Thursday, June 20, 2019 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 23 Sep 2018 01.14 AM

ദ്യശ്യമാധ്യമ മേഖലയില്‍ വ്യക്‌തി മുദ്ര പതിപ്പിക്കാന്‍ 'ഹെയ്‌ദി സാദിയ'

uploads/news/2018/09/250726/sun1.jpg

കേരളത്തിലെ ആദ്യ ട്രാന്‍സ്‌സെക്ഷ്വല്‍ മാധ്യമ വിദ്യാര്‍ഥിയായി ചരിത്രം കുറിച്ച പൊന്നാനിക്കാരിയായ ഹെയ്‌ദി സാദിയക്കിനി ദൃശ്യമാധ്യമ മേഖലയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിക്കണം. അടുത്തിടെയാണ്‌ കേരളത്തിലെ ആദ്യ ട്രാന്‍സ്‌സെക്ഷ്വല്‍ മാധ്യമ തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബ്‌ നടത്തുന്ന ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജേര്‍ണലിസം ബാച്ചില്‍ ഇലക്‌ട്രോണിക്‌ ജേര്‍ണലിസം കോഴ്‌സിന്‌ ചേര്‍ന്നത്‌.
പിതാവിന്റെ വീട്‌ തൃശൂര്‍ ചേറ്റുവായിലായിരുന്നെങ്കിലും സാദിയ ചെറുപ്പംമുതലേ മാതാവിന്റെ വീടായ പൊന്നാനിയിലായിരുന്നു താമസം. നിലവില്‍ കുടുംബസമേതം എല്ലാവരും പൊന്നാനിയിലാണ്‌. ഇതിന്‌ മുമ്പു കേരളത്തിലെ ട്രാന്‍സ്‌ വിഭാഗത്തിലെ ആരുംതന്നെ അഡ്‌മിഷന്‍ സമയത്ത്‌ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി മാധ്യമപഠനമേഖലയിലേക്ക്‌ കാലെടുത്ത്‌ വെച്ചിട്ടില്ല എന്നത്‌ തന്നെയാണ്‌ ഹെയ്‌ദി സാദിയയെ വേറിട്ട്‌ നിര്‍ത്തുന്നത്‌. തങ്ങളുടെ വിഭാഗത്തിന്‌ ഈമേഖലയില്‍ ഒരുപാട്‌ കാര്യങ്ങള്‍ ചെയ്ാനയുണ്ടെന്നും ഹെയ്‌ദി സാദിയ പറയുന്നു.
ട്രാന്‍സ്‌വിഭാഗങ്ങളിലെ ഒരാള്‍ വാര്‍ത്താ അവതാരകയായും മറ്റൊരാള്‍ പ്രോഗ്രാം അവതാരകയായും കേരളത്തിലെ രണ്ടുചാനലുകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മാധ്യമ പഠനം നടത്തി ഈമേഖലയെ ഗൗരവമായി കണ്ടു മുന്നേറുകയാണ്‌ ഹെയ്‌ദിയുടെ ലക്ഷ്യം. ഇതിലൂടെ, തന്റെ കമ്മ്യൂണിറ്റിയുടെ പേര്‌ ഉയരുമെന്നും മറ്റുള്ളവരും ഈമേഖലയിലേക്ക്‌ കടന്നുവരാന്‍ കാരണമാകുമെന്നും ഈ മാധ്യമവിദ്യാര്‍ഥിനി പ്രതീക്ഷിക്കുന്നു.
പൊന്നാനി ടൗണ്‍ ജുമാമസ്‌ജിദിനു സമീപം പടിഞ്ഞാറകം വീട്ടില്‍ ഷാഹുലിന്റെയും ജമീലയുടെയും മകനായി ജനിച്ച സാദിയയുടെ യഥാര്‍ത്ഥ പേര്‌ നയാന്‍ എന്നായിരുന്നു. ഏറെ ചെറുപ്പത്തിലേ തന്റെ ഉള്ളിലെ പെണ്ണിനെ ഹെയ്‌ദി സാദിയ തിരിച്ചറിയുകയും ഇക്കാര്യം വീട്ടുകാരോട്‌ പറയുകയും ചെയ്‌തു. എന്നാല്‍ യാഥാസ്‌ഥിക കുടുംബം ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായില്ല.
വീട്ടുകാര്‍ ആണായി തന്നെ കണ്ടെങ്കിലും മനസ്സുപോലെതന്നെ ശരീരംകൊണ്ടും പെണ്ണാകാനുള്ള തത്രപ്പാടിലായിരുന്നു നയാന്‍. തവനൂര്‍ കടകശേരി ഐഡിയല്‍ സ്‌കൂളിലാണ്‌ പത്താംക്ലാസുവരെ പഠനം നടത്തിയത്‌. ഇവിടെ ആണ്‍കുട്ടിയായാണ്‌ എല്ലാവരും കണ്ടിരുന്നെതങ്കിലും പല അധ്യാപകരും തന്നിലെ സ്‌ത്രീയെ അന്നുതന്നെ മനസ്സിലാക്കിയതായും ഹെയ്‌ദി പറയുന്നു. അന്നത്തെ പ്രിയപ്പെട്ട അധ്യാപികയായ ചിത്ര, ഒരമ്മയുടെ സ്‌ഥാനത്ത്‌ നിന്ന്‌ തന്റെ അവസ്‌ഥ മനസിലാക്കുകയും അതിനനുസൃതമായ പരിഗണനയും നിര്‍ദ്ദേശങ്ങളും നല്‍കിയതും സാദിയ നന്ദിയോടെ ഓര്‍ക്കുന്നു. ഒരു അമ്മ തരേണ്ട എല്ലാ ഉപദേശങ്ങളും പ്രോത്സാഹനവും അവര്‍ ഇന്നും സാദിയക്ക്‌ നല്‍കുന്നുണ്ട്‌. അന്ന്‌ കളിയാക്കിയവരില്‍ പലരും ഇന്നു തന്നെ അംഗീകരിക്കുന്നു. ഇതുതന്നെ വലിയകാര്യമായി സാദിയ കരുതുന്നു.
വീട്ടുകാരും നാട്ടുകാരും അംഗീകരിക്കാതിരുന്നതോടെ 18-ാം വയസ്സില്‍ സാദിയ നാട്‌ വിട്ടു.. പിന്നീടങ്ങോട്ട്‌ സര്‍ജറി ചെയ്യാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു.
ഈ സമയത്താണ്‌ ട്രാന്‍സ്‌ജെന്‍ഡറില്‍നിന്നും ട്രാന്‍സ്‌സെക്ഷ്വലായിമാറിയത്‌.
ബംഗളൂരുവിലും ഡല്‍ഹിയിലും കുറേ നാളുകള്‍ ജീവിച്ചു. പൂര്‍ണമായും സ്‌ത്രീയായി പരിവര്‍ത്തനം ചെയ്‌തെന്നു ബോധ്യപ്പെട്ടതിന്‌ ശേഷം തിരിച്ച്‌ നാട്ടിലെത്തി. കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയുടെ ഭാരവാഹികളായ രഞ്‌ജു രഞ്‌ജിമാര്‍, സൂര്യ ഇഷാന്‍, ഹരിണി ചന്ദന തുടങ്ങിയവരാണ്‌ തന്റെ രണ്ടാം ജന്‍മത്തിന്‌ എല്ലാ പിന്തുണയും നല്‍കിയതെന്ന്‌ ഹെയ്‌ദി പറയുന്നു.
എറണാകുളം സെന്റ്‌തെരേസാസ്‌ കോളജില്‍ നിന്നും ബിരുദമെടുത്തതിന്‌ ശേഷമാണ്‌ ജേര്‍ണലിസം പഠിക്കാനായി തലസ്‌ഥാനത്തേക്ക്‌ വരുന്നത്‌.
ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു പരിഗണനയും ആവശ്യപ്പെടാതെ പൊതുവിഭാഗത്തില്‍ അപേക്ഷിച്ച്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 18-ാം റാങ്ക്‌ നേടിയാണ്‌ 21 വയസുള്ള ഹെയ്‌ദി അഡ്‌മിഷന്‍ നേടിയത്‌.
''സമൂഹം അംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്ക്‌ തലയുയര്‍ത്തി തന്നെ ജീവിക്കണം''
ഹെയ്‌ദിയുടെ വാക്കുകള്‍ക്ക്‌ ഉറച്ച തീരുമാനത്തിന്റെ കരുത്തുണ്ട്‌. താനുള്‍പ്പെടുന്നവിഭാഗത്തിന്റെയും പൊതുസമൂഹത്തിന്റെയും ക്ഷേമവും നന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തനം സഹായകമാകുമെന്ന്‌ ഈ പെണ്‍കുട്ടി വിശ്വസിക്കുന്നു.

വി.പി. നിസാര്‍

Ads by Google
Sunday 23 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW