Wednesday, June 26, 2019 Last Updated 44 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 23 Sep 2018 01.14 AM

അഭിനയം സംവിധാനത്തിന്‌ വഴിമാറി

uploads/news/2018/09/250723/sun3.jpg

ഒരു അഞ്ചാംക്ലാസുകാരന്റെ ശരാശരി മോഹങ്ങളൊന്നും അവനെ അലട്ടിയിരുന്നില്ല. വിമാനം പറപ്പിക്കല്‍, ലോക്കോ പൈലറ്റ്‌, എന്‍ജിനീയര്‍, ഡോക്‌ടര്‍ ഇതൊന്നുമായിരുന്നില്ല ആ കുഞ്ഞു മനസില്‍. വെള്ളിത്തിരയിലെ അമാനുഷിക പ്രഭാവങ്ങളില്‍ അഭിരമിച്ച്‌ കുരുന്ന്‌ ചേതസുകള്‍ അനുകരണ സിനിമാനടനം ആവാഹിക്കുമ്പോഴും ഈ മനസില്‍ ഒന്നേ ഒന്നു മാത്രം. ഒരു നാടക നടനാവുക. സംഭാഷണങ്ങള്‍ മനപാഠമാക്കി വച്ച്‌ ഒടുവില്‍ കണ്ണില്‍ നോക്കി അന്യോന്യം എയ്‌തു കൂട്ടുന്ന വാക്‌ശരങ്ങള്‍ ചുണ്ടുകളില്‍ പിറവികൊള്ളുന്ന യഥാര്‍ഥ കലയായ ഒരു നാടകക്കാരന്‍. പ്ര?ഫഷണല്‍ നാടകരംഗത്ത്‌ മികവ്‌ കൊണ്ട്‌ നിരവധി നാടകം പോയകാലം ഏറെ ശ്രദ്ധനേടി. അവയില്‍ ഭൂരിഭാഗം നാടകങ്ങളും സംവിധാനം ചെയ്‌തത്‌ സുരേഷ്‌ ദിവാകരന്‍ എന്ന ചെറുപ്പക്കാരനായിരുന്നു. നാടകരംഗത്ത്‌ പുത്തന്‍ പ്രതീക്ഷകളാണ്‌ സുരേഷ്‌ദിവാകരന്റെ സംവിധാനത്തിലുടെ കലാലോകം വീക്ഷിക്കുന്നത്‌.
തിരുവനന്തപുരം ആനയറ എന്ന ഗ്രാമത്തിലാണ്‌ സുരേഷ്‌ ദിവാകരന്‍ ജനിച്ചത്‌. ആനയറ യു. പി. എസില്‍ പഠനത്തോടൊപ്പം 'കാലനും കണക്കുതെറ്റും' എന്ന നാടകത്തില്‍ ഹാസ്യകഥാപാത്രം അവതരിപ്പിക്കാന്‍ ഈ ഏഴാം ക്ലാസുകാരന്‌ സെലക്ഷന്‍ കിട്ടി. കോമഡി നന്നായി അവതരിപ്പിച്ചതിനാല്‍ സഹപ്രവര്‍ത്തകരുടെയും അദ്ധ്യാപകരുടെയും പ്രോത്സാഹനത്തില്‍ നാടകാവതരണം തനിക്ക്‌ വഴങ്ങുന്ന രംഗമെന്ന്‌ തിരിച്ചറിയുകയായിരുന്നു. പത്താം ക്ലാസില്‍ നാടകം എഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ചു. തുടര്‍ന്ന്‌ എം. ജി. കോളജില്‍ ചേര്‍ന്നു. 1985-86 കാലഘട്ടങ്ങളില്‍ ദര്‍ശന്‍ പ്രദീപ്‌ എന്ന സംവിധായകന്റെ കീഴില്‍ അമച്വര്‍ നാടകരംഗത്ത്‌ പ്രവര്‍ത്തിച്ചു.
തികച്ചും അപ്രതീക്ഷിതമായിട്ടാണ്‌ നാടക രംഗത്തെ അതികായന്‍ പി. കെ. വേണുക്കുട്ടന്‍ നായരുടെ സുവര്‍ണരേഖയില്‍ എത്തുന്നത്‌. പുതിയ അഭിനേതാക്കളെ തേടുന്നുവെന്ന പരസ്യവാര്‍ത്തയറിഞ്ഞാണ്‌ പോയത്‌. അഭിനയിക്കാന്‍ തെരഞ്ഞെടുത്തില്ലെങ്കിലും വേണുക്കുട്ടന്‍ നായര്‍ സുരേഷിന്റെ ആത്മാര്‍ത്ഥത കണ്ട്‌ സുവര്‍ണരേഖയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. വേണുക്കുട്ടന്‍ നായരുടെ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള എന്ന നാടകത്തില്‍ സഹകരിക്കുന്നതിനിടെ നെയ്യാറ്റിന്‍കരയിലെ നാടകപ്രവര്‍ത്തകനായ ബാലന്‍ ചിലങ്കയെ പരിചയപ്പെട്ടു. സുരേഷ്‌ ദിവാകരന്റെ അസാധാരണ കഴിവുകള്‍ തിരിച്ചറിഞ്ഞ ബാലന്‍ കാര്‍ത്തിക നാടക സമിതിയിലേക്ക്‌ ശിപാര്‍ശചെയ്‌തു. ആ വര്‍ഷം 'അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍' എന്ന നാടകത്തിലാണ്‌ അഭിനയിച്ചത്‌. സുരേഷ്‌ ദിവാകരന്റെ കരിയര്‍ ഗ്രാഫ്‌ മാറ്റി മറിച്ച നാടകമാണ്‌ ഓച്ചിറ മഹിമയുടെ 'ബോബനും മോളിയും'. ആദിനാട്‌ ശശിയോടൊപ്പം അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധനേടി. നാടക ലോകം സുരേഷ്‌ ദിവാകരന്‍ എന്ന നടന്റെ കഴിവുകളെ തിരിച്ചറിഞ്ഞത്‌ ഈ നാടകത്തിലൂടെയായിരുന്നു.
''നാടക രംഗത്ത്‌ ഏറെ കടപ്പാടുള്ള വ്യക്‌തിത്വങ്ങള്‍ ഉണ്ട്‌. എന്നെ സംവിധായകനാക്കി പുറം ലോകത്തിന്‌ പരിചയപ്പെടുത്തിയത്‌ പ്രദീപ്‌ റോയിയാണ്‌. അദേഹത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ്‌ ഞാന്‍ സംവിധാന മേഖലയില്‍ എത്തുന്നത്‌. എന്നെ ഒത്തിരി സഹായിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്‌തു അദ്ദേഹം '' സുരേഷ്‌ ദിവാകരന്‍ പറയുന്നു.
തൃശൂര്‍ നവധാരയുടെ 'വീട്ടുവിശേഷം' എന്ന നാടകം സംവിധാനം ചെയ്‌തുകൊണ്ടാണ്‌ സുരേഷ്‌ ദിവാകരന്‍ എന്ന സംവിധായകന്‍ പിറവിയെടുക്കുന്നത്‌. നാടകം സൂപ്പര്‍ ഹിറ്റായി. എന്നിട്ടും രണ്ടു വര്‍ഷം നാടകമില്ലാതെ കാത്തിരുന്നു. അതിനുശേഷമാണ്‌ അങ്കമാലി അക്ഷയയുടെ 'ആഴം' സംവിധാനം ചെയ്യുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ്‌ നാടകങ്ങളില്‍ ഒന്നായിരുന്നു ആഴം.
പുതിയ എഴുത്തുകാരും സംവിധായകരുമൊക്കെയായി ഇപ്പോള്‍ നാടകത്തിന്‌ നല്ലകാലമെന്നാണ്‌ സുരേഷ്‌ ദിവാകരന്‍ പറയുന്നത്‌.
''തട്ടിക്കൂട്ടു നാടകങ്ങള്‍ നല്‍കി സിംഹഭാഗം വരുന്ന നാടക പ്രേമികളെ വെറുപ്പിച്ച ഭൂതകാലം ഇനി നാടകസപര്യയിലില്ല. നല്ലതെന്തും കണ്ണും കാതും കൂര്‍പ്പിച്ച്‌ കാണാനും കേള്‍ക്കാനും സദാ സജ്‌ജരാണ്‌ ഇന്നത്തെ പ്രബുദ്ധ നാടക പ്രേക്ഷകര്‍. ഇത്‌ നാടകത്തിന്റെ സുവര്‍ണകാലം. നാടിനനുകൂലമായി നാടകം മാറുന്നത്‌ ഇപ്പോഴാണ്‌, ഇപ്പോള്‍ മാത്രം''
പുതിയകാല നാടകങ്ങളില്‍ ഫ്രാന്‍സിസ്‌.ടി മാവേലിക്കരയുടെ നാടകങ്ങള്‍ ലൈഫ്‌ ഉള്ളവയാണ്‌. നാടകം ഇതുവരെ കണ്ട ഒരു വ്യുവില്‍ നിന്നുമാറി പുതിയ രീതികള്‍ പരീക്ഷിക്കപ്പെടുന്നതും അതു പ്രേക്ഷകര്‍ സ്വീകരിക്കുന്നതും നാടക രംഗത്ത്‌ നല്ല മാറ്റം പ്രകടമാവുന്നതിന്റെ തെളിവാണെന്നും അദേഹം പറയുന്നു. ഈ വര്‍ഷവും ഒത്തിരി നാടകങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. അഞ്ചോളം നാടകങ്ങള്‍ സംവിധാനം ചെയ്യാന്‍ ഇതുവരെ പലരും വിളിച്ചിട്ടുണ്ട്‌. തൃശൂര്‍ രജപുത്ര, കൊച്ചിന്‍ നടന, കായംകുളം സപര്യ, ആറ്റിങ്ങല്‍ ശ്രീധന്യ എന്നീ സമിതികളുടെ നാടകങ്ങളുടെ പണിപ്പുരയിലേക്ക്‌ ഉടന്‍ പ്രവേശിക്കും. ഷീജയാണ്‌ സുരേഷിന്റെ ഭാര്യ. ഏക മകള്‍ മഹിമ വിദ്യാര്‍ഥിനിയാണ്‌.

വിനു ശ്രീലകം

Ads by Google
Sunday 23 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW