ക്വാലാലംപുര്‍: അണ്ടര്‍ 16 എ.എഫ്.സി. (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍) കപ്പ് ചമ്പ്യന്‍ഷിപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ കരുത്തരായ ഇറാനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മധ്യനിരയില്‍ ആധിപത്യം നേടിയ ഇറാന് ആദ്യപകുതിയില്‍ കളിയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. ഇന്ത്യന്‍ ഗോളി നീരജ് കുമാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇറാനെ തടഞ്ഞുനിര്‍ത്തുന്നതില്‍ നിര്‍ണായകമായത്. 75-ാം മിനിറ്റില്‍ ഇറാനു ലഭിച്ച പെനാല്‍റ്റി നീരജ് തടഞ്ഞിട്ടാണ് ഇന്ത്യക്കു വിലപ്പെട്ട സമനില സമ്മാനിച്ചത്.
ഗോളെന്നുറച്ച ഇറാന് താരങ്ങളുടെ രണ്ടു ലോങ് ഷോട്ടുകളും നീരജ് കുമാര്‍ തടഞ്ഞിട്ടു. ആദ്യപകുതിയില്‍ 23-ാം മിനിറ്റില്‍ ഇറാന് ലീഡ് നേടുന്നതിന്റെ അടുത്തെത്തിയതാണ്. എന്നാല്‍ ഇന്ത്യ പ്രതിരോധം പിടിച്ചു നിന്നു.
35-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍ ശ്രമം. എന്നാല്‍ റിഡ്ജ് ഡെമല്ലോയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ഇറാന് സുവര്ണാവസരങ്ങള് തുറന്നെടുത്തെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ഇറാന് ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ത്യന്‍ പ്രതിലരോധം സമ്മര്‍ദങ്ങളെ അതിജീവിക്കുന്ന കാഴ്ചയാണു കണ്ടത്.
75-ാം മിനിറ്റില്‍ ഇന്ത്യന്‍ ബോക്സിനുള്ളില്‍ ഇറാന് താരത്തെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിന് ഇറാന് അനുകൂലമായി പെനാല്‍റ്റി. എന്നാല്‍ കടുത്ത സമ്മര്‍ദത്തെ നീരജ് അതിജീവിച്ചതോടെ ഇറാന് ലക്ഷ്യം കാണാനായില്ല. കളിയുടെ അന്ത്യ നിമിഷങ്ങളില്‍ കോര്‍ണര്‍ നേടാന്‍ ഇന്ത്യന്‍ കുട്ടികള്‍ക്കു കഴിഞ്ഞെങ്കിലും ലക്ഷ്യം നേടാനായില്ല. ഇന്ത്യ സി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്തോനീഷ്യയെ നേരിടും. ഇറാന്റെ അവസാന മത്സരം വിയറ്റ്നാമിനെതിരേയാണ്. ഗ്രൂപ്പില്‍ മൂന്നുപോയിന്റുള്ള ഇന്തോനീഷ്യയാണ് മുന്നില്‍. അത്രയും പോയിന്റുള്ള ഇന്ത്യ രണ്ടാമതാണ്.