ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് ഒരു തെറ്റാണോ ? അല്ലേയല്ലെന്ന് ഏവരും പറയും. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ ശേഷം പെണ്‍കുട്ടിയുടെ ജോലി പോയാലോ, അപ്പോള്‍ അത് ഗൗരവകരമായ കാര്യമാകും. പറഞ്ഞു വരുന്നത് ചൈനയില്‍ നടന്ന ഒരു പ്രണയാഭ്യര്‍ത്ഥനയും തുടര്‍ന്ന് നടന്ന സംഭവങ്ങളുമാണ്.
ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസാണു സംഭവത്തിലെ നായിക. മേയ് മാസത്തിലായിരുന്നു വിവാദ സംഭവം. വിമാനം പറന്നുയര്‍ന്ന് ആരമണിക്കൂര്‍ ആയപ്പോഴേക്കും വിമാനജീവനക്കാരിയായ യുവതിയുടെ കാമുകന് യുവതിയെ സമീപിച്ചു. മുട്ടുകാലില്‍ നിന്നു കൊണ്ട് തന്റെ പ്രണയിനിക്കു മുന്നില്‍ അയാള്‍ പ്രണയാഭ്യര്‍ഥന നടത്തി. സന്തോഷത്തോടെയും ആവേശത്തോടെയും യുവതി അഭ്യര്‍ഥന സ്വീകരിച്ചു. ഇരുവരുടെയും സന്തോഷം ആളുകള്‍ വിഡിയോയില്‍ പകര്‍ത്തി. സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലാകുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് പെണ്‍കുട്ടിക്ക് പണി കിട്ടിയത്.
മാസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ പെണ്‍കുട്ടിക്ക് വിമാനക്കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഉത്തരവാദിത്തമില്ലാതെയാണു യുവതി പ്രവര്‍ത്തിച്ചത് എന്നാണ് പ്രധാന ആരോപണം. പ്രൊഫഷണല്‍ ലൈഫും വ്യക്തിജീവിതവും തമ്മില്‍ കൂട്ടിക്കലര്‍ത്തുകയും സ്വന്തം ഉത്തരവാദിത്തവും ജോലിയും മറന്ന് കാമുകനു പിന്നാലെ പോകുകയും ചെയ്തതാണ് യുവതി കാണിച്ച തെറ്റെന്നു വിമാനക്കമ്പനി ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ളയാള്‍ അതു മറന്നു പ്രവര്‍ത്തിക്കാമോ എന്നും കമ്പനി ചോദിക്കുന്നു.
സംഭവം പുറത്ത് വന്നതോടെ പെണ്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ജോലി നഷ്ടപ്പെട്ട യുവതിയെ പിന്തുണച്ച് പലരും രംഗത്തു വരുന്നുണ്ട്. കമ്പനി പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തത് ഉചിതമായെന്നു പറയുന്നവരുമുണ്ട്.