Tuesday, October 23, 2018 Last Updated 52 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.35 AM

ബിഷപ്പ് ഫ്രാങ്കോ ഇനി 5968-ാം നമ്പര്‍ റിമാന്‍ഡ്‌ പ്രതി, കൂട്ട്‌ മദ്യപിച്ച്‌ അടിപിടിയുണ്ടാക്കിയയാള്‍, വിലങ്ങണിയിക്കരുതെന്നു കര്‍ശന നിര്‍ദേശം, സുരക്ഷയ്‌ക്കായി രണ്ടു ജയിലര്‍മാര്‍; പാലാ സബ്‌ ജയിലിലെ മൂന്നാം നമ്പര്‍ സെല്‍ ചരിത്രത്തിലേയ്ക്ക്

Bishop Franko

കോട്ടയം : കന്യാസ്‌ത്രീ നല്‍കിയ പീഡനപ്പരാതിയില്‍ അറസ്‌റ്റിലായ ജലന്ധര്‍ രൂപത മുന്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ ഇനി പാലാ സബ്‌ ജയിലിലെ 5968-ാം നമ്പര്‍ റിമാന്‍ഡ്‌ പ്രതി. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലാണ്‌ ബിഷപ്പിനായി ഒരുക്കിയിരുന്നത്‌. സുരക്ഷാ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്‌തിയായതിനാല്‍ വലിയ ക്രിമിനല്‍ പശ്‌ചാത്തലമില്ലാത്ത രണ്ടുപേര്‍ക്കൊപ്പമാണു ബിഷപ്പിനെ താമസിപ്പിച്ചത്‌. അടുത്ത മാസം ആറാം തീയതി വരെയാണു പാലാ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ബിഷപ്പിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തത്‌.

ജയില്‍ സൂപ്രണ്ടിന്റെ മുറിയിലേക്കാണ്‌ ആദ്യം കൊണ്ടുപോയത്‌. പിന്നീട്‌ നടപടിക്രമം പൂര്‍ത്തിയാക്കി മൂന്നാം നമ്പര്‍ സെല്ലിലേക്കു മാറ്റി. രാവിലെ കോട്ടയം പോലീസ്‌ ക്ലബില്‍നിന്നു പ്രഭാതഭക്ഷണം കഴിച്ചിറങ്ങിയ ബിഷപ്പിന്‌ ഉച്ചഭക്ഷണം പാല സബ്‌ ജയിലിലായിരുന്നു. സബ്‌ ജയിലില്‍ എത്തിച്ചയുടന്‍ മീന്‍കറിയും അവിയലും കൂട്ടി ഉച്ചഭക്ഷണം. സെല്ലിലേക്കായി ഒരു പ്ലേറ്റും ഒരു ഗ്ലാസും പായയും കമ്പിളിപ്പുതപ്പും നല്‍കിയിട്ടുണ്ട്‌. പാലാ സബ്‌ ജയിലിലെ ഏറ്റവും നല്ല സെല്ലാണു മൂന്നാം നമ്പര്‍ സെല്‍.

അതിര്‍ത്തിത്തര്‍ക്കത്തെത്തുടര്‍ന്നു റിമാന്‍ഡ്‌ പ്രതിയായ ആളും മദ്യപിച്ച്‌ അടിപിടിയുണ്ടാക്കിയ കേസില്‍ ഹ്രസ്വകാല തടവുശിക്ഷ അനുഭവിക്കുന്നയാളുമാണ്‌ ആറു പേര്‍ക്കു കഴിയാവുന്ന സെല്ലില്‍ ബിഷപ്പിനൊപ്പമുള്ളത്‌. ബിഷപ്‌ ധരിച്ചിരുന്ന പാന്റും ജുബായും സെല്ലില്‍ ധരിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കി. ബെല്‍റ്റ്‌ പിന്നീട്‌ ഊരി വാങ്ങി. ബിഷപ്പിനെ ഒരു കാരണവശാലും വിലങ്ങണിയിക്കരുതെന്നു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ബിഷപ്പിനെ താമസിപ്പിച്ചിരിക്കുന്ന സെല്ലിന്റെ ചുമതലയ്‌ക്കുമാത്രമായി രണ്ടു ജയിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്‌.

ജലന്ധര്‍ രൂപതയിലെ മിഷണറീസ്‌ ഓഫ്‌ ജീസസ്‌ സന്യാസിനി സഭാംഗമായ കന്യാസ്‌ത്രീ പരാതി നല്‍കി 87-ാം ദിവസമാണ്‌ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ റിമാന്‍ഡ്‌ തടവുകാരനായി പാലാ സബ്‌ജയിലിലെത്തിയത്‌. കോടതിയില്‍ കേസ്‌ വിളിച്ചയുടന്‍ പ്രതിയെ ഇനി കസ്‌റ്റഡിയില്‍ വേണ്ടെന്ന കാര്യം പ്രോസിക്യൂഷന്‍ അറിയിച്ചു. പിന്നീട്‌ ബിഷപ്പിനോട്‌ പരാതിയെന്തിലും ഉണ്ടോയെന്നു മജിസ്‌ട്രേറ്റ്‌ അന്വേഷിച്ചു. പോലീസ്‌ ഉപദ്രവിച്ചില്ല എന്നു വ്യക്‌തമാക്കിയ ബിഷപ്‌ ചില പരാതികള്‍ അറിയിച്ചു. കുറവിലങ്ങാട്‌ മഠത്തില്‍ തെളിവെടുപ്പിന്‌ കൊണ്ടുപോകുന്നതിന്‌ മുമ്പായി പോലീസ്‌ തന്റെ ക്രീംകളര്‍ പൈജാമയും കുര്‍ത്തയും നിര്‍ബന്ധമായി ഊരിവാങ്ങിയെന്നും ഇതു തനിക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കാന്‍ ഉപയോഗിക്കുമോ എന്നു ഭയപ്പെടുന്നുവെന്നുമായിരുന്നു ബിഷപ്‌ പറഞ്ഞത്‌.

എന്നാല്‍ നിയമപരമായി കാര്യങ്ങളല്ലാതെ മറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ പ്രോസിക്യൂഷനും അറിയിച്ചു. ഇക്കാര്യങ്ങളൊക്കെയും കോടതി രേഖപ്പെടുത്തി. തുടര്‍ന്ന്‌ അടുത്തമാസം ആറുവരെ ഫ്രാങ്കോയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. കോടതിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 1.55 നു ബിഷപ്പിനെ പാലാ ജനറലാശുപത്രിയിലേക്ക്‌ കൊണ്ടു പോയി. വൈദ്യപരിശോധന പൂര്‍ത്തിയാക്കി വലിയ സുരക്ഷാസംവീധാനത്തിലൂടെ ബിഷപ്പിനെ പാലാ സബ്‌ ജയിലിലേക്കെത്തിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ ഒരു ബിഷപ്‌ പീഡനക്കേസില്‍ പ്രതിയായി ജയിലില്‍ എത്തുന്നത്‌.

Ads by Google
Tuesday 25 Sep 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW