Thursday, June 20, 2019 Last Updated 22 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 23 Sep 2018 01.14 AM

തിലകപര്‍വം

uploads/news/2018/09/250725/sun5.jpg

അരങ്ങിലും അഭ്രപാളിയിലും അതിശക്‌തമായ അഭിനയ വൈഭവത്തിന്റെ അലൗകിക മാതൃകകള്‍ പൊലിപ്പിച്ചെടുത്ത തിലകന്‍ ചായവും ചമയവുമില്ലാത്ത ലോകത്തേക്ക്‌ യാത്രയായിട്ട്‌ ആറു വര്‍ഷം തികയുന്നു.
ജീവിതത്തിന്റെ ഭൂരിഭാഗവും കലയുടെ നവഭാഷ്യങ്ങള്‍ ചമച്ച തിലകന്റെ ചൈതന്യം മലയാള സിനിമയുടെ പുണ്യമാണ്‌. സ്വന്തം ശരീരത്തെയും അതിന്റെ സാധ്യതകളെയും എല്ലാ അര്‍ത്ഥത്തിലും തിരിച്ചറിഞ്ഞ തിലകന്‍ കഥാപാത്രത്തിന്റെ പ്രത്യക്ഷസത്തയും ആന്തരിക സ്വഭാവവും ഉള്‍ക്കൊണ്ടു.
ആസ്വാദക മനസ്സുകളില്‍ അഭിനേതാവായി അരനൂറ്റാണ്ടിലേറെ കാലത്തിന്റെ അനുഭവ ചൂടുകൊണ്ട്‌ പടുത്തുയര്‍ത്തപ്പെട്ട പര്‍വ്വതമായി ചിരപ്രതിഷ്‌ഠ നേടിയതിനുശേഷം ഒരു അപൂര്‍ണതയോടെയാണ്‌ അദ്ദേഹം കടന്നുപോയത്‌. നൈസര്‍ഗികമായ കലാവാസന തന്നില്‍ നിക്ഷിപ്‌തമാണെന്ന ബോധം തിലകനില്‍ അടിയുറച്ചുണ്ടായിരുന്നു. ഒരിക്കലും വെറുതെയിരുന്നില്ല. എപ്പോഴും തന്റേതായ ലോകം പണിതുകൊണ്ടിരുന്നു. അങ്ങനെ ജനസമക്ഷത്തിന്റെ ആരാധനാപാത്രമായി. തിലകന്‍ സിനിമയില്‍ നടനായാണ്‌ വന്നത്‌. സിനിമ തിലകനെ നടനാക്കി മാറ്റിയതല്ല. ഒരൊറ്റ ചിത്രത്തില്‍പ്പോലും കാണികള്‍ തിലകനെ കണ്ടില്ല. കഥാപാത്രങ്ങളെ മാത്രം കണ്ടു. അദ്ദേഹം ശരീരം മുഴുവന്‍ ചുട്ടികുത്തിയ നടനായിരുന്നു.
പട്ടാളത്തില്‍ രണ്ടുവര്‍ഷം സേവനമനുഷ്‌ഠിച്ചെങ്കിലും അഭിനയത്തിന്റെ മധുചഷകത്തില്‍വീണുപോയ തിലകന്‍ മലയാള നാടകവേദിയുടെ രംഗഭൂമിയില്‍ നിത്യസാന്നിധ്യമായി. നാടകത്തിലെ അഭിനയസങ്കല്‍പ്പം ബോധപൂര്‍വ്വം തിരസ്‌കരിച്ച ആദ്യനടന്മാരില്‍ ഒരാളാണ്‌ തിലകന്‍. സിനിമയിലെ ക്യാമറയ്‌ക്കു മുന്നിലെ അഭിനയത്തെയും സാങ്കേതികതയെയും ബഹുമാനിച്ചു കൊണ്ട്‌ അദ്ദേഹം കഥാപാത്രങ്ങളെ സ്വീകരിച്ചു. ജീവിത പരിസരങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും സുക്ഷ്‌മ നീരിക്ഷണത്തിലൂടെ നേടിയ സ്വഭാവ സവിശേഷതകള്‍ ഉപയോഗപ്പെടുത്തി കഥാപാത്രങ്ങള്‍ക്ക്‌ തിലകന്‍ നല്‍കിയ ഭാവഭംഗി അനുപമമായിരുന്നു. സ്‌ഫടികത്തിലെ ചാക്കോ മാസ്‌റ്ററുടെ അകവും പുറവും സ്വന്തം പിതാവിന്റെ ശീലങ്ങളില്‍ നിന്ന്‌ സ്വാംശീകരിച്ചെടുത്തതായിരുന്നു. അച്‌ഛന്‍ വേഷങ്ങള്‍ക്കും പുരോഹിത വേഷങ്ങള്‍ക്കും ഈ നടന്‍ പുതിയൊരു ആട്ടപ്രകാരം നല്‍കി. രൗദ്രവും ശൃംഗാരവും ഹാസ്യവും തനിക്ക്‌ വഴങ്ങുന്ന രസങ്ങളാണെന്ന്‌ അദ്ദേഹം തെളിയിച്ചു. നിയന്ത്രിതമായ വികാരപ്രകടനത്തിലൂടെ പരമാവധി പ്രഭാവം കഥാപാത്രങ്ങള്‍ക്ക്‌ നല്‍കാന്‍ തിലകന്‌ കഴിഞ്ഞു.
ശബ്‌ദവിന്യാസവൈഭവവും അതിന്റെ പലതരം സ്വരഭേദങ്ങളും ഇത്രമേല്‍ സൂക്ഷ്‌മമായി പ്രയോഗിച്ച നടനില്ല. ചലനംകൊണ്ട്‌ ശബ്‌ദത്തെയും ശബ്‌ദംകൊണ്ട്‌ ചലനത്തെയും എത്രമേല്‍ പോഷിപ്പിക്കാമെന്ന്‌ അദ്ദേഹം തെളിയിച്ചു.
മുണ്ടക്കയത്ത്‌ കേശവന്‍-ദേവയാനി ദമ്പതികളുടെ മകനായി 1935 ഡിസംബര്‍ എട്ടിന്‌ ജനിച്ച കെ. സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറി. ആ ജീവിതം വെല്ലുവിളികളുടെയും ഏറ്റുമുട്ടലുകളുടേതുമായിരുന്നു. എവിടെയും താന്‍പോരിമയും ആത്മവിശ്വാസവും ചങ്കൂറ്റവും ഉയര്‍ത്തിപ്പിടിച്ച ഈ കാട്ടുകുതിരയെ തളയ്‌ക്കാനാവില്ലെന്ന്‌ കാലം തെളിയിച്ചു. സ്‌കൂളിലും കോളേജിലും കാണിച്ച സമരാവേശവും പോരാട്ടവീര്യവും കൈമുതലായി ഉണ്ടായിരുന്നു. മുണ്ടക്കയം സി.എം.എസ്‌. സ്‌കൂള്‍, കോട്ടയം എം.ഡി. സെമിനാരി, കൊല്ലം എസ്‌.എന്‍. കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. അനീതികളെ എതിര്‍ത്തും ചോദ്യം ചെയ്‌തും ധിക്കാരിയുടെ കാതല്‍ സ്വന്തമാക്കിയ വ്യക്‌തിയാണ്‌ തിലകന്‍. മറിയ ആശാട്ടി എഴുതിയ നാടകത്തിലെ കഥാപാത്രത്തെ രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവതരിപ്പിച്ചുകൊണ്ട്‌ ആരംഭിച്ചതാണ്‌ അദ്ദേഹത്തിന്റെ അഭിനയജീവിതം. നാടകരംഗത്ത്‌ 32 വര്‍ഷം ശ്രദ്ധേയ സാന്നിധ്യമായി മാറിയ തിലകന്‍ പ്ര?ഫഷണല്‍ സംഘങ്ങളിലെ മുഖ്യ അഭിനേതാവായി. ഒട്ടേറെ നാടകങ്ങള്‍ സംവിധാനം ചെയ്‌തു. പി.ജെ. ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ്‌ തിലകന്‍ സംവിധാനം ചെയ്‌ത ആദ്യനാടകം. കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്‌ അടക്കം നാടകരംഗങ്ങളിലെ പ്രകടനങ്ങള്‍ക്ക്‌ 1986, 2005, 2007 വര്‍ഷങ്ങളില്‍ സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ സംസ്‌ഥാന അവാര്‍ഡുകള്‍ ലഭിച്ചു.
ചലച്ചിത്രവേദികളില്‍ അഭിനയത്തിന്റെ അജ്‌ഞാതദേശങ്ങള്‍ തേടിയുള്ള ഈ നടന്റെ മറ്റൊരു യാത്ര തുടങ്ങിയത്‌ 1973-കള്‍ക്കു ശേഷമാണ്‌. സാങ്കേതികതയും ഭാവനയും കുതിച്ചൊഴുകുന്ന സിനിമയില്‍ മനോനില തകര്‍ന്ന ഒരു യൂവാവിന്റെ വേഷമവതരിപ്പിച്ചുകൊണ്ടാണ്‌ ആദ്യമായി എത്തിയത്‌. പി.ജെ. ആന്റണി പെരിയാര്‍ സിനിമയാക്കിയപ്പോള്‍ പ്രേംനസീറിന്‌ മാറ്റിവെച്ച റോള്‍ തിലകന്‌ നല്‍കുകയായിരന്നു. ആ ചിത്രം വിസ്‌മൃതിയിലായപ്പോള്‍ ഒരു പാട്ടും തിലകന്റെ ഡേവിഡും ബാക്കി നിന്നു. പിന്നീട്‌ കെ. ജി. ജോര്‍ജ്‌ജിന്റെ ഉള്‍ക്കടലില്‍ രാഹുലിന്റെ അച്‌ഛനായി ഒരു സീനില്‍ മാത്രം അഭിനയിച്ച ചരിത്രവുമുണ്ട്‌. തിലകന്‌ ഒരൊറ്റ സീന്‍ മതിയെന്ന്‌ ജോര്‍ജ്‌ജിന്‌ അന്നേ ബോധ്യമുണ്ടായിരുന്നിരിക്കണം. ആറുകൊല്ലത്തിനു ശേഷം കെ.ജി.ജോര്‍ജ്‌ജിന്റെ കോലങ്ങളില്‍ കള്ളുവര്‍ക്കിയായി തിലകന്‍ വേഷമിട്ടു. നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്ന തിലകന്‍ കെ.ജി. ജോര്‍ജ്‌ജിന്റെ തന്നെ യവനികയിലൂടെ തിരിച്ചുവന്നു. ഇതോടെ തിലകനെന്ന നടന്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇളക്കി പ്രതിഷ്‌ഠിക്കാന്‍ സാധിക്കാത്ത ബിംബമായി ഉറച്ചുപോയി. യവനികയിലെ കഥാപാത്രം തിലകന്റെ അഭിനയ ജീവിതത്തെ ഉന്നത ശ്രേണിയി ലെത്തിച്ചു. തുടര്‍ന്നുള്ള മൂന്ന്‌ പതിറ്റാണ്ട്‌ തിലകന്റെ സര്‍ഗാത്മകതയുടെ സാക്ഷ്യമാണ്‌.
യവനികയിലെ വക്കച്ചന്‍ മുതലാളി, കിരീടത്തിലെ അച്യുതന്‍നായര്‍, പഞ്ചാഗ്നിയിലെ രാമേട്ടന്‍, കുടുംബപുരാണത്തിലെ മാധവന്‍ നായര്‍, പഞ്ചാബി ഹൗസിലെ കൈമള്‍ മാഷ്‌, മണിച്ചിത്രത്താഴിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരി, ഗാന്ധിനഗറിലെ സബ്‌ ഇന്‍സ്‌പെക്‌ടര്‍, യാത്രയിലെ ജയിലര്‍, പവിത്രത്തിലെ ഈശ്വരപിള്ള, ചാണക്യനിലെ മുഖ്യമന്ത്രി, പെരുന്തച്ചനിലെ തച്ചന്‍, കാട്ടുകുതിരയിലെ കൊച്ചുവാവ, സദയത്തിലെ ഡോക്‌ടര്‍, മൂന്നാംപക്കത്തിലെ മുത്തച്‌ഛന്‍, ഇന്ത്യന്‍ റുപ്പിയിലെ മേനോന്‍ സാര്‍, എന്നിവയൊക്കെ തിലകനേക്കാള്‍ ഉയരം കൂടിയ കഥാപാത്രങ്ങളാണ്‌. കരുത്തനും പരുക്കനുമെങ്കിലും ഹാസ്യവേഷങ്ങളിലൂടെ നമ്മെ കുടുകുടെ ചിരിപ്പിച്ച നടനാണ്‌ തിലകന്‍. തമിഴില്‍ ക്ഷത്രിയന്‍, ഉടന്‍പിറപ്പ്‌, കാര്‍ത്തവരായന്‍, മൂണ്‍റെഴുത്തില്‍ മുച്ചരിക്കും, കറുപ്പുവെള്ള എന്നീ ചിത്രങ്ങളിലും തിലകന്‍ വേഷമിട്ടു. മദര്‍ ഇന്ത്യ എന്ന കന്നഡ ചിത്രത്തിലും തിലകന്‍ സാന്നിധ്യമറിയിച്ചു. യവനിക, യാത്ര, പഞ്ചാഗ്നി, ഋതുഭേദം, തനിയാവര്‍ത്തനം, മുക്‌തി, ധ്വനി, കാറ്റത്തൊരു പെണ്‍പൂവ്‌ എന്നീ സിനിമകളിലെ അഭിനയത്തിന്‌ സംസ്‌ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു. പെരുന്തച്ചനിലെ അഭിനയത്തിന്‌ 1990 ല്‍ മികച്ചനടനുള്ള സംസ്‌ഥാന അവാര്‍ഡ്‌. ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്‌ വീണ്ടും സംസ്‌ഥാന പുരസ്‌കാരങ്ങള്‍. എകാന്തത്തിലെ അഭിനയത്തിന്‌ ജൂറിയുടെ ദേശീയതലത്തിലുള്ള പ്രത്യേക അംഗീകാരം. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ അഞ്ചുതവണ. തിക്കോടിയന്‍, ബഹദൂര്‍, ഭരത്‌ ഗോപി, വയലാര്‍ രാമവര്‍മ്മ, ദുബായ്‌ മലയാളം മൂവി, ഏഷ്യാനെറ്റ്‌ തുടങ്ങിയ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.
തിലകന്‍ വെള്ളിത്തിരയില്‍ ഇരുന്നൂറിലധികം കഥാപാത്രങ്ങളെ അനശ്വരമാക്കി. എന്നാല്‍ ഇതെല്ലാം ഇരുപതിനായിരം ഭാവാവിഷ്‌കാരത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്‌. കഥാപാത്രത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയില്‍ തിലകന്‍ പാലിച്ച കൃത്യത തികച്ചും സംഘാതമായിരുന്നു. അദ്ദേഹം പകരക്കാരനില്ലാത്ത നടനായിരുന്നു.
മലയാളത്തിന്റെ പെരുന്തച്‌ഛനായി പ്രകീര്‍ത്തിക്കപ്പെട്ട പ്രതിഭാധനനായിരുന്നു. അഭിനയ രംഗത്ത്‌ തിലകന്‍ പുതിയ പാഠങ്ങള്‍ പഠിപ്പിച്ച ഒരു വലിയ പുസ്‌തകം പോലെ പ്രകാശിച്ചു. നാടകത്തിലും സിനിമയിലും സമ്പൂര്‍ണ നടനായി ജീവിച്ചു. അഭിനയത്തെ അദ്ദേഹം ദിവ്യമായി കണ്ടു. 2009-ല്‍ രാഷ്‌ട്രം തിലകനെ പത്മശ്രീ നല്‍കി ആദരിച്ചു. ചലച്ചിത്രരംഗത്തെ ചില തമ്പുരാക്കന്മാരെ ചൊടിപ്പിച്ചതിന്റെ പേരില്‍ അല്‍പകാലം മാറിനില്‍ക്കേണ്ടിവന്ന തിലകന്‍ ഇന്ത്യന്‍ റുപ്പിയിലൂടെ ശക്‌തമായ തിരിച്ചുവരവ്‌ നടത്തി. കൈരളിയുടെ ഈ കലാശ്രേഷ്‌ഠന്‍ 2012 സെപ്‌തംബര്‍ 24 ന്‌ മണ്‍മറഞ്ഞെങ്കിലും ആ ജീവിതധ്യായം എന്നെന്നും സ്‌മൃതി മുദ്രിതമാണ്‌.

സുരേഷ്‌ അന്നമനട

Ads by Google
Sunday 23 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW