Friday, June 21, 2019 Last Updated 8 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Sep 2018 02.53 PM

കുട്ടിയെ വിശ്വാസത്തിലെടുക്കുക

മക്കളെ വളര്‍ത്തുക ഏറെ ക്ലേശകരവും ഉത്തരവാദിത്തവുമുള്ള കാര്യമാണ്. കുട്ടികളെ എങ്ങനെ നന്നായി വളര്‍ത്താമെന്നു സോദാഹരണം വ്യക്തമാക്കുന്ന പ്രമുഖ മോട്ടിവേഷണല്‍ ട്രെയിനറും ഫാമിലി കൗണ്‍സിലറും എഴുത്തുകാരനുമായ പ്രൊഫ. പി. എ.വര്‍ഗീസിന്റെ പംക്തി
uploads/news/2018/09/249644/godperanting180918.jpg

രാജിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണു പഞ്ചസാര കഴിക്കാന്‍ തുടങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞാണ് അവളുടെ അമ്മ എന്നോടത് പറഞ്ഞത്. പഞ്ചസാര ടിന്‍ മുകളിലത്തെ തട്ടിലായിരുന്നു. സ്റ്റൂള്‍ അലമാരയോട് ചേര്‍ത്തിട്ട് അതില്‍ കയറിനിന്ന് വേണം മോള്‍ക്ക് ടിന്‍ തുറന്ന് പഞ്ചസാര എടുത്ത് കഴിക്കാന്‍.

ഞാന്‍ ഭാര്യയോട് പറഞ്ഞു:ടിന്‍ എടുത്ത് താഴത്തെ തട്ടില്‍ വയ്ക്കൂ. കുട്ടി ആവശ്യത്തിന് എടുത്ത് കഴിക്കട്ടെ..

അടുത്ത ഒന്നു രണ്ട് ദിവസം കുട്ടി സാധാരണ കഴിക്കുന്നതിലും കൂടുതല്‍ കഴിച്ചു. പക്ഷേ, ആരും അത് ശ്രദ്ധിച്ചെന്ന് വരുത്തുകയോ, വഴക്ക് പറയുകയോ ചെയ്തില്ല. അവള്‍ക്കിഷ്ടമുള്ളത്ര കഴിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിക്ക് പഞ്ചസാരയോടുള്ള ആര്‍ത്തി കുറഞ്ഞു. പിന്നീട് ഒട്ടും തന്നെ വേണ്ടാതായി. ദീര്‍ഘകാലം കഴിഞ്ഞിട്ടും ആ ശീലം മടങ്ങി വന്നിട്ടില്ല. നിയന്ത്രിക്കുകയും പാടില്ലെന്ന് നിര്‍ബന്ധം പിടിക്കുമ്പോഴുമാണ് കുട്ടികള്‍ക്ക് അത് ചെയ്യുവാനുള്ള ഉള്‍പ്രേരണയുണ്ടാവുക.

തള്ളവിരല്‍ കുടിക്കുന്നത്


കൊച്ചുകുട്ടികള്‍ സാധാരണ തളളവിരല്‍ കുടിക്കാറുണ്ട്. അത് സ്വാഭാവികമായിത്തന്നെ മാറുന്നതുമാണ്. പക്ഷേ, കുട്ടിയെ അതില്‍നിന്ന് തുടര്‍ച്ചയായി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ സ്വഭാവം നിലനില്‍ക്കാനേ ഇടവരുത്തൂ.

ബലമായി കുഞ്ഞിന്റെ വിരല്‍ വായില്‍നിന്ന് എടുത്ത് മാറ്റുന്ന അച്ഛനമ്മമാര്‍ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ മുതിര്‍ന്നാലും ആ സ്വഭാവം കുട്ടി പിന്‍തുടര്‍ന്നെന്ന് വരും.

അതിനെ അവഗണിച്ചിരുന്നെങ്കില്‍, അത് വളര്‍ച്ചയില്‍ ഉണ്ടാകാവുന്ന ഒരു കൊച്ച് കാര്യമാണെന്ന് ചിന്തിച്ചിരുന്നെങ്കില്‍ അത് തുടര്‍ന്നുകൊണ്ടുപോകാനുള്ള സാധ്യത വളരെ കുറവാണ്. വിരല്‍ കുടിക്കുന്നത് വിസ്മൃതിയില്‍ ആഴും.

uploads/news/2018/09/249644/godperanting180918a.jpg

ബെഡ് വെറ്റിംഗ്


രാത്രി മൂത്രമൊഴിച്ച് ബെഡ് വൃത്തികേടാക്കുന്ന കുട്ടിയോട് അമ്മ ദേഷ്യപ്പെടും. ഇനിയും മൂത്രമൊഴിച്ചാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തിലുള്ള ഭീഷണി ആ സ്വഭാവം തുടരാനേ ഇടവരുത്തൂ.

മുന്‍പേ പലവിധത്തിലുള്ള പേടിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതുകൊണ്ടാകാം ഇത്തരം ഒരു സ്വഭാവം ഉണ്ടായതുതന്നെ. കലാപരിപാടി തുടര്‍ന്നാല്‍ ശിക്ഷ വര്‍ദ്ധിക്കും എന്നൊക്കെയുള്ള സമീപനം സ്വഭാവത്തെ ഊട്ടിയുറപ്പിക്കുകയേയുളളൂ.

മോന്‍ ആവശ്യത്തിന് മൂത്രമൊഴിച്ചോ, അമ്മ കഴുകി വൃത്തിയാക്കിക്കൊള്ളാം.. എന്ന് സ്‌നേഹമായി പറയുക. പിന്നേയും മൂത്രമൊഴിച്ചാല്‍ അവഗണിക്കുക, ദേഷ്യപ്പെടാതിരിക്കുക. കുട്ടിയെ സ്‌നേഹിക്കുന്നതില്‍ കുറവ് വരുത്താതിരിക്കുക. എങ്കില്‍ ഈ ദുഃശ്ശീലം അധികനാള്‍ നിലനില്‍ക്കാനുള്ള സാധ്യത കുറവാണ്.

വിശ്വാസ്യതയുണ്ടാക്കാം.


എല്ലാക്കാര്യത്തിലും കുട്ടിയെ വിശ്വാസത്തിലെടുക്കുക. ഒരു കൂട്ടുകാരനോട്/കൂട്ടുകാരിയോട് പെരുമാറുന്നതുപോലെ ഒരു വ്യക്തിയായി കാണുക. കുടുംബത്തിലെ ഉത്തരവാദിത്തമുളള ഒരംഗമായി അവനെ/അവളെ കാണുക.

ആ രീതിയില്‍ പെരുമാറുക. വീട്ടിലെ പ്രശ്‌നങ്ങള്‍ കുട്ടിക്ക് മനസ്സിലാകാവുന്ന രീതിയില്‍ അവനുമായി പങ്കുവയ്ക്കുക. എല്ലാക്കാര്യങ്ങളും കുട്ടിയെ അറിയിക്കുക. അഭിപ്രായം തേടുക.

വീട്ടില്‍ പണം സൂക്ഷിക്കുന്ന സ്ഥലം കുട്ടിയെ കാണിച്ച് കൊടുക്കൂ. താക്കോല്‍ എവിടെയാണെന്നും ആവശ്യത്തിന് കാശ് എടുത്തുകൊണ്ട് വേണം സ്‌കൂളില്‍ പോകാന്‍ എന്ന് ചെറുപ്പം മുതലേ പറയൂ.

അപ്പോള്‍ പണം അവന്റേതുകൂടിയാണെന്ന് മനസ്സിലാകും. അത്യാവശ്യത്തിനുള്ള പൈസയേ എടുക്കൂ. വീട്ടിലെ പൈസ അവരുടേത് കൂടിയായിത്തീര്‍ന്ന് കഴിഞ്ഞല്ലോ.

പ്രൊഫ. പി.എ.വര്‍ഗീസ്
മോട്ടിവേഷന്‍ ട്രെയിനര്‍ ഫാമിലി കൗണ്‍സിലര്‍
കൊച്ചി , 0484 4064568

Ads by Google
Ads by Google
Loading...
TRENDING NOW