക്കും കാതോര്‍ക്കാതെ കുടുംബസദസുകളുടെ ഹൃദയം കവര്‍ന്നാണ് സത്യന്‍ ചലച്ചിത്രപ്രയാണം തുടരുന്നത്. കുടുംബകഥകളിലൂടെയാണ് സത്യന്‍ തന്റേതായ ഇടം കണ്ടെത്തിയത്. കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങിയ യാത്ര ഇപ്പോള്‍ ഞാന്‍ പ്രകാശനില്‍ എത്തിനില്‍ക്കുന്നു.

സര്‍ഗാത്മകതയുടെ ദീപ്ത തലങ്ങളിലൂടെ അനായാസം സഞ്ചരിക്കുന്ന സത്യന്‍ അന്തിക്കാട് തിരക്കഥാ രചനയിലും ഗാനരചനയിലും നൈസര്‍ഗികമായൊരു ശൈലി സ്വായത്തമാക്കിയ അനുഗ്രഹീത സംവിധായകനാണ്. ഗാനരചയിതാവായും അസിസ്റ്റന്റ് ഡയറക്ടറായും അസോസോഷ്യേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുമ്പോഴും സത്യന്റെ മനസില്‍ സിനിമ ഒരാവേശമായി പടര്‍ന്നു.

ശ്രീനിവാസനെന്ന ആത്മസുഹൃത്തിലൂടെ ഒട്ടേറെ സിനിമകള്‍ക്ക് പിറവി നല്‍കിയ സത്യന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തോടെ ശ്രീനിവാസനുമായി ബോധപൂര്‍വമായൊരു അകലം പാലിക്കുകയായിരുന്നു.

സത്യനും ശ്രീനിയും തങ്ങളുടേതായ വഴികളില്‍ സിനിമയില്‍ സജീവമായി നിലകൊള്ളുകയും ചെയ്തു. 12 വര്‍ഷത്തിനുശേഷം ശ്രീനിവാസന്റെ രചനയില്‍ ഞാന്‍ പ്രകാശനെന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ ആഹ്‌ളാദം സത്യന്‍ മറച്ചുവയ്ക്കുന്നില്ല. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ മകന്‍ അഖില്‍ സത്യനാണ് അസിസ്റ്റന്റ് ഡയറക്ടര്‍.

uploads/news/2018/09/252034/CiniINWSathyananthikad270918.jpg

? ജോമോന്റെ സുവിശേഷങ്ങള്‍ക്കുശേഷമുള്ള ഞാന്‍ പ്രകാശനെക്കുറിച്ച്...?


നമ്മുടെ നാട്ടില്‍ കാണുന്ന അപൂര്‍വം ചില ചെറുപ്പക്കാരില്‍ ഒരാളാണ് പ്രകാശന്‍. പാരയും കുശുമ്പും അസൂയയുമുള്ള ചെറുപ്പക്കാരന്‍. ബി.എസ്‌സി. നഴ്‌സിങ് കഴിഞ്ഞ പ്രകാശന് പഴയതിനോടൊന്നും മമതയില്ല. പ്രകാശനെന്ന പേരുപോലും പഴഞ്ചനാണെന്ന് കരുതി ആകാശ് എന്ന് പേരുമാറ്റി ഗസറ്റില്‍ പബ്ലീഷ് ചെയ്ത ചെറുപ്പക്കാരന്‍.

നാട്ടിന്‍പുറത്ത് ഒരാള്‍ക്ക് സാമ്പത്തികമുണ്ടായാല്‍ മോശമായ വഴിയിലൂടെ പണമുണ്ടാക്കിയെന്ന് പ്രചരിപ്പിക്കുന്ന ചെറുപ്പക്കാരുണ്ട്. ഒരാള്‍ വഴി ചോദിച്ചാല്‍ വഴി തെറ്റി പറഞ്ഞുകൊടുത്ത് സന്തോഷിക്കുന്നവരുമുണ്ട്. ഇത്തരം സ്വഭാവമുള്ള ചെറുപ്പക്കാരനാണ് പ്രകാശന്‍.

? ജോമോന്റെ സുവിശേഷത്തില്‍ ദുല്‍ഖറിനെയാണ് നായകനാക്കിയതെങ്കില്‍ ഞാന്‍ പ്രകാശനില്‍ ഫഹദ് ഫാസിലാണ് നായകന്‍. ചെറുപ്പക്കാരോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ജനറേഷന്‍ ഗ്യാപ്പില്ലേ?


ഒരിക്കലുമില്ല. ചെറുപ്പക്കാരുടെ കൂടെ സിനിമ ചെയ്യുന്നത് ഒരനുഭവംതന്നെയാണ്. ദുല്‍ഖറും നിവില്‍ പോളിയും ഫഹദും എനിക്കിഷ്ടപ്പെട്ട താരങ്ങളാണ്. ഇവരെ നായകരാക്കി സിനിമ ചെയ്യുമ്പോള്‍ ഞാനും അവരോടൊപ്പം എത്തുകയാണ്. അതുകൊണ്ടുതന്നെ ജനറേഷന്‍ ഗ്യാപ്പ് ഫീല്‍ ചെയ്യുന്നില്ല.

ദുല്‍ഖറിനെയും ഫഹദിനെയും നായകരാക്കി സിനിമ ചെയ്യുമ്പോള്‍ ഇവരുമായുള്ള ബന്ധം മാത്രമല്ല മമ്മൂട്ടിയും ഫാസിലുമായുള്ള ബന്ധവും പ്രധാനമാണ്. സുഹൃത്തുക്കളുടെ മക്കളെ നായകരാക്കി സിനിമ ചെയ്യുന്നുവെന്ന സംതൃപ്തികൂടി എനിക്കുണ്ട്. മാത്രമല്ല എന്റെ മകന്‍ അഖിലും അസിസ്റ്റന്റ് ഡയറക്ടറായി എന്റെ കൂടെയുണ്ട്.

? ഇന്ത്യന്‍ പ്രണയകഥയ്ക്കുശേഷം ഫഹദ് ഫാസില്‍ ഞാന്‍ പ്രകാശനിലൂടെ വീണ്ടും നായകനാവുന്നു. യഥാര്‍ഥത്തില്‍ ഫഹദിനുവേണ്ടി സൃഷ്ടിച്ച കഥാപാത്രമാണോ പ്രകാശന്‍....?


സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഞാനും ശ്രീനിവാസനും ഡിസ്‌കഷന്‍ നടത്തിയിരുന്നു. പ്രകാശന്റെ സ്വഭാവസവിശേഷതകള്‍ എന്റെ മനസിനെയും സ്പര്‍ശിച്ചു. ഒരു ഇന്ത്യന്‍ പ്രണയകഥയിലൂടെ ഫഹദ് ഫാസില്‍ ഒരുപാട് സാധ്യതകളുള്ള ടാലന്റുള്ള അഭിനേതാവാണെന്ന് ഞാന്‍ മനസിലാക്കി. അതുകൊണ്ടുതന്നെ കുശുമ്പും പൊങ്ങച്ചവുമുള്ള നാട്ടിന്‍പുറത്തുകാരനായ പ്രകാശനായി തുടക്കത്തില്‍ തന്നെ എന്റെ മനസിലേക്ക് കടന്നുവന്നത് ഫഹദായിരുന്നു. ഞാന്‍ മനസില്‍ കണ്ട പ്രകാശനായി മാറാന്‍ ഫഹദിന് കഴിഞ്ഞിട്ടുണ്ട്.
uploads/news/2018/09/252034/CiniINWSathyananthikad270918b.jpg

? ആത്മസുഹൃത്തായ ശ്രീനിവാസനുമായി ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുകയാണല്ലോ...?


അതെ, പന്ത്രണ്ടു വര്‍ഷത്തിനുശേഷം... ഇപ്പോള്‍ ഞാനും ശ്രീനിവാസനും ഒന്നിക്കേണ്ട സമയമായെന്ന് തോന്നി. വളരെ ഫ്രഷായാണ് ഞങ്ങള്‍ സിനിമ ചെയ്യുന്നത്. ഗഹനമായ കഥകളിലൂടെ കടന്നുചെല്ലാതെ നമ്മുടെ ചുറ്റും കാണുന്ന സാധാരണക്കാരന്റെ കഥയായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് നാട്ടിന്‍പുറത്തെ ചെറുപ്പക്കാരന്റെ കഥ ഹ്യൂമറിലൂടെ പറയാമെന്ന് തീരുമാനിച്ചത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ച ചിത്രങ്ങളിലെ ഹ്യൂമര്‍ പ്രേക്ഷകര്‍ ഒരുപാട് ആസ്വദിച്ചതാണ്. അന്ന് മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നെങ്കില്‍ ഇന്ന് ശ്രീനിവാസനും ഫഹദ് ഫാസിലുമാണ് ഞാന്‍ പ്രകാശനിലൂടെ പ്രേക്ഷകരുടെ മുന്നില്‍ ഹ്യൂമറിന് തിരികൊളുത്തുന്നത്. ഉദയനാണ് താരത്തിനുശേഷം ശ്രീനിവാസന്‍ ചെയ്യുന്ന കോമഡി ക്യാരക്ടറാണ് ഈ ചിത്രത്തിലേത്.

? സത്യന്‍ അന്തിക്കാടെന്ന സംവിധായകന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന നൂറുകണക്കിന് കുടുംബപ്രേക്ഷകരെ മുന്നില്‍ കണ്ടാണോ ഓരോ സിനിമകളും ചെയ്യുന്നത്...?


എന്റെ സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകരുണ്ട്. ഞാനും ശ്രീനിവാസനും എപ്പോഴാണ് വീണ്ടും ഒന്നിക്കുന്നതെന്ന് ചോദിക്കുന്നവരും അടുത്ത സിനിമ എപ്പോള്‍ തുടങ്ങുമെന്നറിയാനുള്ള ആകാംക്ഷയുള്ളവരും ഇവിടെയുണ്ട്. ഹ്യൂമറിന് പ്രാധാന്യമുള്ള സിനിമയെന്ന് പറയുമ്പോള്‍ വെറുതെയുള്ള ഹ്യൂമറല്ല മറിച്ച് നമ്മുടെ കുടുംബജീവിതത്തിനിടയിലുണ്ടാവുന്ന നമ്മള്‍പോലുമറിയാത്ത അറിയാതെ ചിരിച്ചുപോവുന്ന ഹ്യൂമറിന്റെ സന്ദര്‍ഭങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

എന്റെ സിനിമകള്‍ കാണാന്‍ പ്രതീക്ഷയോടെ തീയറ്റുകളിലെത്തുന്ന പ്രേക്ഷകരെ ഞാനൊരിക്കലും നിരാശപ്പെടുത്താറില്ല. കാരണം, എന്റെ സിനിമകള്‍ കാണാന്‍ ഭാര്യയും മക്കളുമൊത്താണ് ഞാന്‍ തീയറ്ററിലെത്താറുള്ളത്. അതുകൊണ്ട് കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകളാണ് ഞാന്‍ ചെയ്യാറുള്ളത്. എന്റെ സിനിമ കാണാന്‍ തീയറ്ററുകളിലെത്തുന്ന പ്രേക്ഷകരെ ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നു.

? സന്ദേശം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിട്ടു. ടെലിവിഷന്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളില്‍ ഈ ചിത്രത്തിലെ സീക്വന്‍സുകള്‍ ചേര്‍ക്കാറുണ്ട്. സന്ദേശത്തിന്റെ ജനകീയതയെ എങ്ങനെ വിലയിരുത്തുന്നു...?


സത്യം പറഞ്ഞാല്‍ സന്ദേശം ചെയ്യുമ്പോള്‍ ഇത്ര ജനശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സന്ദേശം മുന്നോട്ടുവെച്ച ആശയം ഇന്നും പ്രസക്തമാണ്. 26 വര്‍ഷം മുമ്പ് കേരളത്തിലെ പൊളിറ്റിക്‌സ് കൃത്യമായി നിരീക്ഷിച്ചവെന്നത് സത്യമാണെന്ന് കാലം തെളിയിക്കുന്ന ചിത്രമാണ് സന്ദേശം.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാല്‍ ചിത്രത്തില്‍ ശങ്കരാടി പറയുന്നതുപോലെ അഭിപ്രായം പറയുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ രാഷ്ട്രീയത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അഴിമതിക്കാരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. മാത്രമല്ല അഴിമതി അലങ്കാരമായി കൊണ്ടുനടക്കുന്നതില്‍ ആര്‍ക്കും മടിയില്ലാതായിരിക്കുന്നു.

uploads/news/2018/09/252034/CiniINWSathyananthikad27091.jpg

? രാഷ്ട്രീയം ഉപജീവനമാര്‍ഗമാക്കരുതെന്ന സന്ദേശമാണല്ലോ ഒരു ഇന്ത്യന്‍ പ്രണയകഥയിലൂടെ സൂചിപ്പിക്കുന്നത്...?


ജോലിയെന്താണെന്ന് ഒരാളോട് ചോദിച്ചാല്‍ ഡോക്ടറാണ്, എന്‍ജിനീയറാണ്, ബാങ്ക് ഉദ്യോഗസ്ഥനാണ്, കൂലിപ്പണിയാണ് എന്ന് സൂചിപ്പിക്കന്നതുപോലെ രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് പറയുന്നവരുണ്ട്. രാഷ്ട്രീയം ഉപജീവനമാര്‍ഗമല്ലെന്നും എന്തെങ്കിലും ജോലി ചെയ്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന സന്ദേശവും ഒരു ഇന്ത്യന്‍ പ്രണയകഥ നല്‍കുന്നുണ്ട്.

? തിരിഞ്ഞുനോക്കുമ്പോള്‍ ...?


നിറഞ്ഞ സംതൃപ്തി. 36 വര്‍ഷം കഴിഞ്ഞെന്ന് തോന്നുന്നില്ല. എനിക്കെല്ലാം സിനിമയാണ്. സിനിമയല്ലാതെ മറ്റൊരു ജീവിതം എനിക്കില്ല. എന്റെ മക്കളും സഹസംവിധായകരായി സിനിമയിലുണ്ട്. യഥാര്‍ഥത്തില്‍ സിനിമയെന്നത് എന്റെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന ഫയറാണ്.

എന്റെ വിജയത്തിലെ വലിയൊരു പങ്ക് ശ്രീനിവാസന്‍: സത്യന്‍ അന്തിക്കാട്


ടി.പി. ബാലഗോപാലന്‍ എം.എ. മുതല്‍ 15 സിനിമകളിലാണ് ഞാനും ശ്രീനിവാസനും ഒന്നിച്ചത്. ഞാനും ശ്രീനിവാസനും തമ്മിലുള്ള മാനസികമായ ഐക്യം പ്രധാനമാണ്. ആശയപരമായ പൊരുത്തമാണ് ഞങ്ങെള മുന്നോട്ടു നയിക്കുന്നത്. ഒരു വിഷയത്തില്‍ മാത്രം പിടിവാശി കാണിക്കാതെ പരസ്പരം ചര്‍ച്ച ചെയ്താണ് സിനിമ ചെയ്യുന്നത്.

ഈഗോയില്ലാതെ എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. ഞങ്ങളുടെ സിനിമകളെന്നത് ചിരിയും ചിന്തയുമുണര്‍ത്തുന്നതാണ്. ശ്രീനിവാസന്റെ രചനാപരമായ കഴിവ് എന്റെ സിനിമകള്‍ക്ക് ഊര്‍ജംപകരാറുണ്ട്. എന്റെ ചലച്ചിത്ര ജീവിത വിജയത്തില്‍ ശ്രീനിവാസന് അതിപ്രധാനമായ പങ്കുണ്ട്.

പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വളരെ ഫ്രഷായാണ് ഞാനും ശ്രീനിവാസനും ഒന്നിച്ച് ഞാന്‍ പ്രകാശന്‍ ചെയ്യുന്നത്. നിറഞ്ഞ മനസോടെ പ്രേക്ഷകര്‍ ഞാന്‍ പ്രകാശനെ സ്വീകരിക്കുമെന്ന ആത്മവിശ്വാസമാണ് എനിക്കും ശ്രീനിവാസനുമുള്ളത്.

എം.എസ്. ദാസ് മാട്ടുമന്ത & സുരേഷ് കുനിശേരി

Ads by Google
Ads by Google
Loading...
TRENDING NOW