Friday, October 19, 2018 Last Updated 22 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 07.32 PM

യുബര്‍ ഈറ്റ്‌സ് ജീവനക്കാരനെ ഹോട്ടലുടമയും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ യുവജന കമ്മീഷന്‍ കേസെടുത്തു

thal restaurant, justice for Jawahir

കൊച്ചി: യുബര്‍ ഈറ്റ്‌സ് ജീവനക്കാരനെ കൊച്ചിയിലെ താല്‍ ഹോട്ടലുടമയും മക്കളും ചേര്‍ന്ന് തല്ലിച്ചതച്ച സംഭവത്തില്‍ യുവജന കമ്മീഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. മലപ്പുറം സ്വദേശിയായ ജവഹര്‍ കരാടിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ജവഹര്‍ ശ്രമിച്ചതാണ് പ്രകോപന കാരണം.

ജവഹറിന് മര്‍ദ്ദനമേറ്റ സംഭവം വാര്‍ത്തയായതിന് പിന്നാലെ കൊച്ചിയിലെ താല്‍ റെസ്‌റ്റോറന്റില്‍ നഗരസഭ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇവിടെ സൂക്ഷിച്ചിരുന്ന പഴയ പാല്‍, അരി, ഇറച്ചി തുടങ്ങിയവ പിടിച്ചെടുത്തു.

ഇന്നലെയായിരുന്നു സംഭവം. ഉബര്‍ ഈറ്റ്‌സില്‍ താല്‍ റെസ്‌റ്റോറന്റില്‍ നിന്ന് ബിരിയാണിയുടെ ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജവഹര്‍ റെസ്‌റ്റോറന്റില്‍ എത്തിയത്. ഇവിടെ എത്തിയപ്പോള്‍ ഹോട്ടലിന്റെ മുന്നിലിട്ട് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിക്കുന്നതാണ് കണ്ടത്. അന്യസംസ്ഥാനക്കാരനായ ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും എന്താണ് ഇടപെടാതിരുന്നതെന്ന് ജവഹര്‍ ഹോട്ടലുടമയുടെ മകനോട് ചോദിച്ചു. തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് ജവഹര്‍ തന്റെ ഓര്‍ഡര്‍ നല്‍കി കാത്തിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് ഹോട്ടലുടമയുടെ മകന്‍ പ്രകോപനവുമായി ഇറങ്ങി വന്നു. 40 ലക്ഷം രൂപ മുടക്കി താന്‍ ആരംഭിച്ച ഹോട്ടലില്‍ തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്നും നീയാരാടാ ചോദിക്കാന്‍ എന്നുമായിരുന്നു ഇയാളുടെ ധാര്‍ഷ്ട്യം.

ഒരാളെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞപ്പോള്‍ പിന്നെ പ്രകോപനം ജവഹറിന് നേരെയായി. അടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ അടിക്കടാ എന്ന് പറഞ്ഞ് ജവഹറിനെ പിടിച്ച് തള്ളി. ഇതോടെ ജവഹര്‍ ഹോട്ടലില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചു എന്നാല്‍ മറ്റ് ജീവനക്കാരും ഉടമയുടെ മകനും ചേര്‍ന്ന് ജവഹറിനെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമികളുടെ പിടിയില്‍ നിന്ന് രക്ഷപെട്ട ജവഹര്‍ പുറത്തിറങ്ങി ബൈക്കില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോള്‍ ഹോട്ടലുടമയും മൂത്ത മകനും വന്ന് വീണ്ടും മര്‍ദ്ദിച്ചു.

ഹോട്ടലുടമയും മക്കളും ജീവനക്കാരും ചേര്‍ന്ന് ജവഹറിനെ മര്‍ദ്ദിക്കുന്നത് നിരവധി പേര്‍ കണ്ടുവെങ്കിലും ആരും ഇടപെടാന്‍ തയ്യാറായില്ല. വൈകുന്നേരത്തോടെ ജവഹറിന്റെ സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം സ്വദേശിയായ ജവഹര്‍ തൊഴില്‍ തേടിയാണ് കൊച്ചിയില്‍ എത്തിയത്. പ്രളയക്കെടുതില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ ഉണ്ടായിരുന്നയാളാണ് ജവഹര്‍. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജവഹറിന് നീതി ലഭ്യമാക്കാന്‍ വിവിധ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മ.

Ads by Google
Ads by Google
Loading...
TRENDING NOW