Wednesday, June 26, 2019 Last Updated 44 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.35 AM

വിശ്വാസികള്‍ പ്രതിഷേധിച്ചു; സിസ്‌റ്റര്‍ ലൂസിയുടെ വിലക്ക്‌ നീക്കി

uploads/news/2018/09/251351/k2.jpg

മാനന്തവാടി: ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ്‌ ആവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്‌റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയ വിലക്ക്‌ പിന്‍വലിച്ചു. ഇന്നലെ പാരിഷ്‌ കൗണ്‍സില്‍ യോഗത്തില്‍ വിശ്വാസികള്‍ ശക്‌തമായ പ്രതിഷേധം അറിയിച്ചതോടെയാണ്‌ വികാരി ഫാ. സ്‌റ്റീഫന്‍ കോട്ടയ്‌ക്കല്‍ നടപടി പിന്‍വലിച്ചത്‌.
ഇടവക വിശ്വാസികളുടെ ആവശ്യം മാനിച്ചാണ്‌ സിസ്‌റ്റര്‍ ലൂസിയെ സഭാ പ്രവര്‍ത്തനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തുന്നതെന്നാണു ഫാ. സ്‌റ്റീഫന്‍ കോട്ടയ്‌ക്കലും മാനന്തവാടി രൂപതയും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ്‌ സന്യാസിനീ സമൂഹവും അറിയിച്ചിരുന്നത്‌. എന്നാല്‍ ഏതാനും ചിലരുടെ ആവശ്യം മറയാക്കിയാണു നടപടിയെന്ന്‌ ഇന്നലെ ചേര്‍ന്ന അടിയന്തര പാരിഷ്‌ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
വൈകിട്ട്‌ ആറിനു തുടങ്ങിയ യോഗം 20 മിനിറ്റ്‌ പിന്നിട്ടിട്ടും തീരുമാനം വൈകിയതോടെ ഇടവകാംഗങ്ങളില്‍ ഒരു വിഭാഗം ഇരച്ചുകയറി. നടപടി പിന്‍വലിച്ച്‌ ഉടന്‍ പ്രസ്‌താവന ഇറക്കിയില്ലെങ്കില്‍ കൂട്ടമണിയടിച്ച്‌ മുഴുവന്‍ ഇടവകാംഗങ്ങളെയും വിളിച്ചുവരുത്തുമെന്നു മുന്നറിയിപ്പ്‌ നല്‍കി. അതോടെ ഫാ. സ്‌റ്റീഫന്‍ കോട്ടയ്‌ക്കല്‍ പുറത്തെത്തി ഇടവക കൈകൊണ്ട നടപടികള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചു.
സിസ്‌റ്റര്‍ ലൂസിയെ സ്‌ഥലംമാറ്റുകയോ പ്രതികാര നടപടി സ്വീകരിക്കുകയോ ചെയ്‌താല്‍ ശക്‌തമായി രംഗത്തിറങ്ങുമെന്ന്‌ ഇടവകാംഗങ്ങളില്‍ ചിലര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ദൈവത്തിന്റെ നീതി നടപ്പായി: സിസ്‌റ്റര്‍ ലൂസി

മാനന്തവാടി: വിലക്ക്‌ പിന്‍വലിച്ചതോടെ ദൈവത്തിന്റെ നീതി നടപ്പായെന്നു സിസ്‌റ്റര്‍ ലൂസി പ്രതികരിച്ചു. നിക്ഷ്‌പക്ഷരായ ധാരാളം പേരുടെ പിന്തുണയുണ്ടായി. ആരോടും പിണക്കമില്ല. സത്യത്തിനും നീതിക്കും വേണ്ടി മരണം വരെ പോരാടും. വിശ്വാസ സമൂഹത്തിന്റെ വിജയമാണ്‌ നടപടി പിന്‍വലിച്ചതിലൂടെ ഉണ്ടായത്‌. തന്നെ പിന്തുണച്ചതിന്‌ എല്ലാവരോടും നന്ദിയുണ്ടെന്നും സിസ്‌റ്റര്‍ പറഞ്ഞു.

Ads by Google
Tuesday 25 Sep 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW