Wednesday, June 26, 2019 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
ബ്ലെസന്‍ ജോയി
Wednesday 26 Sep 2018 02.21 AM

പേമാരി തകര്‍ത്ത സൂര്യന്‌ കുടുംബം പോറ്റിയേ പറ്റൂ

uploads/news/2018/09/251686/opininostory260918.jpg

കത്തിജ്വലിക്കുന്ന സൂര്യനു കീഴില്‍, ഉരുള്‍പൊട്ടലിന്റെ ശേഷിപ്പായ മണ്‍കൂനയിലൊരു പ്ലാസ്‌റ്റിക്‌ മേശയിട്ട്‌ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണു മറ്റൊരു സൂര്യന്‍. മിഠായിയും ബിസ്‌കറ്റും സോഡയും നാരങ്ങാവെള്ളവുമായി, വല്ലപ്പോഴുമെത്തുന്ന ബസ്‌ യാത്രികരെ കാത്തുനില്‍ക്കുന്ന സൂര്യന്‍ (58) ഇടുക്കി രാജകുമാരിക്കടുത്ത്‌, ഉരുളെടുത്ത പന്നിയാര്‍കുട്ടിയെന്ന കുടിയേറ്റഗ്രാമത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌.

മൂന്നരപ്പതിറ്റാണ്ട്‌ മുമ്പ്‌, വില്ലീസ്‌ ജീപ്പുകളും അപൂര്‍വമായി ബസുകളും ഓടിയിരുന്ന കാലത്ത്‌, റോഡരികില്‍ തടികൊണ്ടു നിര്‍മിച്ച കെട്ടിടത്തിലാരംഭിച്ച പലചരക്ക്‌ കച്ചവടമാണു സൂര്യന്റെയും കുടുംബത്തിന്റെയും പട്ടിണിയകറ്റിയത്‌.

പിന്നീട്‌, പത്രങ്ങളുടെ ഏജന്‍സിയും സ്‌റ്റേഷനറിയും തുണിത്തരങ്ങളും പാത്രങ്ങളുമൊക്കെയായി തരക്കേടില്ലാതെ വ്യാപാരം പുഷ്‌ടിപ്പെട്ടു. എന്നാല്‍, കഴിഞ്ഞമാസമുണ്ടായ പേമാരിയും ഉരുള്‍പൊട്ടലും മൂന്നേമൂന്നു ദിവസംകൊണ്ട്‌ എല്ലാം തകര്‍ത്തു. കഴിഞ്ഞ ഓഗസ്‌റ്റ്‌ 13-നാണ്‌ റോഡിന്‌ എതിരേയുള്ള മലയില്‍ ഉരുള്‍പൊട്ടിയത്‌.

അന്നു കടയ്‌ക്കു മുന്നില്‍ പതിച്ച മണ്ണും ചെളിയും ജെ.സി.ബി. കൊണ്ടു നീക്കം ചെയ്‌തു. 15-നു വീണ്ടും ഉരുള്‍പൊട്ടിയതോടെ കുറച്ചു സാധനങ്ങള്‍ അടുത്ത കെട്ടിടത്തിലേക്കു മാറ്റി. 17-ന്‌ ഉച്ചയ്‌ക്കായിരുന്നു ഭീകരമായ ഉരുള്‍പൊട്ടല്‍. അതോടെ കടയിരുന്ന കെട്ടിടമപ്പാടെ കൂലംകുത്തിയൊഴുകുന്ന പന്നിയാര്‍ പുഴയില്‍ പതിച്ചു. 10 സെന്റ്‌ കൈവശഭൂമിയും ഒലിച്ചുപോയി. അടുത്തുണ്ടായിരുന്ന മറ്റു കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു.

എസ്‌ വളവിനു സമീപം സൂര്യന്റെ പുരയിടത്തിലെ കുരുമുളകും ജാതിയും ഉള്‍പ്പെടെയുള്ള കൃഷി പൂര്‍ണമായി നശിച്ചു. മണ്ണിടിച്ചിലില്‍ വീടും അപകടാവസ്‌ഥയിലായി. ഇപ്പോഴും തറയില്‍ ചവിട്ടുമ്പോള്‍ വല്ലാത്ത മുഴക്കം കേള്‍ക്കുന്നു.

സമീപം വീട്‌ പണിയാന്‍ നാലുലക്ഷത്തോളം രൂപ ചെലവിട്ട്‌ മുറ്റം കെട്ടി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇനി അവിടെ നിര്‍മാണാനുമതി ലഭിക്കുമോയെന്ന ആശങ്ക വേറേ. കട നശിച്ചതിലൂടെ 15 ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതിനാല്‍ പുതിയ വീട്‌ ഒരു സ്വപ്‌നം മാത്രം.

ഉപജീവനം നഷ്‌ടപ്പെട്ടെങ്കിലും സൂര്യനു കുടുംബം പോറ്റിയേ പറ്റൂ. പഴയകെട്ടിടം നിലനിന്ന സ്‌ഥലത്ത്‌ മുളംകാലുകള്‍ നാട്ടി. വെയിലത്ത്‌ ഒരു ദിവസം മിഠായി ഉള്‍പ്പെടെ കുറച്ചു സാധനങ്ങള്‍ വിറ്റു. എന്നാല്‍ അപകടസാധ്യത കണക്കിലെടുത്ത്‌ പഞ്ചായത്ത്‌ അധികൃതര്‍ രായ്‌ക്കുരാമാനം തൂണുകള്‍ പിഴുതുമാറ്റി.

ഇതോടെ ഉന്തുവണ്ടിയില്‍ സാധനങ്ങളും മേശയുമായെത്തി, വഴിയോരക്കച്ചവടം നടത്തുകയാണിപ്പോള്‍ സൂര്യന്‍. ഒരു സംഘടനയിലും അംഗമല്ലാത്തതിനാല്‍ എങ്ങുനിന്നും സഹായം ലഭിച്ചില്ല.

Ads by Google
ബ്ലെസന്‍ ജോയി
Wednesday 26 Sep 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW