Friday, June 21, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
ശ്രീ പാര്‍വതി
ശ്രീ പാര്‍വതി
Friday 21 Sep 2018 08.43 AM

വരത്തൻ ആളൊരു ത്രില്ലിംഗ് കഥാപാത്രമാണ്!

ഓരോ ഷോട്ടുകളും ഏറ്റവും മനോഹരമായി തന്നെ ചെയ്തിരിക്കുന്നു, ഒപ്പം നിൽക്കുന്ന പശ്ചാത്തല സംഗീതം. എബിയായി അഭിനയിച്ച ഫഹദ് ഫാസിലിന്റെ കരിയറിലെ മിന്നുന്ന പ്രകടനം. മികച്ച ഒരു ത്രില്ലിംഗ് അനുഭവമാണ് വരത്തൻ.
varathan, movie review

ചില നിഷ്കളങ്ക മനുഷ്യരുണ്ട്, എല്ലാ കാര്യങ്ങളെയും ഏറ്റവും ലഘുവായി കാണാനും കൈകാര്യം ചെയ്യാനും ആഗ്രഹിക്കുന്നവർ, എല്ലാത്തിനെയും പോസിറ്റീവായ രീതിയിൽ കാണുന്നവർ, പക്ഷെ ഒരിക്കലും അവരെ കേറി ചൊറിയരുത്, ചൊറിച്ചിൽ സഹിക്കാൻ വയ്യാതാകുമ്പോൾ അവർ കയറി ഒറ്റ മാന്തു തരും, അത് താങ്ങാൻ ചിലപ്പോൾ ചൊറിയുന്നവന് കെൽപ്പുണ്ടായി എന്ന് വരില്ല.; ഇതിലും വ്യക്തമായി അമൽ നീരദിന്റെ ഫഹദ് ചിത്രം വരത്തനെ പറഞ്ഞു വയ്ക്കാനാവില്ല.

മാസ് എൻട്രി കൊടുത്ത് നായകനെ അവതരിപ്പിക്കുന്ന കാലമൊക്കെ ഔട്ട് ഡേറ്റഡ് ആയെന്ന് വരത്തൻ. സിനിമയുടെ തുടക്കത്തില്‍ തന്നെ ഫഹദിനെ തീരെ മാസ് അല്ലാതെ അവതരിപ്പിക്കുമ്പോൾ അവിടം മുതൽ തുടങ്ങുകയാണ് വളരെ സാധാരണമായ ഒരു കുടുംബത്തിന്റെ ജീവിതവും. ദുബായിലെ മടുപ്പിക്കുന്ന ജീവിതത്തിന്റെ ഒടുവിലാണ് എബിയും പ്രിയയും നാട്ടിലേയ്ക്ക് വണ്ടി കയറുന്നത്. എബിയ്ക്ക് അങ്ങനെ ചോദിക്കാനും പറയാനും വീടും വീട്ടുകാരൊമൊന്നുമില്ല, അയാൾക്ക് ഗൃഹാതുരത എന്ന വാക്ക് പോലും പരിചിതമല്ല, പക്ഷെ പ്രിയയുടെ വീടും തറവാടും അവളുടെ ഓർമ്മകളും അയാളെ ഹരം കൊള്ളിക്കുന്നുണ്ട്. അങ്ങനെ ഹൈറേഞ്ചിലുള്ള പ്രിയയുടെ തറവാട്ടിലേക്ക് താമസിനെത്തുന്ന എബിയുടെയും പ്രിയയുടെയും ജീവിതം ആകസ്മികമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് വരത്തൻ.

ക്ലെപ്‌റ്റോമാനിയ മുതൽ അതി ക്രൂരമായ സദാചാര വടംമുറുക്കലുകളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. ഒരിക്കലെങ്കിലും ഒപ്പം നടക്കുന്ന പെൺകുട്ടിയെ അശ്ളീല കമന്റടിക്കുന്നത് നേരിടേണ്ടി വന്ന പുരുഷന്മാർക്ക് എബിയുടെ മാനസികാവസ്ഥ ഒരുപക്ഷെ മനസ്സിലായേക്കും, അതിനുമപ്പുറം ഓരോ നിമിഷവും ഭയത്തോടെ സ്വന്തം വീട്ടിൽ ജീവിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയും എത്ര തവണ കണ്ടിരിക്കുന്നു!

varathan, movie review

വരത്തനായ ഒരാളുടെ ലിമിറ്റ് എന്താണ്? എല്ലാ നാടുകളിലും വരത്തന്മാരോടുള്ള സമീപനം ഒരുപോലെയാണ്. ഇവിടെ എബി എന്ന വ്യക്തിയേക്കാൾ നാട്ടുകാർക്ക് പരിചയമുള്ള പ്രിയ എന്ന പെൺകുട്ടിയാണ് പ്രശ്നം. അവളുടെ വസ്ത്രധാരണ രീതി, അവളുടെ എബിയോടുള്ള അടുപ്പം, അവളുടെ ബാഗിൽ നിന്നെടുത്തു നൽകുന്ന പണം, അങ്ങനെ എല്ലാം ആൺ മേൽക്കോയ്മ നിറഞ്ഞ ഒരു സമൂഹത്തിന്റെ നെഞ്ചത്തു ചവിട്ടുന്നത് പോലെയാണ്. അതൊന്നും അത്ര താങ്ങാൻ കഴിയുന്നവരുമല്ല ആ ഹൈറേഞ്ചിലെ പച്ച മനുഷ്യർ. അവരുടെ പ്രതിഷേധങ്ങൾ സർവ്വ പരിധികളും വിട്ടു കളിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും സിനിമയുടെ രണ്ടാം പകുതി മുതൽ രംഗം കൊഴുപ്പിക്കുന്നു. ഇടവേളയ്ക്ക് മുൻപ് വളരെ മെല്ലെ ഒഴുകി പോകുന്ന ഒരു പുഴപോലെയായിരുന്നു സിനിമയെങ്കിൽ രണ്ടാം പകുതി മുതൽ അത് അലച്ചെത്തുന്ന കടല് പോലെയാകുന്നു. അമൽ നീരദ് സിനിമകളുടെ പതിവ് സ്ലോ മോഷൻ രംഗങ്ങൾ വളരെ കുറവാണു സിനിമയിൽ എന്നത് എടുത്തു പറയേണ്ടതാണ്.

വരത്തന്റെ സാങ്കേതിക മികവ് പറയാതിരിക്കാനാവില്ല. ഓരോ ഷോട്ടുകളും ഏറ്റവും മനോഹരമായി തന്നെ ചെയ്തിരിക്കുന്നു, ഒപ്പം നിൽക്കുന്ന പശ്ചാത്തല സംഗീതം. മികച്ച ഒരു ത്രില്ലിംഗ് അനുഭവമാണ് വരത്തൻ. എബിയായി അഭിനയിച്ച ഫഹദ് ഫാസിലിന്റെ കരിയറിലെ മിന്നുന്ന പ്രകടനം. ഹീറോയിസം ബുദ്ധികൂർമ്മതയുള്ള ഒരു യുവാവ് കാണിക്കുമ്പോൾ അത് വേറെ ലെവൽ ആകുന്നു. പ്രിയയുടെ വേഷമഭിനയിച്ച ഐശ്വര്യലക്ഷ്മി മായനദിയിലെ അപ്പുവിന് ശേഷം അതിനേക്കാൾ തിളങ്ങുന്ന കഥാപാത്രം ലഭിച്ച സന്തോഷത്തിൽ തന്നെയാകും. ദുബൈയിലെ തിളങ്ങുന്ന റോഡുകളിൽ കൂടി സഞ്ചരിച്ച പ്രിയയ്ക്ക് നാട്ടിലേക്കുള്ള യാത്ര അവളെ തിരിച്ചെടുക്കൽ തന്നെയായിരുന്നു, പക്ഷെ സദാചാരമെന്ന ക്രൂര ബോധം വേട്ടയാടി തുടങ്ങുമ്പോൾ മുതൽ അവൾ ഭയന്ന് തുടങ്ങുന്നുണ്ട്. പക്ഷെ കഥ അവസാനിപ്പിക്കുന്നത് പ്രിയ തന്നെയാണ് എന്നത് ഐശ്വര്യലക്ഷ്മിയുടെ കഥാപാത്രത്തെയും മാസ്സ് ആക്കി നിലനിർത്തുന്നു.

varathan, movie review

എബിയുടെയും പ്രിയയുടെയും സ്നേഹം വളരെ മനോഹരമായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായ അവരുടെ സംസാരത്തിൽ തന്നെ ജീവിതം മുന്നിൽ കണ്ട പ്രതീതിയുണ്ടാകും. ത്രില്ലിംഗ് അനുഭവങ്ങളുടെ ഒപ്പം തെല്ലും മടുപ്പില്ലാതെ മുന്നോട്ടു പോകാം. ദിലീഷ് പോത്തന്റെ കഥാപാത്രം, ഷറഫുദ്ദീന്റെ വ്യത്യസ്തമായ കഥാപാത്രം എന്നിവ എടുത്തു പറയാതെ വയ്യ. അമൽ നീരദിന്റെ കാസ്റ്റിംഗ് സെൻസ് സമ്മതിച്ചു കൊടുക്കുക തന്നെ വേണം. ഇത്ര നാൾ കണ്ട ഷറഫുദ്ദീനെ വരത്തനിൽ മഷിയിട്ടു നോക്കിയാൽ കാണാനാകില്ല. ഷറഫുദ്ദീൻ കസറി. അവസാനത്തെ അര മണിക്കൂർ കൊണ്ട് മറ്റൊരു ലോകത്തേക്കാണ് കഥ കൊണ്ട് പോകുന്നത്, ആദ്യം കണ്ട സമയങ്ങളിലെ ഉത്കണ്ഠയ്ക്കും ദേഷ്യത്തിനും എല്ലാം ആ അവസാന മണിക്കൂർ മറുപടി പറയും. അതായത് സിനിമ തുടങ്ങി പകുതി വച്ച് എഴുന്നേറ്റു പോയാൽ നഷ്ടം പ്രേക്ഷകന് തന്നെ ആണെന്ന് സാരം.

അമൽ നീരദിന്റെ പതിവ് മസാല ചേരുവകൾ എല്ലാം ഇതിലുമുണ്ട്. മനോഹരമായ പ്രകൃതി, അമ്പരപ്പിക്കുന്ന ഷോട്ടുകൾ, കയ്യടിക്കേണ്ടുന്ന ഛായാഗ്രഹണം, ഫഹദിന്റെയും ഐശ്വര്യയുടെയും ഷറഫുദ്ദീന്റെയും മിന്നുന്ന പ്രകടനം എല്ലാം വരത്തന്റെ പോസിറ്റിവാണ്. മറ്റൊന്നും ഓർക്കേണ്ട ഇതൊരു അമൽ നീരദ് സിനിമയാണ്, അതിലുണ്ട് എല്ലാം. നിശബ്ദമായ ഒരു ഭീഷണികൂടിയാണ് ഇത്, അത് ഇങ്ങനെയാണ് ,"ഡോണ്ട് മെസ് വിത്ത് വരത്തൻസ്".

Ads by Google
ശ്രീ പാര്‍വതി
ശ്രീ പാര്‍വതി
Friday 21 Sep 2018 08.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW