എനിക്ക് 40 വയസുണ്ട്. മൂന്നു കുട്ടികളുടെ അമ്മയുമാണ്. 20 വര്‍ഷമായി സന്ധിവാതം തുടങ്ങിയിട്ട്. ഇപ്പോള്‍ കൈകാലുകളില്‍ തൊലി കറുത്ത് കട്ടിവയ്ക്കുന്നു. ശരീരത്തിനു മൊത്തത്തില്‍ ചൂടാണ്. പലതരം മരുന്നുകഴിച്ചിട്ടും കുറവില്ല? ഇത് വാതത്തിന്റെ ആണോ. അതോ മറ്റെന്തെങ്കിലും അസുഖമാണോ?
------ മല്ലിക ദിനരന് ,തിരുവില്ല്വാമല
വാതരക്താനുബന്ധമായാണ് തൊലി കറുത്ത് കട്ടിവയ്ക്കുന്നതും ചൂട് അനുഭവപ്പെടുന്നതുമെല്ലാം. രക്തശുദ്ധിക്കുള്ള മരുന്നുകള്‍ കഴിക്കുന്നത് ഉപകാരപ്പെടും. അതിനായി മഹാമഞ്ജിഷ്ഠാദി കഷായം 15 മില്ലി, തിളപ്പിച്ചാറിയ വെള്ളം 40 മില്ലി എന്നിവ ചേര്‍ത്ത് ദിവസവും 2 നേരം ഭക്ഷണത്തിന് മുന്‍പ് കഴിക്കുക.
ദശമൂലഹരീതകിലേഹ്യം 1 ടീസ്പൂണ്‍ രാത്രി കിടക്കാന്‍ നേരം കഴിക്കുക.പിണ്ഡതൈലം ചൂടാക്കി പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. ആഴ്ചയിലൊരിക്കല്‍ ചെറിയ രീതിയില്‍ വയറിളക്കുന്നതും വളരെ ഗുണം ചെയ്യും.
ഇതിനുവേണ്ടി അവിപത്തിചൂര്‍ണ്ണം 1 ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചയില്‍ ഒരു ദിവസം രാവിലെതന്നെ കുടിക്കുക. വിരേചനത്തിനുശേഷം ലഘുവായ ആഹാരം മാത്രമേ കഴിക്കാവൂ.
20 വര്‍ഷം പഴമുള്ള അസുഖമായതിനാല്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. കഷായങ്ങള്ക്കൊപ്പം ആയുര്വേദാശുപത്രികളില്കിടന്ന് ചെയ്യേണ്ടതായ വസ്തി, വിരേചനം തുടങ്ങിയ ശരീരശുദ്ധ്ിക്കുള്ള ചികിത്സകളും ഇവിടെ ശ്രേഷ്ഠമാണ്.