Friday, October 19, 2018 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.30 AM

വീണ്ടും ബാങ്ക്‌ വായ്‌പാത്തട്ടിപ്പ്‌ : 5000 കോടി തട്ടിയ ഗുജറാത്ത്‌ വ്യവസായി മുങ്ങി

uploads/news/2018/09/251313/d1.jpg

അഹമ്മദാബാദ്‌/മുംബൈ: ബാങ്കുകളില്‍നിന്ന്‌ കോടികള്‍ തട്ടിയ മറ്റൊരു വ്യവസായി കൂടി മുങ്ങി. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന്‌ 5000 കോടി രൂപയുടെ വായ്‌പാത്തട്ടിപ്പ്‌ നടത്തിയ ഗുജറാത്ത്‌ വ്യവസായി നിതിന്‍ സന്ദേശരയാണ്‌ കുടുംബസമേതം ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലേക്കു കടന്നത്‌. സന്ദേശര കഴിഞ്ഞമാസം ദുബായില്‍ പിടിയിലായതായി തെറ്റായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച്‌ 11000 കോടിയോളം രൂപ വജ്രവ്യാപാരി നീരവ്‌ മോഡി തട്ടിയ കേസിന്‌ സമാനമാണിത്‌.
ഗുജറാത്തിലെ വഡോദര ആസ്‌ഥാനമായ സ്‌റ്റെര്‍ലിങ്‌ ബയോടെക്‌ എന്ന കമ്പനിയുടെ ഉടമയാണ്‌ നിതിന്‍. നിതിന്റെ സഹോദരന്‍ ചേതന്‍, സഹോദരഭാര്യ ദിപ്‌തിബെന്‍ എന്നിവരും നൈജീരിയയില്‍ ഉള്ളതായാണു സി.ബി.ഐയിലെയും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിലെയും ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌. പ്രതികളെ കൈമാറാന്‍ ഇന്ത്യ-നൈജീരിയ ഉടമ്പടികളില്ലാത്തതിനാല്‍ ഇവരെ വിട്ടുകിട്ടുന്നത്‌ ശ്രമകരമായിരിക്കും.
ആന്ധ്രാ ബാങ്ക്‌, യൂക്കോ ബാങ്ക്‌, എസ്‌.ബി.ഐ., അലഹാബാദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നിവയുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന്‌ സ്‌റ്റെര്‍ലിങ്‌ ബയോടെക്‌, വായ്‌പയെടുത്ത 5000 കോടിയിലേറെ രൂപ തിരിച്ചടച്ചില്ലെന്നാണു കേസ്‌. വ്യാജമായി ചമച്ച രേഖകളുടെ അടിസ്‌ഥാനത്തില്‍ പ്രതികള്‍ വിവിധ ബാങ്കുകളില്‍നിന്നു നേടിയെടുത്ത വായ്‌പകള്‍ പിന്നീട്‌ നിഷ്‌ക്രിയ ആസ്‌തികളായെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ആഡംബരക്കാറുകളും വസതികളും ആഭരണങ്ങളും വാങ്ങാനും ചെലവഴിച്ചു. വായ്‌പ ഉപയോഗിച്ചു വിദേശത്ത്‌ ഉള്‍പ്പെടെ വസ്‌തുക്കള്‍ വാങ്ങുകയും സ്‌റ്റെര്‍ലിങ്‌ കമ്പനിയുടെ തന്നെ ഓഹരികള്‍ വാങ്ങി വിപണി മൂല്യമുയര്‍ത്തുകയും ചെയ്‌തു. മുന്നൂറിലധികം തട്ടിക്കൂട്ട്‌ കമ്പനികള്‍ ഒരുക്കിയായിരുന്നു തട്ടിപ്പ്‌. കമ്പനി ജീവനക്കാരും ബന്ധുക്കളുമടക്കമുള്ളവരായിരുന്നു ഇത്തരം കടലാസ്‌ കമ്പനികളുടെ ഡയറട്‌കര്‍മാര്‍.
സ്‌റ്റെര്‍ലിങ്‌ ബയോടെക്കിനും ഉടമകളായ സന്ദേശര സഹോദരന്‍മാര്‍ക്കുമെതിരേ സി.ബി.ഐ. കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും കഴിഞ്ഞ ഒക്‌ടോബറില്‍ കള്ളപ്പണം വെളുപ്പിക്കലിന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കേസെടുക്കുകയും ചെയ്‌തതോടെ സന്ദേശര സഹോദരന്മാര്‍ ഒളിവിലായിരുന്നു.
സ്‌റ്റെര്‍ലിങ്ങിന്റെ ഡയറക്‌ടര്‍മാരായ ദീപ്‌തി, രാജ്‌ഭൂഷണ്‍, ഓംപ്രകാശ്‌ ദീക്ഷിത്‌, വിലാസ്‌ ജോഷി, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ ഹേമന്ദ്‌ ഹാത്തി, ആന്ധ്രാ ബാങ്ക്‌ മുന്‍ ഡയറക്‌ടര്‍ അനൂപ്‌ ഗാര്‍ഗ്‌ എന്നിവര്‍ക്കും തിരിച്ചറിയാത്ത മറ്റു ചിലര്‍ക്കുമെതിരേ കേസെടുത്തിരുന്നു.
കഴിഞ്ഞ ജൂണില്‍ സ്‌റ്റെര്‍ലിങ്‌ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ 200 ബാങ്ക്‌ അക്കൗണ്ടുകള്‍, ഓഹരികള്‍, ആഡംബരക്കാറുകള്‍, തുടങ്ങിവയടക്കം 4,700 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ കണ്ടുകെട്ടിയിരുന്നു.
നീരവ്‌ മോഡി ഉള്‍പ്പെട്ട പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ തട്ടിപ്പില്‍ കണ്ടുകെട്ടിയ ആസ്‌തികളുടെ മൂല്യം കഴിഞ്ഞാല്‍ രണ്ടാം സ്‌ഥാനത്താണിത്‌.

Ads by Google
Tuesday 25 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW