Friday, December 14, 2018 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.30 AM

ശാസ്‌ത്രിയുടെ മരണം : രഹസ്യം പരസ്യപ്പെടുത്തണമെന്ന്‌ വിവരാവകാശ കമ്മിഷണര്‍

uploads/news/2018/09/251310/d4.jpg

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദുര്‍ ശാസ്‌ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പരിഗണനയ്‌ക്കു വയ്‌ക്കണമെന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്‍. സോവിയറ്റ്‌ യൂണിന്റെ ഭാഗമായിരുന്ന താഷ്‌കന്റില്‍ ശാസ്‌ത്രി എങ്ങനെ, എന്തുകൊണ്ടു മരിച്ചെന്നു രാജ്യത്തോടു വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനു ചുമതലയുണ്ടെന്നും കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യുലു. ശാസ്‌ത്രിയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയിരുന്നോ എന്നു വിവരാവകാശ അപേക്ഷയില്‍ ചോദ്യമുയര്‍ന്നതോടെയാണിത്‌.
ജനവികാരവും ജനങ്ങളുടെ അറിയാനുള്ള മൗലികാവകാശവുമൊക്കെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കം പരിഗണിക്കേണ്ട വിഷയമാണ്‌. വിദഗ്‌ധസമിതിയെ വച്ചോ മറ്റു രീതിയിലോ രേഖകള്‍ പരസ്യമാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണം.
അതിനാല്‍ രഹസ്യരേഖകള്‍ ഇരുവര്‍ക്കും മുമ്പാകെ ഹാജരാക്കണമെന്ന്‌ വിവരാവകാശ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര വിവരാവകാശ ഓഫീസര്‍മാര്‍ക്കാണു നിര്‍ദേശം.
ശാസ്‌ത്രിയുടെ മരണത്തെപ്പറ്റി അന്വേഷിക്കാന്‍ എഴുപതുകളില്‍ ജനതാ സര്‍ക്കാരിന്റെ കാലത്ത്‌ നിയോഗിച്ച രാജ്‌ നാരായണ്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ രാജ്യസഭയിലില്ലെന്നത്‌ ഞെട്ടിക്കുന്നതാണ്‌. പാര്‍ലമെന്റില്‍ പറയുന്ന ഓരോ വാക്കും സഭയുടെ രേഖയാക്കി വയ്‌ക്കുന്നതാണു പതിവ്‌. പാര്‍ലമെന്റില്‍ ഭരണഘടനാപരമായ പദവിയിലിരിക്കുന്നവര്‍ അന്വേഷണം നടത്തി രേഖകള്‍ വീണ്ടെടുക്കണമെന്നും കമ്മിഷണര്‍ നിര്‍ദേശിച്ചു.
1965 ലെ ഇന്ത്യ- പാക്‌ യുദ്ധത്തിനു പിന്നാലെ സോവിയറ്റ്‌ പ്രധാനമന്ത്രി ആലക്‌സി കീനോട്ടിന്റെ മധ്യസ്‌ഥതയില്‍ ചര്‍ച്ചയ്‌ക്കെത്തിയ വേളയിലാണു താഷ്‌കന്റില്‍ ശാസ്‌ത്രി മരിച്ചത്‌.
പാക്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അയൂബ്‌ ഖാനുമൊത്ത്‌ സംയുക്‌ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇത്‌. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതേസമയം, ദുരൂഹതയുടെ ഒട്ടേറെ ചുരുളുകള്‍ അഴിയാനുണ്ടെന്നും വാദങ്ങളുയര്‍ന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ശാസ്‌ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പരസ്യപ്പെടുത്താന്‍ വിസമ്മതിച്ചതോടെ ഈ ആരോപണം കൂടുതല്‍ ശക്‌തമായി.
ശാസ്‌ത്രിയുടെ പഴ്‌സണല്‍ ഡോക്‌ടറും സഹായിയും വ്യത്യസ്‌ത അപകടങ്ങളില്‍ കൊല്ലപ്പെട്ടതും രാജ്യസഭയിലെ രേഖകള്‍ അപ്രത്യക്ഷമായതും മാധ്യമപ്രവര്‍ത്തകരും ശാസ്‌ത്രിയുടെ ബന്ധുക്കളുമടക്കം ഉന്നയിച്ച ആരോപണങ്ങളും കൂട്ടിവായിക്കുമ്പേള്‍ ദുരൂഹതകള്‍ ഏറെ ബാക്കിയാണെന്ന്‌ കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ നിരീക്ഷിച്ചു. ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടിനപ്പുറം ഇക്കാര്യത്തില്‍ ഒരു വിവരവും പുറത്തുവന്നിട്ടില്ലെന്നും കമ്മിഷണര്‍ വ്യക്‌തമാക്കി.

Ads by Google
Tuesday 25 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW