ശ്രീനഗര്‍: ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും രാജി പ്രഖ്യാപിച്ച് ജമ്മു കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥര്‍. ജമ്മു കശ്മീര്‍ സ്പെഷ്യല്‍ പോലീസിലെ ഉദ്യോഗസ്ഥരാണ് രാജി പ്രഖ്യാപിച്ചത്. ഭീകരരുടെ ഭീഷണിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി ജമ്മു കശ്മീര്‍ സ്പെഷ്യല്‍ പോലീസ് ഓഫീസറായിരുന്ന റഫീഖ അക്തര്‍ ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്. കുല്‍ഗാം ജില്ലക്കാരിയാണ് അക്തര്‍. ഭീകരരുടെ ഭീഷണിയെ തുടര്‍ന്നാണ് രാജിയെങ്കിലും സമ്മര്‍ദ്ദമോ ഭയമോ കാരണമല്ല രാജിവയ്ക്കുന്നതെന്നാണ് ഇവര്‍ ഫെയ്സ്ബുക്ക് വീഡിയോയില്‍ പറയുന്നത്.
എട്ട് വര്‍ഷമായി കശ്മീര്‍ സ്പെഷ്യല്‍ പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന ഷബീര്‍ അഹമ്മദ് തോക്കറും രാജിവച്ചു. ഫെയ്സ്ബുക്ക് വീഡിയോയിലുടെ തന്നെയാണ് ഷബീറും രാജി പ്രഖ്യാപിച്ചത്. കോണ്‍സ്റ്റബിളായ അഹമ്മദ് ബാബയാണ് രാജിവച്ച മറ്റൊരു ഉദ്യോഗസ്ഥന്.
കശ്മീരിലെ സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരും പോലീസുകാരും രാജിവയ്ക്കണമെന്ന് ഹിസ്ബുള്‍ ഓപ്പറേഷണല്‍ കമാന്‍ഡര്‍ റിയാസ് നായ്ക്കു കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഓഡിയോ €ിപ്പിലൂടെയാണ് ഇയാളുടെ ഭീഷണി സന്ദേശം പ്രചരിച്ചത്. മൂന്ന് ഡസനിലധികം സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടേയും പോലീസുകാരുടേയും രാജി പ്രഖ്യാപനം തീവ്രവാദി അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ഉദ്യോഗസ്ഥരുടെ രാജിവാര്‍ത്ത കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് നിരസിച്ചു. ഉദ്യോഗസ്ഥരുടെ രാജിവാര്‍ത്ത തീവ്രവാദി അനുകൂലികള്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണെന്നാണ് ഡി.ജി.പിയുടെ വാദം. എന്നാല്‍ ഏതാനും ചില സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ രാജിവച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര് സുബ്രഹ്മണ്യം സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരുടെ രാജി ശമ്പള പ്രശ്നത്തിലാണെന്നും അവരുടെ ശമ്പളം ഉടന്‍ വര്‍ധിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കശ്മീര്‍ പോലീസില്‍ താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് എസ്.പി.ഒമാര്‍. എന്നാല്‍ ഇവര്‍ക്ക് പോലീസ് യൂണിഫോം ധരിക്കാന്‍ അനുമതിയുണ്ട്. തീവ്രവാദളെ കീഴ്പ്പെടുത്താനുള്ള ഏറ്റുമുട്ടലുകളിലടക്കം ഇവര്‍ പങ്കെടുക്കാറുണ്ട്. 5000 രൂപ മാത്രമാണ് ഇവരുടെ ശമ്പളം.