Tuesday, August 21, 2018 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 21 Aug 2016 01.49 AM

ഉസൈന്‍ ബോള്‍ട്ട്‌ : ട്രിപ്പിള്‍, ചരിത്രം, ഇതിഹാസം

uploads/news/2016/08/25177/a2108s.jpg

റിയോ ഡി ജനീറോ: ഇതി ഇതുപോലെരു ഇതിഹാസ താരം ഒളിമ്പിക്‌സില്‍ പിറക്കുമോ? മനുഷ്യസാധ്യമാണോ ഈ റെക്കോഡുകള്‍ തകര്‍ക്കുകയെന്നത്‌? നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന ചരിത്രനേട്ടം കുറിച്ച്‌ ട്രാക്കിലെ ഇതിഹാസ താരം ഒളിമ്പിക്‌സിനോടു വിടപറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട്‌ ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം സ്വര്‍ണം നേടിയതോടെയാണ്‌ ട്രിപ്പിള്‍ ട്രിപ്പിള്‍ നേട്ടത്തോടെ ബോള്‍ട്ട്‌ ചരിത്രം കുറിച്ചത്‌. 37:27 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ്‌ ജമൈക്കന്‍ ടീം സ്വര്‍ണം നേടിയത്‌.
റിയോ ഡി ജനീറോയിലെ അത്‌ലറ്റിക്‌ സ്‌റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്‌ ഐതിഹാസികമായ ഒരേടിനാണ്‌. കഴിഞ്ഞ രണ്ട്‌ ഒളിമ്പിക്‌സിലും ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയെത്തിയ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്‌ 4-100 മീറ്റര്‍ റിലേയില്‍ മത്സരിക്കാനൊരുങ്ങുന്നു.
റിയോയില്‍ ഇക്കുറി 100, 200 മീറ്ററുകളില്‍ എതിരില്ലാതെ കുതിച്ച ബോള്‍ട്ടിന്റെ നേട്ടം കണ്‍നിറയെ കാണാന്‍ ഗാലറിയില്‍ ആരാധകര്‍ ഇരമ്പിക്കയറി. ബോള്‍ട്ട്‌ ബോള്‍ട്ട്‌ വിളികള്‍ക്കിടയില്‍ ട്രാക്കില്‍ തനിക്ക്‌ എതിരാളികള്‍ പിറക്കാനിരിക്കുന്നതേയുള്ളെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ച്‌ ഉസൈന്‍ ബോള്‍ട്ട്‌ എന്ന ഇതിഹാസം ആ ചരിത്രനേട്ടം സ്വന്തമാക്കി.
2008 ബെയ്‌ജെങിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 100 മീറ്റര്‍, 200 മീറ്റര്‍, 4-100 മീറ്ററില്‍ ട്രിപ്പിള്‍ തികച്ച ബോള്‍ട്ട്‌ റിയോയിലും അജയ്യനായാണ്‌ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയത്‌. സീസണിലെ മികച്ച സമയമാണ്‌ ബോള്‍ട്ടിന്റെ നേതൃത്വത്തിലിറങ്ങിയ ജമൈക്കന്‍ ടീം സ്വന്തമാക്കിയത്‌.
37.60 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ജപ്പാന്‍ വെള്ളി നേടി. ഇതാദ്യമായാണ്‌ ഒരേഷ്യന്‍ ടീം റിലേയില്‍ വെള്ളി നേടുന്നത്‌. മെഡല്‍ പ്രതീക്ഷയുമായി എത്തിയ അമേരിക്കയെ ബാറ്റണ്‍ കൈമാറുന്നതിലെ പിഴവിനെത്തുടര്‍ന്ന്‌ അയോഗര്യാക്കിയപ്പോള്‍ കാനഡ അപ്രതീക്ഷിതമായി വെങ്കലം സ്വന്തമാക്കി.
100 മീറ്ററിലെ വെങ്കലമെഡല്‍ ജേതാര്‌ ഡി ഗ്രേസെ ഉള്‍പ്പെട്ട കാനഡ ടീം 37.64 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
2008 ബെയ്‌ജിങില്‍ ആരംഭിച്ച ബോള്‍ട്ടിന്റെ സ്വര്‍ണ വേട്ട റിലേ വിജയത്തോടെ ഒമ്പതായി ഉയര്‍ന്നു. റിയോ തന്റെ അവസാന ഒളിമ്പിക്‌സാണെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുമെന്ന്‌ കഴിഞ്ഞ ദിവസം ബോള്‍ട്ട്‌ പറഞ്ഞിരുന്നു.
ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യന്‍ റിലേ ടീമിനെ ഹീറ്റ്‌സില്‍ തന്നെ അയോഗ്യരാക്കി. മലയാളി താരങ്ങളായ മുഹമ്മദ്‌ കുഞ്ഞ്‌, മുഹമ്മദ്‌ അനസ്‌, തമിഴ്‌നാട്‌ താരങ്ങളായ ധരുണ്‍ അയ്യസ്വാമി, ആരോക്യ രാജീവ്‌ എന്നിവരാണ്‌ മത്സരിച്ചത്‌.
3:02.24 എന്ന സമയത്തില്‍ ഏഴാമതായി ഇവര്‍ മത്സരം പൂര്‍ത്തിയാക്കിയെങ്കിലും ബാറ്റണ്‍ കൈമാറുന്നതിലെ പിഴവിനെത്തുടര്‍ന്ന്‌ പിന്നീട്‌ അയോഗ്യരാക്കുകയായിരുന്നു. ആങ്കര്‍ റോളില്‍ ഓടിയ ധരുണ്‍ ആരോക്യ രാജീവും തമ്മിലുള്ള ബാറ്റണ്‍ കൈമാറ്റത്തിലെ പിഴവാണ്‌ വിനയായത്‌.
വനിതകളുടെ 4ത100 മീറ്റര്‍ റിലേയില്‍ ജമൈക്കയെ പിന്നിലാക്കി അമേരിക്ക സ്വര്‍ണം തിരിച്ചു പിടിച്ചു. 41.01 സെക്കന്‍ഡ്‌ സമയത്തിലാണ്‌ അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്‌.
സ്‌പ്രിന്റ്‌ ഡബിള്‍ നേടിയ എലെയ്‌ണ്‍ തോംപ്‌സണ്‍, മുന്‍ ചാമ്പ്യന്‍ ഷെല്ലി ആന്‍ ഫ്രേസര്‍ എന്നിവരടങ്ങിയ ജമൈക്കന്‍ ടീമിന്‌ 41.36 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്യാനേ കഴിഞ്ഞുള്ളു. ബ്രിട്ടന്‍ വെങ്കലം സ്വന്തമാക്കി. ഇതോടെ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണമണിഞ്ഞ എലെയ്‌ല്‍ തോംപ്‌സണ്‌ ട്രിപ്പില്‍ സ്വര്‍ണമെന്ന നേട്ടം നഷ്‌ടമായി.
ഈ വിഭാഗത്തിലും ഇന്ത്യന്‍ ടീം നിരാശപ്പെടുത്തി. ഹീറ്റ്‌സില്‍ ഏഴാമതായ ഇന്ത്യക്ക്‌ ഫൈനലിലേക്ക്‌ യോഗ്യത നേടാന്‍ പോലും കഴിഞ്ഞില്ല. മലയാളി താരം ടിന്റു ലൂക്ക, അനില്‍ഡ തോമസ്‌, കര്‍ണാടകയുടെ എം.ആര്‍. പൂവമ്മ, ഹരിയാനയുടെ നിര്‍മല എന്നിവര്‍ അണിനിരന്ന ഇന്ത്യന്‍ ടീം 3:29:33 എന്ന സമയത്തിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌.

Ads by Google
Sunday 21 Aug 2016 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW