Saturday, February 16, 2019 Last Updated 33 Min 56 Sec ago English Edition
Todays E paper
Ads by Google
ഫാ.ഡോ.പോള്‍ തേലക്കാട്ട്
ഫാ.ഡോ.പോള്‍ തേലക്കാട്ട്
Saturday 22 Sep 2018 10.13 AM

ഈ ദുരന്തം സഭയോട് എന്തുപറയുന്നു ?

ഒരു വിളക്കുമരം കെട്ടുപോയി എന്നതു മാത്രമല്ല ഒരു വിശ്വാസവഞ്ചനയുടെ ഭീകാരാനുഭവവുമാണിത്. തന്റെ സഭാപരമായ അധികാരത്തിനു കീഴില്‍ സ്വാതന്ത്ര്യവും സ്‌നേഹവും നല്കി സംരക്ഷിക്കേണ്ട തന്റെതന്നെ സന്ന്യാസിനിസമൂഹത്തിലെ ഒരുവളെ ഇരയാക്കി കീഴ്‌പ്പെടുത്തി ഉപയോഗിച്ചു എന്നത് ഉണ്ടാക്കുന്ന നടുക്കവും ദുഃഖവും പ്രത്യാഘാതങ്ങളും വിവരിക്കാനാവില്ല. അതു സഭാധികാരി നടത്തിയ കഠിനമായ വിശ്വാസവഞ്ചനയായി മാത്രമേ സമൂഹത്തില്‍ കാണുകയുള്ളൂ.
Dr. Paul Thelakkad, Bishop Franko

ലൈംഗിക കുറ്റത്തിന്റെ പേരില്‍ ഒരു മെത്രാനെ അറസ്റ്റ് ചെയ്തു എന്നതു വലിയ ദുഃഖത്തോടും അതിലേറെ നടുക്കത്തോടും മാത്രമേ കേള്‍ക്കാനാകൂ. ലൈംഗികാക്രമണത്തിന് ഇരയായി എന്നു പറയുന്ന വ്യക്തിക്കു നീതിയുടെ വാതില്‍ തുറക്കുന്നു എന്ന സമാശ്വാസമുണ്ട്. ഒരു വിളക്കുമരം കെട്ടുപോയി എന്നതു മാത്രമല്ല ഒരു വിശ്വാസവഞ്ചനയുടെ ഭീകാരാനുഭവവുമാണിത്. ഭാരതത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സഭയില്‍ ഇതാദ്യമാണ്. അറസ്റ്റ് ചെയ്തു എന്നതുകൊണ്ടു മാത്രം കുറ്റവാളിയാകുന്നില്ല.

പക്ഷേ, ഈ അറസ്റ്റ് തന്നെ വലിയൊരു പ്രളയമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. തന്റെ സഭാപരമായ അധികാരത്തിനു കീഴില്‍ സ്വാതന്ത്ര്യവും സ്‌നേഹവും നല്കി സംരക്ഷിക്കേണ്ട തന്റെതന്നെ സന്ന്യാസിനിസമൂഹത്തിലെ ഒരുവളെ ഇരയാക്കി കീഴ്‌പ്പെടുത്തി ഉപയോഗിച്ചു എന്നത് ഉണ്ടാക്കുന്ന നടുക്കവും ദുഃഖവും പ്രത്യാഘാതങ്ങളും വിവരിക്കാനാവില്ല. അതു സഭാധികാരി നടത്തിയ കഠിനമായ വിശ്വാസവഞ്ചനയായി മാത്രമേ സമൂഹത്തില്‍ കാണുകയുള്ളൂ.

പക്ഷേ, ഈ സംഭവം ഒരു വീണ്ടുവിചാരത്തിനു കളമൊരുക്കണം. ഇതൊരു വ്യക്തിയുടെ പതനമാണ്. കായേനോട് െദെവം പറഞ്ഞു: നിന്റെ വാതില്‍ക്കല്‍ പാപം പതിയിരിക്കുന്നു. അതു നിന്റെ മേല്‍ കണ്ണുവച്ചിരിക്കുന്നു. അതിനെ നീ കീഴ്‌പ്പെടുത്തുക. കായേനോടു പറഞ്ഞത് അവന്‍ ഗ്രഹിച്ചില്ല. അവന്‍ മൃഗബലി ചെയ്തില്ല, അവനാകുന്ന മൃഗത്തെ ബലി ചെയ്യാതെ അവന്‍ മൃഗമായി, മനുഷ്യനല്ലാതായി. ഏതു വലിയ സ്ഥാനത്തും പീഠത്തിലുമിരിക്കുന്നവര്‍ സ്വന്തം മൃഗീയതയെ മെരുക്കാനും ബലി ചെയ്യാനും മറന്നാല്‍ ആധിപത്യത്തിന്റെ അഹംബോധത്തില്‍ ആരെയും ഇരയാക്കുന്നവരായി മാറാം. തപസ്സ്, പ്രായശ്ചിത്തം, ആത്മനിഗ്രഹം, പ്രാര്‍ത്ഥന ഇവ ഉപേക്ഷിച്ചു ബഹുകാര്യവ്യഗ്രതയില്‍ ലോകത്തില്‍ ആണ്ടുപോകുന്നവര്‍ െദെവം മരിച്ച ജഡങ്ങളായി മാറും. അതില്‍ എത്ര വിശുദ്ധ അങ്കി ചാര്‍ത്തിയാലും നാം കാണേണ്ടിവരുന്നതു െവെരുദ്ധ്യങ്ങളായിരിക്കും.

തപസ്സും പ്രാര്‍ത്ഥനയും വെടിഞ്ഞവര്‍ പിന്തിരിഞ്ഞു യാത്ര ചെയ്യുന്നതു മൃഗീയതയിലേക്കാണ്. ക്രൈസ്തവവിശ്വാസം ലോകത്തിനു നല്കുന്നത് അടിസ്ഥാനപരമായി ഒരു മാനവികതയുടെ വീക്ഷണമാണ്. ഒരു മനുഷ്യന്റ മുഖത്തു ക്രിസ്തുവിനെ കാണാന്‍ പഠിപ്പിക്കുന്ന ക്രൈസ്തവികത മനുഷ്യമഹത്ത്വത്തിന്റെ മതമാണ്.

ഈ മാനവികതയുടെ സുവിശേഷം ജീവിക്കാനും പ്രഘോഷിക്കാനുമാണു സന്ന്യാസിനിമാരും െവെദികരും മെത്രാന്മാരും വിളിക്കപ്പെടുന്നത്. അതു മഹത്വപൂര്‍ണമായി ജീവിക്കുന്ന ആയിരക്കണക്കിനു പുരോഹിതരും പിതാക്കന്മാരും സന്ന്യാസിനികളും ഈ സമൂഹത്തിലുണ്ട്. കുമ്പസാരിക്കാത്തവര്‍ കുമ്പസാരത്തെ വഞ്ചിക്കുമെന്നും പിഴയിടിക്കുന്നവര്‍ പിഴപ്പിക്കുമെന്നും ഈ സഭ ബോദ്ധ്യപ്പെടേണ്ട അവസരമാണിത്.

അധികാരികള്‍ അധികാരം െദെവദാനമായി കാണാതെ അഹത്തിന്റെ ആധിപത്യത്തിന്റെ ഉപാധിയാക്കി മാറ്റുന്നതു തിരിച്ചറിയാനുള്ള വിവേകം ഉദിക്കേണ്ട സന്ദര്‍ഭവുമാണ്. വീഴ്ചകളും ഉതപ്പുകളും എന്നും ഉണ്ടാകും; അവ അപവാദങ്ങള്‍ മാത്രമാണ്. അവയെക്കുറിച്ചുള്ള ജാഗ്രതാസമിതികളല്ല, അതിന്റെ ആത്മവിമര്‍ശനമാണ് ഉണ്ടാകേണ്ടത് - അത് ആത്മശോധന തന്നെയാണ്.

ധാരാളം സത്യസന്ധരായ വൈദികരും സന്ന്യസ്തരും പിതാക്കന്മാരും വേദനിക്കുന്നു. ഈ വേദനകള്‍, ധാര്‍മ്മികരോഷം, വിശുദ്ധീകരണത്തിനുള്ള ഊര്‍ജ്ജമാകണം. ഒരാള്‍ പാപം ചെയ്യുന്നു എന്നതു ദുഃഖകരമെങ്കിലും സംഭവിച്ചു പോകാം. ബലഹീനതയില്‍ വീണവന് എഴുന്നേല്ക്കാനും െദെവത്തിലേക്കു തിരിയാനും കഴിയും. വരാനിരിക്കുന്ന അവസാന വിധി െദെവത്തിന്റെയാണ്. പക്ഷേ, പാപത്തിനു കുടപിടിക്കുന്നതു സഭയോടും സമൂഹത്തോടും ചെയ്യുന്ന വലിയ അപരാധമാണ്. ഈ ആരോപണമാണു സമൂഹത്തില്‍ ഉയരുന്നത്. തെറ്റിനെ മൂടിപ്പൊതിഞ്ഞു സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണമാണു സഭയ്ക്കു വലിയ വിനയായി മാറുന്നത്. തെറ്റ് ഏറ്റുപറഞ്ഞു പിഴയിടീക്കുന്ന സഭയാണു സംജാതമാകേണ്ടത്. പാപവും കുറ്റവും മൂടിവച്ചു പുണ്യം ചമയുന്ന വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന യേശുവിന്റെ വിമര്‍ശനത്തിന്റെ കാപട്യം സഭയ്ക്കു വലിയ ദുരന്തമായി മാറും; ഇങ്ങനെ ഒരു പ്രതീതി സഭ ഗൗരവത്തോടെ നേരിടേണ്ടിയിരിക്കുന്നു. െബെബിളിലെ പ്രഭാഷകന്റെ പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കട്ടെ: ധനവാന് കാലിടറിയാല്‍ സ്‌നേഹിതന്മാര്‍ താങ്ങും; പാവപ്പെട്ടവനു വഴുതിയാല്‍ കൂട്ടുകാര്‍ തള്ളിയിടും. ധനികനു കാല്‍ പിഴച്ചാല്‍ വളരെപ്പേര്‍ സഹായിക്കും; അവര്‍ പറയുന്നത് അനുചിതമായാലും അവര്‍ ന്യായീകരിക്കും. എളിയവന്‍ വീണാല്‍ അവര്‍ അവനെ ശകാരിക്കും.

അവന്‍ ബുദ്ധിപൂര്‍വം സംസാരിച്ചാലും അവര്‍ ഗൗനിക്കില്ല (പ്രഭാ. 13:21-23). 22 നൂറ്റാണ്ടോളം പഴക്കത്തില്‍ എഴുതപ്പെട്ട വാക്കുകളാണിവ. ഇന്നും ഇതു നമ്മുടെ മദ്ധ്യത്തിലും ആവര്‍ത്തിക്കുന്നെങ്കില്‍ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചു കരയേണ്ടിയിരിക്കുന്നു. ഇങ്ങനെ പണത്തിനു ചുറ്റും വട്ടം കറങ്ങി പൂജ നടത്തുന്നവര്‍ ക്രൈസ്തവ സഭയിലുണ്ടെങ്കില്‍ അവരില്‍നിന്നു സഭയെ രക്ഷിക്കാന്‍ വഴികള്‍ തേടണം.

Ads by Google
Ads by Google
Loading...
TRENDING NOW