Friday, May 24, 2019 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 02.15 AM

മാവോയിസ്‌റ്റ്‌ വേട്ടയ്‌ക്കു പിന്നില്‍ വാണിജ്യതാല്‍പര്യം

uploads/news/2018/09/251379/bft2.jpg

മാവോയിസ്‌റ്റ്‌ നേതാവ്‌
രൂപേഷിന്റെ ഭാര്യയായ ഷൈനയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

? നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്ന പോലീസ്‌ വെടിവയ്‌പില്‍ കുപ്പുസ്വാമി, അജിത എന്നിങ്ങനെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അവിടെ നടന്നത്‌ ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ കൊലപാതകം മാത്രമാണെന്ന്‌ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കരുളായി വനമേഖലയില്‍ നടന്ന പോലീസ്‌ വെടിവയ്‌പ്‌ ഏകപക്ഷീയമായ കൊലപാതകമാണെന്നാണ്‌ എല്ലാ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്‌. കേരളം- തമിഴ്‌നാട്‌- കര്‍ണാടക പോലീസിന്റെ ഇന്റലിജന്‍സ്‌ വിഭാഗങ്ങളുടെയും മുന്‍ സ്‌.ടി.എഫ്‌. തലവന്‍ വിജയകുമാറിന്റെയും നേതൃത്വത്തില്‍ സംയുക്‌തമായി ആസൂത്രണം ചെയ്‌തു നടപ്പാക്കിയ കൊലപാതകമായിരുന്നു അതെന്നാണ്‌ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. നിരായുധരും രോഗം മൂലം അവശരുമായിരുന്ന രണ്ടുപേരെ വലിയയൊരു സേന വളഞ്ഞിട്ട്‌ പോയിന്റ്‌ ബ്ലാങ്കില്‍ വെടിവച്ചു കൊന്നതായാണ്‌ അറിയുന്നത്‌. ഈ ഓപ്പറേഷനില്‍ പങ്കെടുത്ത ഒരു പോലീസുകാരനുപോലും ചെറിയ പരുക്കുപോലും പറ്റിയില്ലെന്നത്‌ ഏകപക്ഷീയമായ ആക്രമണമായിരുന്നെന്നതു തെളിയിക്കുന്നു.

? മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി ഭരിക്കുന്ന ഒരു സംസ്‌ഥാനത്താണ്‌ ഇത്തരമൊരു വെടിവയ്‌പു നടന്നത്‌. ഏകപക്ഷീയമായ കൊലപാതകമാണ്‌ നടന്നതെന്ന ആരോപണത്തെ തടയാന്‍ പോലും ഭരണകൂടം താല്‍പര്യം കാണിച്ചില്ലെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

ഇ.എം.എസിന്റെ ഭരണകാലത്തു തന്നെ സാധാരണ ജനങ്ങളെ വെടിവച്ചു കൊന്ന ചരിത്രമാണു കേരളത്തില്‍ സി.പി.എമ്മിനുള്ളത്‌. നന്ദിഗ്രാമിലെയും സിംഗൂരിലെയും ജനകീയ സമരങ്ങളെ വെടിയുതിര്‍ത്ത്‌ അടിച്ചമര്‍ത്തിയതാണ്‌ ദേശീയതലത്തില്‍ സി.പി.എമ്മിന്റെ ചരിത്രം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ നടപ്പാക്കുന്ന പദ്ധതികളെ എതിര്‍ക്കുകയും ഭരണത്തില്‍ വരുമ്പോള്‍ അതു നടപ്പാക്കുകയുമാണ്‌ അവരുടെ രീതി. കാശ്‌മീരില്‍ പോലീസ്‌ വെടിവയ്‌പ്പില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറുകയും അവരുടെ താല്‍പര്യപ്രകാരം മൃതദേഹം മറവു ചെയ്യാനുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്‌. എന്നാല്‍, സി.പി.എമ്മുകാര്‍ സഖാക്കളുടെ മൃതദേഹം ബന്ധുക്കള്‍ക്കു നല്‍കാന്‍ തയാറായില്ല. ആദരാജ്‌ഞലികള്‍ അര്‍പ്പിക്കാന്‍ പോലും അനുവദിക്കാതെ തിടുക്കത്തില്‍ നിര്‍ബന്ധിച്ച്‌ മറവു ചെയ്യുകയും ചെയ്‌തു. അതിനെ ചോദ്യംചെയ്‌ത കുപ്പു ദേവരാജിന്റൈ സഹോദരനെ കഴുത്തിനു പിടിച്ചു തള്ളി. ഈ വെടിവയ്‌പ്പുമായി ബന്ധപ്പെട്ട്‌ വസ്‌തുതാന്വേഷണം നടത്താന്‍ പോയ ജനകീയ കമ്മീഷനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ബി.ജെ.പിയോടൊപ്പം ചേര്‍ന്ന്‌ സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും ചെയ്‌തു.

? കേരള, കര്‍ണാടക മേഖലയില്‍ പശ്‌ചിമഘട്ട പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ ആദിവാസി, ദലിത്‌ വിഭാഗത്തിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയാണ്‌ തങ്ങളെന്ന്‌ മാവോയിസ്‌റ്റു പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ആ ലക്ഷ്യം അല്‍പ്പമെങ്കിലും കൈവരിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടേ?

കേരളത്തിലെ ആദിവാസികളുടെ നഷ്‌ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ഇനിയും സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടില്ല. മാത്രമല്ല, നിയമത്തെ അട്ടിമറിക്കാനായി ഭരണ- പ്രതിപക്ഷ കക്ഷികള്‍ ഒന്നുചേരുകയും ചെയ്‌തു. പകരം ഭൂമിയെന്ന ഭേദഗതിപ്രകാരം കൊടുക്കേണ്ട ഭൂമി പോലും നല്‍കിയിട്ടില്ല. ഇതിനെതിരേ ആദിവാസികള്‍ സമരത്തിലാണ്‌. ആദിവാസികളുടെ കൃഷിയോഗ്യമായ ഭൂമി കുടിയേറ്റക്കാര്‍ക്കു കൈവശംവയ്‌ക്കാന്‍ അനുവാദം നല്‍കുന്നു. കൃഷിയോഗ്യമല്ലാത്ത പാറക്കെട്ടുകളും തരിശു ഭൂമികളും ആദിവാസികള്‍ക്കു നല്‍കുന്നു. വയനാട്‌, അട്ടപ്പാടി മേഖലയിലെ മാവോയിസ്‌റ്റ്‌ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടാണ്‌ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കുറച്ചെങ്കിലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കു വന്നത്‌. ഇതോടെ സര്‍ക്കാര്‍ പേരിനെങ്കിലും ചില പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്‌തത്‌. മാവോയിസ്‌റ്റുകളുമായി വെടിവയ്‌പ്‌ നടന്ന കുഞ്ഞോം മേഖലയില്‍ ആദിവാസികളുടെ ഉന്നമനത്തിനായി 70 കോടിരൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ആദിവാസികളുടെ കാര്‍ഷിക- വന വിഭവങ്ങള്‍ക്ക്‌ അര്‍ഹമായ വില ലഭിക്കുന്നതിനും മാവോയിസ്‌റ്റുകളുടെ ഇടപെടല്‍ കാരണമായിട്ടുണ്ട്‌.

? അത്യാധുനിക ആയുധങ്ങളുമായി കാടിറങ്ങി വരുന്ന മാവോയിസ്‌റ്റുകള്‍. അവരുമായി മണിക്കുറുകള്‍ നീളുന്ന വെടിവയ്‌പ്‌. ഒടുവില്‍ അവര്‍ വനത്തിലേക്കു പായുന്നു. തണ്ടര്‍ബോള്‍ട്ട്‌ ടീം പലപ്പോഴും പറയുന്ന വിവരണമാണിത്‌. ഇതൊക്കെ ശരിയാണെന്നു കരുതുന്നുണ്ടോ.

മാവോയിസ്‌റ്റ്‌ വേട്ടയെന്നത്‌ വന്‍തോതില്‍ കോര്‍പ്പറേറ്റ്‌, വാണിജ്യ താല്‍പര്യമുള്ള മേഖലയാണ്‌. മാവോയിസ്‌റ്റ്‌ വേട്ടയ്‌ക്കു വേണ്ടിയുള്ള വാഹനങ്ങള്‍, ആയുധങ്ങള്‍ മറ്റ്‌ ഉപകരണങ്ങള്‍ ഇവയെല്ലാം സംബന്ധിച്ച ഫണ്ട്‌ വിനിയോഗം അഴിമതിക്കുള്ള വലിയ വാതിലുകള്‍ തുറന്നു കൊടുക്കും.
ഇത്‌ സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പോലീസ്‌ സേനയ്‌ക്കും ഒരേസമയം ലാഭകരമായ ഏര്‍പ്പാടാണ്‌. ഒരുവശത്ത്‌ വിഭവകൊള്ളയ്‌ക്ക്‌ തടസം നില്‍ക്കുന്ന മാവോയിസ്‌റ്റുകളെ ഒഴിവാക്കുന്നതു മൂലമുണ്ടാകുന്ന സാമ്പത്തിക ലാഭം. മറുവശത്ത്‌ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്നതിലുള്ള വാണിജ്യ താല്‍പര്യം. മാവോയിസ്‌റ്റുകള്‍ രാഷ്‌്രടീയ പ്രചാരണവുമായി ബന്ധപ്പെട്ട്‌ അവരുടെ സുരക്ഷയ്‌ക്കായി ആയുധങ്ങള്‍ കരുതുകയാണെന്നാണ്‌ എന്റെ അഭിപ്രായം. ഇതിനെ പെരുപ്പിച്ചു കാണിച്ച്‌ ഫണ്ട്‌ കൊള്ളയടിക്കാനും ലാഭമുണ്ടാക്കാനുമാണ്‌ പോലീസുകാരുടെയും രാഷ്ര്‌ടീയക്കാരുടെയും താല്‍പര്യം.

? സംസ്‌ഥാനത്തെ പിടിച്ചുലച്ച പ്രളയത്തെ മലയും മരങ്ങളും വെട്ടിനിരത്തി പ്രകൃതിയെ നശിപ്പിച്ചതിനുള്ള തിരിച്ചടിയായി കാണുന്നവരുണ്ട്‌. വന്‍കിട റിസോര്‍ട്ടുകള്‍ക്കും കമ്പനികള്‍ക്കുമായി പ്രകൃതി ചൂഷണം വ്യാപകമാണ്‌. ഭരണകൂടങ്ങള്‍ ഇതിനു മറുപടി പറയേണ്ടവരല്ലേ.

പ്രളയവും മഴയുമെല്ലാം കാലാവസ്‌ഥാചക്രത്തിലെ കാലികമായ കാര്യങ്ങളാണ്‌. എന്നാല്‍, ഇപ്പോഴുണ്ടായ പ്രളയത്തിന്റെ കാരണങ്ങളില്‍ പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടല്‍ സുപ്രധാന ഘടകമാണ്‌. വന്‍കിട ഡാമുകളുടെ നിര്‍മാണം മുതല്‍ ഖനനം, വനനശീകരണം, ഭൂവിനിയോഗത്തിലുള്ള മാറ്റങ്ങള്‍, ജനപ്പെരുപ്പം, അനിയന്ത്രിതവും അശാസ്‌ത്രീയവുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളുമാണ്‌ പ്രളയത്തിന്റെ ആക്കം കൂട്ടിയത്‌. പ്രകൃതി വിഭവ ചൂഷണം ഗുരുതരമായ പ്രകൃതി ദുരന്തങ്ങളിലേക്ക്‌ നയിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്‌ഥക്ക്‌ കനത്ത കോട്ടമേല്‍പ്പിച്ചു കൊണ്ടാണ്‌ മുതലാളിത്ത വികസനം മുന്നോട്ടു പോകുന്നത്‌. പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പശ്‌ചിമഘട്ട മലനിരകളില്‍ പാറഖനനം വ്യാപകമാക്കുകയും ചെയ്യുന്നു. വൈദ്യുതി, ജലസേചന പദ്ധതികളുടെ പേരില്‍ നദികള്‍ക്ക്‌ താങ്ങാവുന്നതിലേറെ ഡാമുകള്‍ ഉയരുന്നു. ഇവയെല്ലാം മൂലം പരമ്പരാഗതമായ ജലനിര്‍ഗമന പാതകളെല്ലാം തടസപ്പെട്ടു. രാഷ്ര്‌ടീയ സ്വാധീനം ഉപയോഗിച്ച്‌ നിയമവിരുദ്ധമായി നിര്‍മിച്ച വാട്ടര്‍ തീംപാര്‍ക്കുകളും പ്രളയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പുല്‍മേടുകളും അടിക്കാടുകളും നശിപ്പിച്ച്‌ കുന്നുകള്‍ ഏകവിള തോട്ടങ്ങളാക്കി മാറ്റിയത്‌ കനത്ത മണ്ണൊലിപ്പിനും കാരണമായി.
പരിമിതമായ തോതിലെങ്കിലും പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണം മുന്നോട്ടുവച്ച മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കേരളത്തിലെ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നു ചേര്‍ന്ന്‌ പരാജയപ്പെടുത്തി. പശ്‌ചിമഘട്ട സംരക്ഷണവും ജനകേന്ദ്രീകൃതമായ വികസനവും മുന്നോട്ടുവച്ചാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങളെ നേരിടാനാവൂ. കോര്‍പ്പറേറ്റ്‌ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കേരളത്തിലെ ഭരണവര്‍ഗ പാര്‍ട്ടികളൊന്നും തന്നെ ഇതിനുള്ള ആര്‍ജവം കാണിക്കില്ല. ജനങ്ങളുടെ നേതൃത്വത്തില്‍ പ്രകൃതിയെയും കാടിനെയും സംരക്ഷിക്കുമ്പോള്‍ മാത്രമേ ഇതിനു ശാശ്വത പരിഹാരമുണ്ടാകൂ.

Ads by Google
Tuesday 25 Sep 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW