Tuesday, May 21, 2019 Last Updated 6 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Sep 2018 09.11 AM

നാടോടിക്കാറ്റിലെ 'പവനായി' ആകാന്‍ കാത്തിരുന്നത് മമ്മൂട്ടി ; എന്നാല്‍ വിധി നിയോഗിച്ചത് ക്യാപ്റ്റന്‍രാജുവിനെ ; ആ പ്രൊഫഷണല്‍ കില്ലര്‍ ഉണ്ടായത് ഇങ്ങിനെ

uploads/news/2018/09/249574/mammootty.jpg

'അങ്ങിനെ പവനായി ശവമായി. മലപ്പുറം കത്തി...മെഷീന്‍ഗണ്‍...ഒലക്കേടെ മൂട്' നാടോടിക്കാറ്റ് സിനിമയില്‍ താടിക്ക് കയ്യും കൊടുത്ത് കള്ളക്കടത്തുകാരന്‍ അനന്തന്‍ നമ്പ്യാര്‍ നടത്തുന്ന ഈ ആത്മഗതം ഓര്‍ക്കുമ്പോള്‍ ചിരി വരാത്ത ആരും തന്നെയുണ്ടാകില്ല. കൂട്ടത്തില്‍ പി വി നാരായണന്‍ എന്ന പേര് ഒരു കൊലപാതകിക്ക് ചേരില്ലാത്തതിനാല്‍ പേര് പരിഷ്‌ക്കരിച്ച് പവനായി ആക്കി എന്ന് പറയുന്ന പാവം ക്രൂരന്‍ ക്യാപ്റ്റന്‍ രാജുവിനെയും. മലയാള ട്രോളുകളുടെ ഇടയില്‍ ഇന്നും വന്‍ ഹിറ്റായ പവനായി ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ മമ്മൂട്ടിയുടെ വേഷത്തില്‍ നമ്മളുടെ ഓര്‍മ്മകളിലേക്ക് എത്തേണ്ടിയിരുന്നതാണ്.

ശ്രീനിവാസന്റെ തിരക്കഥയില്‍ മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമയായി മാറിയ നാടോടിക്കാറ്റിന്റെ അടിസ്ഥാന ആശയവുമായി സിദ്ധിഖ്‌ലാല്‍മാര്‍ നടക്കുന്ന കാലത്ത് പവനായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി ഏറെ കൊതിച്ചിരുന്നു. എന്നാല്‍ വിധി വൈപരീത്യം കൊണ്ട് ക്യാപ്റ്റന്‍രാജുവിനായിരുന്നു ആ ഭാഗ്യം കിട്ടിയതെന്ന് മാത്രം. സംവിധായകനും നടനുമായ ലാലാണ് ഈ വെളിപ്പെടുത്തല്‍ ഒരു മാധ്യമത്തോട് നടത്തിയത്. കഥയുമായി നടക്കുമ്പോള്‍ മമ്മൂട്ടി ഈ കഥയെക്കുറിച്ച് അറിഞ്ഞു. സിദ്ദിഖ്‌ലാല്‍ മാരില്‍ നിന്നും വിശദമായി കഥ കേട്ട മമ്മൂട്ടിക്ക് ഏറെ താല്‍പ്പര്യം ജനിച്ചത് പവനായി എന്ന കഥാപാത്രത്തിലായിരുന്നു.

നായക വേഷങ്ങളില്‍ മിന്നി നില്‍ക്കുന്ന കാലത്തായിരുന്നിട്ടും ഈ കഥാപാത്രത്തോടും കഥയോടുമുള്ള താല്‍പ്പര്യം കൊണ്ട് അദ്ദേഹം തന്നെ ഇടപെട്ട് പലരോടും തങ്ങള്‍ക്ക് കഥപറയാന്‍ അവസരമുണ്ടാക്കിയിരുന്നു. ആ കഥാപാത്രത്തിന്റെ സവിശേഷതയില്‍ ഏറെ ആകൃഷ്ടനായ മമ്മൂട്ടി പവനായി ചെയ്യാനുള്ള മോഹം തുറന്നു പറയുകയും ചെയ്തു. പിന്നീട് സിനിമയായപ്പോള്‍ ക്യാപ്റ്റന്‍രാജുവിനെ ആ വേഷത്തിലേക്ക് തീരുമാനിച്ചത് സത്യന്‍ അന്തിക്കാടായിരുന്നു. ഏറെ വലിപ്പമുള്ള ഒരാള്‍, കാണിക്കുന്ന ഓരോ ചലനത്തിലും തമാശയുണ്ടാകുന്ന ആ കഥാപാത്രത്തെ അസാധാരണ വഴക്കത്തോടെ ക്യാപ്റ്റന്‍രാജു ചെയ്തു. അദ്ദേഹത്തിന്റെ നിറവും ഉയരവും കഥാപാത്രത്തിന് നന്നായി ഇണങ്ങുകയും ചെയ്തതോടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായിട്ടാണ് അത് മാറിയതെന്നും ലാല്‍ പറയുന്നു.

തൊഴിലില്ലാത്ത ദാസന്റെയും വിജയന്റെയും ദൈന്യത ഹാസ്യാത്മകമായി പറഞ്ഞ നാടോടിക്കാറ്റില്‍ ആറ് മിനിറ്റ് പോലും ദൈര്‍ഘ്യമില്ലാത്ത കഥാപാത്രമായിരുന്നു പവനായി. സിനിമയിറങ്ങി മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും പവനായിയെ മാത്രം മലയാളി മറന്നില്ല. പിന്നീട് വീരവാദം പറഞ്ഞ് പരാജിതരായി മടങ്ങുന്നവരെ കുറിക്കാന്‍ മലയാളികള്‍ ട്രോളിയത് 'പവനായി ശവമായി' എന്ന് പറഞ്ഞായിരുന്നു. തന്റെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന ദാസവിജയന്മാരെ അവസാനിപ്പിക്കുന്നതിനായി ഒടുവില്‍ അനന്തന്‍ നമ്പ്യാര്‍ പവനായിയെ രംഗത്തിറക്കുമ്പോഴാണ് സിനിമയിലേക്ക് പവനായിയുടെ വരവ്. മലപ്പുറം കത്തിയും ട്രാന്‍സിസ്റ്റര്‍ ബോംബും മുതല്‍ അള്‍ട്രാ മോഡേണ്‍ മെഷീന്‍ ഗണും ഖൂര്‍ഗാ ഗറില്ലകള്‍ ഉപയോഗിക്കുന്ന അമ്പും വില്ലും വരെ കൊണ്ടുനടക്കുന്ന പ്രൊഫഷണല്‍ കില്ലറായി ഗംഭീര എന്‍ട്രിയാണ് പവനായി നടത്തുന്നത്.

കാഞ്ഞങ്ങാട് രാവണേശ്വരം ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പി.വി.നാരായണന്‍, പവനായി ആവുന്നത് കൊലയാളിക്ക് നാരായണനെന്ന പേരിട്ടാല്‍ ഒരു വെയ്റ്റ് കിട്ടില്ലെന്ന തോന്നലിന്റെ പുറത്താണ്. പി.വി.നാരായണന്‍ എന്ന പേരില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ ഒക്കെ വരുത്തി നാരായണന്‍ അങ്ങനെ പവനായി ആയി മാറി, പൊലീസിനെയും പട്ടാളത്തിനെയും വിറപ്പിക്കുന്ന കൊടുംഭീകരന്‍. കൈയ്യിലുള്ള മാരക ആയുധങ്ങളില്‍ നിന്ന് ഏതുവേണം എന്നു തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കൂടി നല്‍കി ദാസവിജയന്മാര്‍ക്ക് മുന്നില്‍ ഹൃദയവിശാലത പ്രകടിപ്പിക്കുന്നുണ്ട് പവനായി. ഒടുവില്‍ പവനായി മരിച്ചു കഴിയുമ്പോള്‍ തിലകന്റെ പ്രതികരണം ഇന്നും വലിയ ചിരി ഉയര്‍ത്തുന്നു.

Ads by Google
Tuesday 18 Sep 2018 09.11 AM
Ads by Google
Loading...
LATEST NEWS
TRENDING NOW