ജ്യോതിഷത്തിലെ പ്രശ്നരീതികളിലൊന്നാണ് താമ്പൂലപ്രശ്നം അഥവാ വെറ്റില ജ്യോതിഷം. ദൈവീക പ്രതിരൂപമായ വെറ്റില നോക്കി, അതു കൊണ്ടുവന്ന വ്യക്തിയുടെ ശുഭാ-അശുഭ ഫലങ്ങള്‍ കൃത്യമായി പറയാന്‍ പരിണിത പ്രജ്ഞനായ ദൈവജ്ഞന് കഴിയും. താംബൂല പ്രശ്നത്തെ മറ്റു പ്രശ്നരീതികളില് നിന്നും വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്.
1. പ്രശ്നം പകല്‍ സമയത്തുമാത്രം ചെയ്യുന്നതാണ്. എന്നാല്‍ താംബൂലപ്രശ്നത്തിന് സമയപരിമിതിയില്ല. 24 മണിക്കൂറും ഇതിന് ഉചിതം തന്നെ.
2. പ്രശ്നത്തില്‍ ആരൂഢം തടയപ്പെടാം. എങ്കില്‍ ഫലപ്രവചനം പാടില്ല. അപ്പോള്‍ കഷ്ടപ്പാടും, ദുരിതങ്ങളുമായി ആശ്വാസത്തിന്റെ തുരുത്തുതേടിയെത്തിയ വ്യക്തിയുടെ മാനസികാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ താംബൂല പ്രശ്നത്തില്‍ ആരൂഢം തടയില്ല.
3. പ്രശ്നത്തില്‍ ദൈവജ്ഞന്റെ പ്രവചനം മാത്രമുള്ളപ്പോള്‍, താംബൂലത്തില്‍ തെളിയുന്ന ഫലസൂചനകള്‍ അതുകൊണ്ടുവന്ന വ്യക്തിക്ക് (പൃശ്ചകന്) നേരിട്ടു ബോധ്യപ്പെടും.
4. വെറ്റിലയില്‍ പരമാവധി 7 ആരൂഢം മാത്രമേ കിട്ടുകയുള്ളൂ.
ആരൂഢം രവി വന്നാല്‍ പൃശ്ചകന്- ദുഃഖം
ആരൂഢം ചന്ദ്രന് വന്നാല്‍ പൃശ്ചകന്- സുഖം
ആരൂഢം കുജന് വന്നാല്‍ പൃശ്ചകന്- കലഹം
ആരൂഢം ബുധന്‍ വന്നാല്‍ പൃശ്ചകന്- ധനലാഭം
ആരൂഢം വ്യാഴം വന്നാല്‍ പൃശ്ചകന്- കാര്യങ്ങള്‍ക്ക് അനുകൂലം
ആരൂഢം ശുക്രന് വന്നാല്‍ പൃശ്ചകന്- സര്‍വ്വാഭീഷ്ടസിദ്ധി
ആരൂഢം ശനി വന്നാല്‍ പൃശ്ചകന്- രോഗങ്ങളും ദുഃഖങ്ങളും
എന്നിങ്ങനെ സൂചനാ ഫലങ്ങള്‍ ചിന്തിക്കണം
പൃശ്ചകന് ഒരു വെറ്റില മാത്രമായി വന്നാലും (ആരൂഢം-ബുധന്‍) അപ്പോഴുള്ള ഗ്രഹനില നോക്കി പ്രശ്നത്തിലെന്ന പോലെ ഭാവചിന്തനം നടത്തി യുക്തിപൂര്‍വ്വം ജ്യോത്സ്യര് കാര്യങ്ങള്‍
പറയണം.
ഏതൊരു ഭാവത്തിന്റെ സ്ഥാനത്തുള്ള വെറ്റിലയ്ക്കാണോ കേടില്ലാത്തതും വിസ്താരമുള്ളതുമെങ്കില് അത് ശുഭ ലക്ഷണം പ്രദാനം ചെയ്യും. 11, 12 ഭാവങ്ങളില്‍ വരുന്ന വെറ്റിലകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് വരവു ചെലവുകള്‍ ചിന്തിക്കണം. (11 വരവ്, 12 ചെലവ്) കൂടാതെ ലഗ്നാഷ്ടമ ഭാവങ്ങളിലെ വെറ്റിലകളെക്കൊണ്ട് ആയുസ്സിനേയും ഐശ്വര്യത്തേയും യുക്തിപൂര്‍വ്വം വിലയിരുത്തണം.