Friday, October 19, 2018 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.30 AM

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ : മാര്‍ഗനിര്‍ദേശങ്ങള്‍ ഒരാഴ്‌ചയ്‌ക്കകം നടപ്പാക്കണമെന്നു സുപ്രീം കോടതി

uploads/news/2018/09/251314/d2.jpg

ന്യൂഡല്‍ഹി : രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനായി പുറപ്പെടുവിച്ച ഉത്തരവ്‌ നടപ്പാക്കുന്നതു സംബന്ധിച്ച്‌ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതിനായി ജൂലൈ 17-നു പുറപ്പെടുവിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ നടപ്പാക്കണമെന്നു ചീഫ്‌ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ ഉത്തരവിട്ടു.
അതേസമയം, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ ഇന്നലെ കേരളം കോടതിയില്‍ സമര്‍പ്പിച്ചു. ഇതുസംബന്ധിച്ച്‌ സമിതികള്‍ക്കു രൂപം നല്‍കിയതായും കേരളം അറിയിച്ചു.
ഗോസംരക്ഷകരെന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവേയാണു ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്‌, എ.എം. ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ ഇടപെടല്‍.
ആള്‍ക്കൂട്ടക്കൊലപാതകം നടത്തുന്നവര്‍ ശിക്ഷ അനുഭവിക്കണമെന്നും നിയമം കൈയിലെടുത്താല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന്‌ അക്രമികള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക്‌ ഇരയായവര്‍ക്കു നഷ്‌ടപരിഹാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്‌ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണം.
ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തടയാനുള്ള വിധി നടപ്പാക്കി ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കാനും സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി.
ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ എസ്‌.പി. റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ ഓരോ ജില്ലകളിലും നോഡല്‍ ഓഫിസറായി നിയമിക്കണം, കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതി സ്‌ഥാപിക്കണം, ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണം തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളായിരുന്നു ജൂലൈയില്‍ കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്ളത്‌.
ഗോസംരക്ഷകരുടെ ആക്രമണത്തിനിരയായ 55 പേരുടെ പട്ടിക ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്‌ജയ്‌ ഹെഗ്‌ഡെ കോടതിക്കു കൈമാറി. സംസ്‌ഥാന സര്‍ക്കാരുകള്‍ നഷ്‌ടപരിഹാരം നല്‍കാത്തവരുടെ സംസ്‌ഥാനം തിരിച്ചുള്ള പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 25 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW