Friday, June 21, 2019 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 03.08 PM

വില്ലനാകുന്ന ടെന്‍ഷന്‍

'' മനസും ശരീരവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. മാനസികമായ ചെറിയ അസ്വസ്ഥതകള്‍പോലും ഹൃദയതാളം തെറ്റിച്ചേക്കാം''
uploads/news/2018/09/248559/Tensionvillanakunnu.jpg

സമയം രാവിലെ 8.30. ''സമധാനമായിട്ട് ഒരിടത്ത് ഇരുന്ന് ഭക്ഷണം കഴിക്ക് ചേട്ടാ'' ഭാര്യ ഭര്‍ത്താവിനോടു പറയുന്നു. ''സമയമില്ല. ഓഫീസില്‍ താമസിച്ചുചെന്നാല്‍ കുഴപ്പമാണ്.

ഇപ്പോള്‍ ഇറങ്ങിയാലേ ബസ് കിട്ടൂ. പെട്രോളിനു വിലക്കൂടിയില്ലായിരുന്നെങ്കില്‍ സ്‌കൂട്ടറിലെങ്കിലും പോകാമായിരുന്നു'' എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. സമയം 8.45. ബസ് നിറയെ ആളുകള്‍.

സ്‌കൂള്‍ കുട്ടികള്‍, ജോലിക്കാര്‍, മറ്റു യാത്രക്കാര്‍.
''നമ്മുടെ പബ്ലിക്ക് പരീക്ഷ അടുത്തു വരുകയാണ്. നീ വല്ലതും പഠിച്ചു തുടങ്ങിയോ''ഒരു കുട്ടി തന്റെ സുഹൃത്തിനോടു ചോദിക്കുകയാണ്.
''പരീക്ഷയുടെ കാര്യം ഓര്‍ക്കുമ്പോള്‍ എന്റെ കൈയും കാലും വിറയ്ക്കുന്നു''. അപ്പോഴാണ് ബസ് ട്രാഫിക്ക് കുരുക്കില്‍ പെടുന്നത്.

ഓ... ഈ ട്രാഫിക്ക് കുരുക്കു കാരണം ഒരു സ്ഥലത്തും കൃത്യ സമയത്ത് എത്തുകയില്ല. സമയം തെറ്റി ചെല്ലുമ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണുണ്ടാവുക ആവോ'' ഒരു യാത്രക്കാരന്റെ ആകുലത നിറഞ്ഞ വാക്കുകള്‍. ഇങ്ങനെ നിസാരകാര്യങ്ങള്‍ക്കു പോലും ടെന്‍ഷനടിച്ച് മുന്നോട്ടു നീങ്ങുകയാണ് കേരളീയരുടെ ജീവിതം.

മനസും ശരീരവും


മാനസികസമ്മര്‍ദം ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവ് പെട്ടെന്ന് കൂടാന്‍ കാരണമാകുന്നു. അതായത് മനസും ശരീരവും തമ്മില്‍ വളരെയേറെ ബന്ധമുണ്ടെന്ന് അര്‍ഥം. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ശരീരത്തിലെ എന്‍ഡോക്രൈന്‍ ഗ്ലാന്റുകള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു.

തല്‍ഫലമായി അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍, ഹിസ്റ്റമിന്‍, സിറോട്ടോണിന്‍ തുടങ്ങിയ സുപ്രധാന ഹോര്‍മോണുകള്‍ അമിതമായി ശരീരത്തിലേക്ക് പ്രവഹിക്കുന്നു. ഇത് രക്തധമനികള്‍ സങ്കോചിക്കുവാനിടയാക്കുകയും രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോള്‍ നെഞ്ചുവേദനയോ ഹൃദയാഘാതമോ പിടിപ്പെടാനിടയുണ്ട്.

ചില സന്ദര്‍ഭങ്ങളില്‍ ഹൃദയപേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയോ ഹൃദയതാളം തെറ്റുകയോ ചെയ്യുന്നു.കോപം, ഭയം, നിരാശ, ആകുലത എന്നിങ്ങനെ തീവ്രമായ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹൃദയപേശികളിലെ രക്തധമനികള്‍ ചുരുങ്ങുന്നു. ഈ അവസരത്തില്‍ രക്തം പമ്പ് ചെയ്യുവാന്‍ ഹൃദയത്തിന് കൂടുതല്‍ പണിപ്പെടേണ്ടിവരുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകാം.

uploads/news/2018/09/248559/Tensionvillanakunnu01.jpg

മാനസിക സംഘര്‍ഷവും നെഞ്ചുവേദനയും


നെഞ്ചുവേദനയുമായി ഡോക്ടറുടെ അടുത്തുവരുന്ന അഞ്ച് ശതമാനത്തില്‍ ഒരാളെങ്കിലും സ്‌ട്രെസ് മൂലമുള്ള നെഞ്ചു വേദനയുള്ളവരാണ്. ഇവരെ തിരിച്ചറിയാന്‍ എളുപ്പമാണെങ്കിലും ചില സന്ദര്‍ഭത്തില്‍ ടെസ്റ്റുകള്‍ രോഗനിര്‍ണയത്തിന് വേണ്ടി വരും. ഉറക്കമില്ലായ്മ, തലവേദന, അള്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവ രോഗിയുടെ മനസിനേയും ശരീരത്തേയും ഒരുപോലെ ബാധിക്കും.

പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍


മാനസികസമ്മര്‍ദവും ഹൃദോഗവും തമ്മില്‍ ബന്ധപ്പെടുത്തുമ്പോള്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. മനുഷ്യന്റെ ശാരീരിക മാനസിക ആത്മീയ മാനങ്ങളുടെ സമഗ്രീകരണമാണ് ആരോഗ്യകരമായ വ്യക്തിത്വം.

ഒരാളുടെ ജീവിതത്തില്‍ നിന്ന് ടെന്‍ഷന്‍ ഒരിക്കലും മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല. സമൂഹത്തില്‍ സങ്കീര്‍ണതയേറുമ്പോള്‍ എല്ലാ ജീവിതരംഗങ്ങളില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു.

ഈ പ്രശ്‌ന സാഹചര്യങ്ങള്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നു. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടുന്ന രീതിയാണ് പ്രധാനം. ഏതൊരു പ്രശ്‌നത്തിനും രണ്ടു വശങ്ങളുണ്ട്. നെഗറ്റീവും പോസ്റ്റീവും. ഇതിലെ പോസ്റ്റീവ് വശം തിരഞ്ഞെടുത്ത് നേരിടുമ്പോള്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ സാധിക്കും.

** ടെന്‍ഷന്‍ കുറയ്ക്കാനുള്ള വഴികള്‍
1. യോഗ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുക.
2. ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക.

3. പ്രശ്‌നങ്ങളെ ധൈര്യപൂര്‍വം നേരിടണം.
4. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.

5. ദിവസവും കുറഞ്ഞത് ആറു മണിക്കൂര്‍ ഉറങ്ങണം.
6. പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യാനുള്ള മനസുണ്ടായിരിക്കുക.

7. ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താല്‍ ഒരു പരിധിവരെ ടെന്‍ഷന്‍ ഒഴിവാക്കാനാവും.
8. വായന, എഴുത്ത്, പാട്ട് കേള്‍ക്കുക, ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുക, മനസു തുറന്ന് ചിരിക്കുക തുടങ്ങിയവയും ടെന്‍ഷന്‍ അകറ്റിനിര്‍ത്താന്‍ സഹായിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW