Tuesday, June 25, 2019 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 23 Sep 2018 01.14 AM

മുല്ലപ്പൂമ്പൊടിയേറ്റുകിടന്ന കല്ല്‌

uploads/news/2018/09/250727/sun2.jpg

വിവാഹദിവസം രാത്രി, എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ അയാള്‍ അവളെയും വിളിച്ചു ശബ്‌ദമുണ്ടാക്കാതെ കതകുതുറന്നു, അയാളുടെ വീടിന്റെ കിഴക്കുവശത്തുള്ള പാറപ്പുറത്തു കുറെ നേരം ചെന്നിരുന്നു.
അവളുടെ കൈയെടുത്തു മടിയില്‍ വച്ചുകൊണ്ടു കൈപ്പത്തിയില്‍ തലോടിക്കൊണ്ട്‌, അന്നയാള്‍ കഥകള്‍ പറഞ്ഞു. താന്‍ കാണുമായിരുന്ന സ്വപ്‌നങ്ങളേപ്പറ്റി, തന്റെ സ്വന്തമായ വിശ്വാസങ്ങളെപ്പറ്റി, എയര്‍കണ്ടീഷന്‍ഡ്‌ ഓഫീസിലെ ജോലിയെപ്പറ്റി, ബോംബെയിലെ സ്‌ത്രീകള്‍ക്കിടയില്‍ പുതുതായി പ്രചാരത്തില്‍ വന്നിരിക്കുന്ന വസ്‌ത്രധാരണത്തെപ്പറ്റി, മടുപ്പിക്കുന്ന മറുനാടന്‍ ജീവിതത്തെപ്പറ്റി...
ഒടുവില്‍, നാണവും സങ്കോചവും വിലക്കിക്കൊണ്ടിരിക്കുമ്പോഴും അവള്‍ ചോദിച്ചത്‌ അയാള്‍ കേട്ടു.
ഞാനൊരുകൂട്ടം ചോദിച്ചാല്‍ സത്യം പറയുവോ?
അയാള്‍ ചിരിച്ചു. എന്തുവാ?
സത്യം പറയണം...
ഓ...
കല്യാണത്തിനു മുമ്പ്‌ ആരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ?...
അങ്ങനെയൊരു ചോദ്യത്തെ നേരിടേണ്ടിവരുമെന്ന്‌ അയാളൂഹിച്ചിരുന്നില്ല. എങ്കിലും ഒരു നിമിഷത്തെ നടുക്കത്തിനുശേഷം അയാള്‍ പറഞ്ഞു:
ഓ, ഇതാണോ? അയാള്‍ നിഷ്‌ക്കളങ്കമായി മറുപടി പറഞ്ഞു--ഇല്ല.
അവള്‍ തെളിഞ്ഞ നിലാവില്‍ മുഖമുയര്‍ത്തി തന്റെ കണ്ണുകളിലേക്കു നോക്കുന്നതവള്‍ കണ്ടു. തന്റെ വാക്കുകളെ അവള്‍ വിശ്വസിക്കുന്നില്ലെന്നയാള്‍ക്കു തോന്നി.
എനിക്കതിലൊന്നും ഇല്ല. അവള്‍ പറഞ്ഞു. കല്യാണത്തിനു മുമ്പ്‌ ഒരു സ്‌നേഹം ഉണ്ടായിരുന്നെന്നു വച്ച്‌ അതിലെന്താ തെറ്റ്‌?
അയാള്‍ പുഞ്ചിരിക്കുക മാത്രമേ ചെയ്‌തുള്ളൂ. അവള്‍ പിന്നെയും സംസാരം തുടര്‍ന്നപ്പോള്‍, അയാള്‍ മനഃപൂര്‍വ്വം വിഷയം മാറ്റാന്‍ ശ്രമിച്ചുകൊണ്ടു പറഞ്ഞു. ഈ രാത്രി ഇങ്ങനെ സംസാരിച്ചു കളയാനുള്ളതല്ല. വാ, കിടക്കാം. നേരം വളരെയായി...
അയാള്‍ എഴുന്നേറ്റു. അയാളുടെ കൈയില്‍ പിടിച്ചുകൊണ്ട്‌ അവളും.
പിന്നീട്‌ ഒരാഴ്‌ചയ്‌ക്കു ശേഷം ഭാര്യാഗൃഹത്തില്‍ ചെന്നപ്പോള്‍, ഭാര്യയുടെ അമ്മയും ഒരിക്കല്‍ അവരുടെ പഴയ കഥ പറഞ്ഞു.
എന്റെ ഭര്‍ത്താവിന്റെ സ്വകാര്യജീവിതത്തെപ്പറ്റി ചന്ദ്രനു കുറെയൊക്കെ അറിയാമല്ലോ. ഇല്യോ? എന്നാലും അയാള്‍ മഹാനായിരുന്നു. വിശാലഹൃദയനായിരുന്നു. വിവാഹം കഴിഞ്ഞ രാത്രി- ആരോരുമില്ലാത്ത അദ്ദേഹം അന്നു ഒരു വാടകമുറിയിലാണു താമസം. താന്‍ ജീവിതത്തിന്റെ അഴുക്കു ചാലില്‍ കൂടി സഞ്ചരിച്ച എല്ലാ കഥകളും എന്നോടേറ്റു പറഞ്ഞു മാപ്പു ചോദിച്ചു. അതെല്ലാം കേട്ടപ്പോള്‍ എനിക്കു അദ്ദേഹത്തെ വിശ്വാസമായി, ബഹുമാനമായി.
അയാള്‍ വെറുതെ കേട്ടിരുന്നു. എങ്കിലും അതിന്റെ സൂചന അയാള്‍ ഗ്രഹിച്ചു.
അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ ഭാര്യയോടു ചോദിച്ചു. എന്തിനാ നിന്റേയും അമ്മയുടെയും ഒരുക്കം? ഇല്ലാത്ത കഥകള്‍ ഞാന്‍ ഉണ്ടാക്കി പറയണമെന്നു നിങ്ങള്‍ക്കു നിര്‍ബന്ധമാണോ?
അവള്‍ പറഞ്ഞു- പുരുഷനെ വിശ്വസിക്കരുതെന്നാണ്‌ അമ്മ പറയുന്നത്‌. കളവു പറയുന്നവരെ പ്രത്യേകിച്ചും. എന്തെങ്കിലുമൊരു രഹസ്യമൊക്കെയില്ലാത്ത ആണുങ്ങളുണ്ടോ? അതു തുറന്നു പറയാന്‍ എന്താ ഇത്ര മടി? മറ്റാരുമല്ലല്ലോ ചോദിക്കുന്നത്‌. സ്വന്തം ഭാര്യയല്ലേ?.
അയാള്‍ കര്‍ശനമായി പറഞ്ഞു: ഇതിവിടെ നിര്‍ത്താം. മേലില്‍ ഇത്തരത്തില്‍ എന്നോടു സംസാരിക്കരുത്‌.
അയാള്‍ അവളോടു കടുത്ത സ്വരത്തില്‍ പറഞ്ഞ ആദ്യത്തെ വാക്കുകളായിരുന്നു അത്‌.
ക്ഷീണത്തോടെ അത്തിമരത്തില്‍ ചാരി, വൃക്ഷങ്ങള്‍ക്കിടയിലൂടെ ഒഴുകി വീഴുന്ന നിലാവിനെ നോക്കിനില്‌ക്കുമ്പോള്‍ അയാള്‍ക്കു തോന്നി.
സംഘര്‍ഷം ഈ വീടിന്റെ ശാപമായിരിക്കാം.
ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ കൈവരിച്ച ചെറുപ്പക്കാരനാണ്‌ അയാള്‍. നഷ്‌ടങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടാന്‍ ഒരിക്കലും അയാള്‍ക്ക്‌ അവസരമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, ഈ സ്വസ്‌ഥത വീര്‍പ്പുമുട്ടി മരിക്കുന്ന നിമിഷങ്ങളില്‍, അമൂല്യമായ എന്തോ കൈമോശം വന്ന നിരാശ തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്‌ അറിയുന്നു.
കൃത്യനിഷ്‌ഠ സൂക്ഷ്‌മമായി പാലിച്ചിരുന്നതുകൊണ്ട്‌ വൈകുന്നേരം വായിക്കുകയും എഴുതുകയും അയാളുടെ പതിവായി മാറിയിരുന്നു.
പക്ഷേ അപ്പോഴാണ്‌ ടി.വി.യിലെ തുടരന്‍ പരിപാടികളും സിനിമയും. സൈ്വര്യതയ്‌ക്കു ശല്യമുണ്ടാക്കുന്നത്‌ അയാള്‍ക്കു ഒരിക്കലും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രദ്ധ പിടിയില്‍നിന്നു കുതറിച്ചാടിപ്പോവുന്നതും.
അയാള്‍ ദൃഢനിശ്‌ചയം ചെയ്‌തു. ഇല്ല. ഇതു തുടരാന്‍ ഞാന്‍ അനുവദിക്കില്ല. അനുവദിച്ചാല്‍ തകരുന്നത്‌ ഒരു കുടുംബജീവിതമായിരിക്കും.
അടുക്കളയില്‍ അമ്മയും മകളുമായി താഴ്‌ന്ന സ്വരത്തിലുള്ള വാഗ്‌വാദം.
അയാള്‍ രോഷത്തിന്റെ ആവേശത്തോടെ ചിരിച്ചു. അവള്‍ ഇനിയെന്താണ്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ കാത്തുനിന്നു.
തനിക്കും അവള്‍ക്കുമിടയില്‍ തീക്ഷണമായ ഒരു വാശി കിടന്നു പുകയുന്നു.
തന്റെ നെഞ്ചിടിപ്പു പെരുകുന്നതും ശ്വാസോച്‌ഛ്വാസം കൂടുതല്‍ ചൂടുപിടിക്കുന്നതും അയാള്‍ ക്ഷണത്തില്‍ മനസ്സിലാക്കി.
ചെയിന്‍ സ്‌മോക്കറല്ലാതിരുന്നിട്ടും അയാള്‍ ഒന്നിനു പുറകെ ഒന്നായി സിഗരറ്റു വലിച്ചുതള്ളി.
ഉറച്ച തയ്യാറെടുപ്പോടെ, ലഹരിപോലെ പതഞ്ഞുയരുന്ന വികാരവിക്ഷോഭത്തോടെ, സമയത്തെ കൈയിലിട്ടു ഞെരിച്ചുകൊണ്ടു അയാളിരുന്ന നിമിഷങ്ങളില്‍-
കൃത്യം ആറര മണിക്കു ടെലിവിഷന്‍ ശബ്‌ദിച്ചു.
താമസിച്ചില്ല. അയാളറിയാതെ അയാളില്‍ വിങ്ങുകയായിരുന്ന കൊടുങ്കാറ്റ്‌ എങ്ങനെയോ പുറത്തു കടന്നു.
മുറിയുടെ നടുവില്‍ക്കിടന്ന കസേരയെ തട്ടി നീക്കിക്കൊണ്ടു പാഞ്ഞു ചെല്ലുമ്പോള്‍ കണ്ടു: വോള്യം കൂട്ടിവച്ച സിസ്‌റ്റത്തിനു മുമ്പില്‍, നടുവിലത്തിന്റെ ചുവരിലെ ട്യൂബ്‌ ലൈറ്റിനു കീഴെ, വിജയഭാവം നിറഞ്ഞ മുഖവുമായി അവള്‍ നില്‌ക്കുന്നു.
അയാള്‍ തീ പറക്കുന്ന കണ്ണുകള്‍കൊണ്ട്‌ അവളുടെ നേരെ നോക്കി.
പിന്നെ പെട്ടെന്നു കുനിഞ്ഞു വയലറ്റ്‌ വിരിയിട്ട മേശപ്പുറത്തുനിന്നു ടെലിവിഷന്‍ മറിച്ച്‌ തറയിലിട്ടു.
അയാള്‍ വല്ലാതെ കിതയ്‌ക്കുകയും പല്ലു ഞെരിക്കുകയും ചെയ്‌തു.
ശബ്‌ദം കേട്ട്‌ ഓടിവന്ന അവളുടെ അമ്മയും അവളും വെറുങ്ങലിച്ച്‌, ഊമകളെപ്പോലെ നില്‌ക്കുമ്പോള്‍, അയാള്‍ കുനിഞ്ഞിരുന്നു. ചിതറിപ്പോയ പാര്‍ട്ട്‌സുകള്‍ പെറുക്കി മുറിയുടെ ഒരു മൂലയില്‍ കൂട്ടിവച്ചു.
എന്നിട്ടു മുരടനക്കിക്കൊണ്ട്‌ യാതൊന്നും സംഭവിക്കാത്ത മട്ടില്‍, കട്ടിലില്‍ച്ചെന്നു കിടക്കുമ്പോള്‍ വിജയത്തിന്റെ ആദ്യത്തെ ലഹരി തന്നെ മത്തുപിടിപ്പിക്കുന്നത്‌ അയാളറിഞ്ഞു.
നിശബ്‌ദത നാലുവശത്തുനിന്നും ഓടിവന്ന്‌ വീടിനെ വിഴുങ്ങി.
വളരെ വൈകിയാണ്‌ അയാളുടെ കണ്ണുകളില്‍ ഉറക്കം പറന്നുവന്നിരുന്നത്‌. അയാള്‍ ഉറങ്ങിപ്പോകുമ്പോഴും അവള്‍ വന്നു കിടന്നിരുന്നില്ല.
അതിനുശേഷം, രാത്രിയിലെപ്പോഴോ കണ്ണുതുറന്നു ശൂന്യമായ ഇരുട്ടിന്റെ നേരെ നോക്കിയപ്പോള്‍, അയാളൊരു തേങ്ങിക്കരച്ചില്‍ കേട്ടു.
അയാള്‍ മനസ്സിലാക്കി, അവള്‍ അടുത്തു വന്നു കിടന്നിരിക്കുന്നു.
തിരിഞ്ഞില്ല, മിണ്ടിയതുമില്ല.
അയാളുടെ രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ മുഖം ചേര്‍ത്തുകൊണ്ട്‌, അയാളുടെ കഴുത്തിലൂടെ കൈചുറ്റിക്കൊണ്ട്‌ അവള്‍ ചോദിച്ചു: എന്നോടു വലിയ കെറുവാ അല്ലേ?
അയാള്‍, ആണെന്നും അല്ലെന്നും പറഞ്ഞില്ല.
ഞാന്‍ ചേട്ടനോടു വളരെ കയര്‍ത്തു, അവള്‍ സ്വയം ശപിച്ചുകൊണ്ട്‌ കൂട്ടിച്ചേര്‍ത്തു.എന്തുചെയ്യും, എന്റെ ഈശ്വരാ. എന്റെ സ്വഭാവം അങ്ങനെ ആയിപ്പോയി. എന്റെ ചേട്ടന്‍ എന്നോടു ക്ഷമിക്കത്തില്ലേ?
അയാള്‍ ഒന്നനങ്ങിയപ്പോള്‍ അവള്‍ വീണ്ടും ചോദ്യങ്ങള്‍ കൊണ്ട്‌ അയാളെ പൊതിഞ്ഞു. ഇല്ലേ, പറ? എനിക്ക്‌ മാപ്പ്‌ തരത്തില്ലേ? ഞാന്‍ മുല്ലപൂമ്പൊടിയേറ്റു കിടക്കുന്ന കല്ലാണെന്ന്‌ എപ്പോഴും പറയുന്ന ആളല്ലേ?
അവള്‍ സ്വന്തം തെറ്റുകളില്‍ പശ്‌ചാത്തപിക്കുന്നുണ്ടെന്നും അതാത്മാര്‍ത്ഥതയാണെന്നും തോന്നിയപ്പോള്‍, അയാള്‍ വലതുകൈയുയര്‍ത്തി അവളെ സ്‌പര്‍ശിച്ചു.
അയാള്‍ ഒരു തമാശപോലെ പറയുകയും ചെയ്‌തു.
പെണ്ണുങ്ങള്‍ക്ക്‌ ഇത്രയൊന്നും അഹങ്കാരം പാടില്ല
അവള്‍ അയാളുടെ കൈ എടുത്തു മുഖത്തു ചേര്‍ത്തുകൊണ്ടു പറഞ്ഞു. ഇനിയൊരിക്കലും ഞാനെന്റെ ചേട്ടനോടു കയര്‍ക്കത്തില്ല, സത്യം-
അയാള്‍ പറഞ്ഞു ടി.വി. ഉടഞ്ഞുപോയാലും പുതിയ പാര്‍ട്‌സ് വാങ്ങി നന്നാക്കിയെടുക്കാം. പക്ഷേ ഒരു ജീവിതം തന്നെ തകര്‍ന്നുപോയാലോ?
തകര്‍ന്നു പോയാലോ? അവള്‍ കൊഞ്ചിക്കൊണ്ട്‌ എടുത്തുചോദിച്ചു.
അയാള്‍ മറുപടി പറയാതെ അവളുടെ നെറ്റിയില്‍ ചുംബിച്ചു.

(അവസാനിച്ചു)

രാജന്‍ ചിന്നങ്ങത്ത്‌

Ads by Google
Sunday 23 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW