Friday, June 21, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
ശ്രീ പാര്‍വതി
ശ്രീ പാര്‍വതി
Thursday 20 Sep 2018 07.45 PM

മധ്യവയസ്സിലെ പ്രണയം ഒരിക്കൽ കൂടി ചർച്ചയാകുമ്പോൾ

മധ്യവയസ്സിലെ ക്രൈസിസ് എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷെ പലപ്പോഴും ഇത്തരം ചർച്ചകൾ സദാചാര കമ്മിറ്റിയുടെ ഭീഷണിപ്പെടുത്തലിൽ ചിതറിപ്പോവുകയും മിഡ് ഏജ് ക്രൈസിസ് ഒരു പ്രശ്നമായി തുടരുകയും ചെയ്യും.
once again movie review

ഒരിക്കൽ കൂടി പ്രിയപ്പെട്ട ഒരാളുടെ ഒപ്പം നഗരം പൂത്തു നിൽക്കുന്ന രാവിൽ കാറിൽ കാഴ്ചകളും കണ്ട് യാത്ര പോകാൻ തോന്നുന്നില്ലേ?
കൺവാൾ സേത്തിയുടെ "once again " കാണുമ്പോൾ ആ യാത്ര പോയില്ലെങ്കിൽ പോലും അതെ മനോനിലയിലേയ്ക്ക് എത്തിപ്പെട്ടേക്കാം. ഒരുപാട് തടസ്സങ്ങൾക്കിടയിലും പരസ്പരം പ്രണയത്തിൽ എത്തിപ്പെടുന്ന മധ്യവയസ്കരായ കഥാപാത്രങ്ങളാണ് ഇതിലെ താരങ്ങൾ. അമർ , താര എന്നിവരുടെ പ്രണയം കരുതും പോലെ അത്ര എളുപ്പമല്ല.

ബോളിവുഡ് സിനിമയിലെ അറിയപ്പെടുന്ന നടനാണ് അമർ. താര ഷെട്ടിയാകട്ടെ മിടുക്കിയായ ഒരു ബിസിനസുകാരിയും. ലഞ്ച് ബോക്സ് എന്ന ഇർഫാൻ ഖാൻ സിനിമയുടെ ഒരു ഛായയൊക്കെ തോന്നിപ്പിക്കുമെങ്കിലും വൺസ് എഗൈൻ തീർത്തും വ്യത്യസ്തമായ മറ്റൊരു അനുഭവമാണ്. പക്ഷെ ലഞ്ച് ബോക്‌സും വൺസ് എഗൈൻ ഉം ഭക്ഷണത്തിലൂടെ വികസിച്ച് വരുന്ന സൗഹൃദത്തിന്റെ കഥ പറയുന്നു. താരയുടെ ഹോട്ടലിൽ നിന്നാണ് നിത്യവും അമറിനുള്ള ഭക്ഷണമെത്തിക്കുന്നത്. പതിവായി രാത്രി പത്തുമണിക്കുള്ള ഇരുവരുടെയും ഫോൺ വിളിയിൽ ഭക്ഷണമുൾപ്പെടെയുള്ള വിശേഷങ്ങളുമുണ്ടാകും.

once again movie review

എല്ലാ ദിവസവും വിശേഷങ്ങൾ കൈമാറാൻ ഒരാൾ, സങ്കടങ്ങളും സ്വപ്നങ്ങളും പങ്കു വയ്ക്കാനൊരാൾ, അത്ര ചെറുതല്ലാത്ത ഒരു മോഹമാണത്. ആ മോഹത്തെ കുറിച്ച് സംസാരിച്ചത് കൊണ്ടാണ് രഞ്ജിത് ശങ്കറിന്റെ "രാമന്റെ ഏദൻ തോട്ടം" സ്ത്രീകൾക്കിടയിൽ ചർച്ചയായതും. മിക്കപ്പോഴും മലയാള സിനിമ നേരിടുന്ന ഒരു നെഗറ്റീവും അതുതന്നെ, സ്വപ്നങ്ങളില്ലാത്ത സ്ത്രീകൾ, രാഷ്ട്രീയം പറയാൻ അറിയാത്ത സ്ത്രീകൾ, ആണിന്റെ താളത്തിനൊത്ത് മാത്രം തുള്ളാൻ വിധിക്കപ്പെട്ടവർ, ആ തൻപോരിമയിലേക്കാണ് രാമന്റെ ഏദൻ തോട്ടം കടന്നു വന്നത്. പക്ഷെ രഞ്ജിത്തിന്റെ സിനിമയിലെ ചില അപൂർണതകൾ ഇവിടെ വൺസ് എഗൈൻ നികത്തുന്നുണ്ട്. സൗഹൃദം പ്രണയത്തിലേക്കെത്തുന്നതിന്റെ താളവും വലിച്ചിലും അമറിലും താരയിലുമുണ്ട്, അവരത് ഒതുക്കി വയ്ക്കുകയോ വേണ്ടെന്ന് തീരുമാനിക്കുകയോ ചെയ്യുന്നുമില്ല. നിശ്ശബ്ദരായിരിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് ഈ കൊച്ചു സിനിമ വന്ന് സംസാരിക്കുന്നത്.

ഒന്നേ മുക്കാൽ മണിക്കൂറെ ഉള്ളൂ ഈ ചിത്രം. പക്ഷെ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഇത് ചർച്ചാ വിഷയമായിരിക്കുകയാണ്. അമറിന്റെയും താരയുടെയും സോൾട്ട് ആൻഡ് പേപ്പർ ലുക്കിനൊപ്പം സമൂഹത്തിന്റെ സദാചാരത്തെ ചോദ്യം ചെയ്യുന്ന അവരുടെ പ്രണയവും സമൂഹം ആവേശത്തോടെ സ്വീകരിക്കുന്ന കാഴ്ച മലയാള സിനിമയിലെ പുതു തലമുറ കാണേണ്ടതുതന്നെയാണ്.

മധ്യവയസ്സിലെ ക്രൈസിസ് എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷെ പലപ്പോഴും ഇത്തരം ചർച്ചകൾ സദാചാര കമ്മിറ്റിയുടെ ഭീഷണിപ്പെടുത്തലിൽ ചിതറിപ്പോവുകയും മിഡ് ഏജ് ക്രൈസിസ് ഒരു പ്രശ്നമായി തുടരുകയും ചെയ്യും. പ്രായമിത്രയും ആയില്ലേ, ഇനിയെങ്കിലും മാന്യത കളയാതെ ഇരുന്നൂടെ! എന്ന ചോദ്യത്തിൽ അടങ്ങിപ്പോകുന്നതേയുള്ളൂ ഈ പ്രതിസന്ധികള്‍. പക്ഷെ അമറും താരയും തങ്ങൾക്ക് നേരെ ഉയരുന്ന ഈ സദാചാര ചൂണ്ടുവിരലുകളെ എത്ര മനോഹരമായാണ് അവഗണിക്കുന്നത്! പ്രായപൂർത്തിയെത്തിയ സ്വന്തം മകന്റെ മുന്നിൽ ചൂളി നിൽക്കേണ്ടി വരുന്ന താരയുടെ അവസ്ഥയല്ല പ്രായപൂർത്തിയായ മകളുടെ മുന്നിൽ അമറിന്റേത്. താരയുടെ മകൻ അമ്മയെ കുറ്റപ്പെടുത്തുമ്പോൾ പക്ഷെ മരുമകൾ അമ്മയെ മനസ്സിലാക്കി കയ്യിൽ അമർത്തി പിടിക്കുന്ന രംഗം അവളെ മനസിലാക്കാൻ അവൾക്ക് മാത്രമേ കഴിയൂ എന്ന വീണ്ടും ഒാര്‍മിപ്പിക്കുന്നുണ്ട്.

മകന്റെ വിവാഹത്തിന് ശേഷം എങ്ങോട്ടെങ്കിലും യാത്രയ്ക്ക് തയ്യാറായി നിൽക്കുന്ന താര ഒപ്പം ക്ഷണിക്കുന്നത് അമറിനെയാണ്. അമറിന്റെ ജീവിതത്തിൽ വ്യക്തമായ ഒരു ടൈറ്റിലും ഇല്ലെന്നറിയാമെങ്കിലും എല്ലാ തലക്കെട്ടുകൾക്കും മീതെയാണ് തന്റെ സ്വാതന്ത്ര്യമെന്ന് താര തിരിച്ചറിയുന്നു. ഒറ്റപ്പെടലിന്റെ മീതെ അവർ പ്രണയത്തിന്റെ ആനന്ദം വിരിച്ചിടുന്നു. ആലോചിക്കാനുണ്ട്, ഈ സിനിമയുടെ ഒടുവിൽ നിന്നും സാധാരണ മനുഷ്യന് അവരുടെ ജീവിതത്തെ കുറിച്ചോ അവരുടെ മാതാപിതാക്കളുടെ ജീവിതങ്ങളെ കുറിച്ചോ ആലോചിച്ച് തുടങ്ങാനുണ്ട്!

once again movie review

മനോഹരമായ ഒട്ടേറെ പ്രണയ സാന്ദ്രമായ രംഗങ്ങൾ വൺസ് എഗൈൻ പ്രേക്ഷകന് നൽകുന്നുണ്ട്. ഹൃദയത്തിലെ തുടിപ്പിനെ ഓർമ്മിപ്പിക്കുന്ന ബിജിഎം സിനിമയുടെ ഭംഗി കൂട്ടുന്നു. ഏതാണ്ട് മുഴുവനും ഡാർക്ക് ഷേഡിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്, ഇരുട്ടിൽ നിന്നും ഇരുട്ടിലൂടെയാണ് അമറിന്റെയും താരയുടെയും ഒറ്റയ്ക്കും ഒന്നിച്ചുമുള്ള യാത്രകളും. പക്ഷെ എപ്പോഴാണോ അവർ അവരുടേത് മാത്രമായ സ്വാതന്ത്ര്യത്തെ തിരിച്ചറിയുന്നത് അപ്പോൾ മുതൽ അവൾക്ക് കടലിനെ ഭയമില്ലാതെയാകുന്നു, അവർക്കു ചുറ്റും പ്രകാശം പരക്കുന്നു. നിറങ്ങളുടെയും സംഗീതത്തിന്റെയും താള വിന്യാസം മനോഹരമായി സംവിധായകൻ കൺവാൾ സേത്തി അവതരിപ്പിച്ചിരിക്കുന്നു.

പ്രശസ്തനായ വ്യക്തിയായിട്ടും ഭയമില്ലാതെ നഗരത്തിലെ തിരക്കിനിടയിലൂടെ താരയോടൊപ്പം നടക്കുന്ന അമീര്‍ പക്ഷെ തന്റെ സുഹൃത്തുക്കൾക്കിടയിൽ താരയെ പരിചയപ്പെടുത്തേണ്ടി വരുമ്പോള്‍ അയാള്‍ നിസ്സഹായനാകുന്നു. ഇവിടെ താര ആദ്യം തളർന്നു പോവുകയും അതിൽ നിന്ന് ഉയിർത്തെഴുന്നേറ്റു സ്വയം സ്വാതന്ത്ര്യത്തിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു. അവിടെ അവളെ ഒപ്പം അനുഗമിക്കുക എന്നത് മാത്രമേ അമറിന് ചെയ്യാനുള്ളൂ.

ഷെഫാലി ഷാഹ്, നീരജ് കാബി എന്നിവരുടെ താരയും അമറും മികച്ചു നിൽക്കുന്നു. ക്യാമറയ്ക്ക് മുന്നിലെന്ന് തോന്നിക്കാത്ത വിധത്തിൽ അവർ ജീവിക്കുന്നത് പോലെ അനുഭവപ്പെടും. അങ്ങനെ എത്രയോ കാരണങ്ങൾ കൊണ്ടായിരിക്കാം സോഷ്യൽ മീഡിയ ദിവസങ്ങളായി വൺസ് എഗൈൻ എന്ന ഈ ചിത്രത്തെ കുറിച്ച് ചർച്ച ചെയ്യുന്നതും!

Ads by Google
ശ്രീ പാര്‍വതി
ശ്രീ പാര്‍വതി
Thursday 20 Sep 2018 07.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW