Tuesday, December 11, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 23 Sep 2018 01.14 AM

കലണ്ടര്‍

uploads/news/2018/09/250724/sun4.jpg

നാലുവര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌-
അനാഥാലയത്തില്‍ നിന്നും ശ്യാമയുമായി വീട്ടിലേക്ക്‌ ചെല്ലുമ്പോള്‍ ദേവന്‌് അമിതപ്രതീക്ഷയായിരുന്നു. അച്‌ഛന്‍ ഇരുകൈയും നീട്ടി സ്വീകരിക്കും, തീര്‍ച്ച. എന്നാല്‍ സംഭവിച്ചത്‌ മറിച്ചായിരുന്നു. അലറുകയായിരുന്നു ദേവന്റെ അച്‌ഛന്‍! അനാഥരെല്ലാം പിഴച്ചുണ്ടായവരല്ല, മരണങ്ങളും ദുരിതങ്ങളും മൂലം അനാഥരായവരുമുണ്ടെന്ന്‌ അച്‌ഛന്റെ മുഖത്തുനോക്കി ഉറക്കെ വിളിച്ചുപറയാന്‍ തോന്നിയെങ്കിലും വാക്കുകള്‍ ശ്യാമയുടെ ഉള്ളില്‍ കിടന്നു തികട്ടിയതേയുള്ളൂ.
നാലുദിവസങ്ങള്‍ക്ക്‌ മുന്‍പ്‌-
എന്നത്തേയുംപോലെ പ്രഭാതസവാരിക്കിറങ്ങാന്‍ തുടങ്ങിയപ്പോഴാണ്‌, നെഞ്ചിനുള്ളില്‍ ചൂണ്ട കൊളുത്തിട്ട്‌ വലിക്കുന്നതുപോലെ ചെറിയ വേദന തോന്നിയത്‌. ദേവന്‍ അതത്ര കാര്യമാക്കിയില്ല.
ശ്യാമേ എന്നുറക്കെ വിളിക്കാന്‍പോലും അവസരം ലഭിക്കാതെ ആത്മാവും, ശരീരവും രണ്ടായി മാറിയിരുന്നു. നാലുവര്‍ഷം അനാഥയല്ലാതെ ജീവിച്ച ശ്യാമ, ദേവന്റെ മരണത്തോടെ വീണ്ടും അങ്ങനെയല്ലാതെയായി.
മരണശേഷമുള്ള, ആദ്യദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും അയല്‍ക്കാരില്‍ ചിലരൊക്കെ വന്നു പോയെങ്കിലും പിന്നീട്‌ അവരും വരാതായി. ഓരോരുത്തര്‍ക്കും അവരുടേതായ പ്രശ്‌നങ്ങള്‍! ആ ചെറിയവീടിനുള്ളില്‍ കണ്ണീരുണങ്ങാത്ത മനസ്സുമായി, ഭീതിയോടെ അവള്‍, നാലാമത്തെ രാത്രിയില്‍തന്നെ ഒറ്റയ്‌ക്കായി.
നാലുമണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌-
ശ്യാമ കട്ടിലിന്റെ ഓരത്ത്‌ വച്ചിരുന്ന രാകിമിനുക്കിയ വെട്ടുകത്തി അരികിലേക്ക്‌ നീക്കിവച്ചു. ആ കത്തിയില്‍ പടര്‍ന്നിരുന്ന തണുപ്പ്‌ അവളുടെ കൈവെള്ളയിലേക്ക്‌ കയറി. അവള്‍ വെട്ടുകത്തിയുടെ മുകളില്‍ വിരലുകള്‍ മെല്ലെ ഓടിച്ചുകൊണ്ട്‌ കണ്ണുകളടച്ചു. താന്‍ ഒറ്റയ്‌ക്കായിരിക്കുന്നു!
പത്തുമിനുട്ടുകള്‍ക്ക്‌ മുന്‍പ്‌ -
വാതിലില്‍ നേര്‍ത്ത മുട്ട്‌ കേട്ടതുപോലെ ശ്യാമ ഞെട്ടിയുണര്‍ന്നു.
സമയം ഒന്നര. ഭയത്തിന്റെ ഒരു കൊള്ളിയാന്‍ ശ്യാമയുടെ നെഞ്ചിനുള്ളിലൂടെ പാഞ്ഞു. കട്ടിലില്‍ നിന്നും എഴുന്നേറ്റ്‌ ശബ്‌ദമുണ്ടാക്കാതെ വാതിലിനടുത്തേക്ക്‌ നടന്നു ചെന്നു. ഇപ്പോഴും മുട്ട്‌ കേള്‍ക്കുന്നുണ്ട്‌.
പേടിയോടുകൂടി ശ്യാമ വിളിച്ചു ചോദിച്ചു 'ആരാ..'
'ഇത്‌ ഞാനാണ്‌, നീ ഒന്ന്‌ വാതില്‍ തുറന്നേ ഒരു കാര്യമുണ്ട്‌'
പുറത്തു നിന്നും പരിചിതശബ്‌ദം. ദേവന്റെ സുഹൃത്ത്‌ രഘു! ശ്യാമയില്‍ ഒരു ഞെട്ടലുളവായി. പലപ്പോഴും ദേവനോടൊപ്പം ഇവിടെ വന്നിട്ടുള്ളവന്‍. താന്‍ ഉണ്ടാക്കി വിളമ്പിക്കൊടുത്ത ഭക്ഷണം 'പെങ്ങളേ, നന്നായിട്ടുണ്ടെന്ന്‌' പറഞ്ഞു കഴിച്ചവന്‍.
'നിന്നെക്കൂടി ഞാന്‍ നോക്കിക്കോളാം. ഒരു ആണ്‍തുണയില്ലാതെ ഒറ്റയ്‌ക്ക് ഇനി നിനക്ക്‌ ജീവിക്കാന്‍ കഴിയില്ല' അയാള്‍ പുറത്തു നിന്നും വീണ്ടും പതിഞ്ഞ ശബ്‌ദത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നു.
അകത്തു നിന്നും മറുപടിയൊന്നും ലഭിക്കാത്തതുകൊണ്ടാകാം അയാള്‍ ഭീഷണിയിലേക്ക്‌ മാറിത്തുടങ്ങി. അവള്‍ വെട്ടുകത്തിയില്‍ മുറുകെ പിടിച്ചു.
കൈ നന്നായി വിറയ്‌ക്കുന്നുണ്ട്‌. തനിക്ക്‌ ഒരു ഉറുമ്പിനെ പോലും നോവിക്കാന്‍ കഴിയില്ല എന്നോര്‍ത്തപ്പോള്‍, അവളുടെ കണ്ണീര്‍ ധാര ധാരയായി ഒഴുകി. ചുവരിലെ കലണ്ടര്‍ ഫാനിന്റെ കാറ്റില്‍ ചെറുതായൊന്നുലഞ്ഞു. അതിലെ ചിത്രത്തിലെ കണ്ണകിയില്‍ അവളുടെ കണ്ണുടക്കി. രൗദ്രം! കണ്ണുകളില്‍ തീ! മധുരാനഗരം ചുട്ടുചാമ്പലാവുന്നു!
ശ്യാമ കതകുതുറന്നു .രഘു അകത്തേക്ക്‌ കയറി, വാതില്‍ കുറ്റിയിട്ടു.
ചുറ്റുംവല്ലാത്ത ഗന്ധം. അയാള്‍ കട്ടിലില്‍ ഇരുന്നശേഷം സിഗരറ്റെടുത്ത്‌ കത്തിച്ചു.
കണ്ണകിയുടെ കണ്ണുകളില്‍ നിന്നൊരു തീഗോളം കത്തിയുയരുന്നത്‌ ശ്യാമ കണ്ടു. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ തിരിച്ചറിയും മുന്‍പേ, കട്ടിലിനരികില്‍ തുറന്നുവച്ചിരുന്ന ഗ്യാസ്‌ സിലിണ്ടറും പൊട്ടിത്തെറിച്ചു.

ഡിനുരാജ്‌ വാമനപുരം

Ads by Google
Sunday 23 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW