Sunday, May 19, 2019 Last Updated 9 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 02.35 PM

അമ്മ അറിയാന്‍: ബുദ്ധിക്കും വിശക്കും...

കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യത്തില്‍ വലിയ ശ്രദ്ധചെലുത്തുന്ന അമ്മമാര്‍ അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ തയ്യാറാക്കി കൊടുക്കാറുണ്ട്. എന്നാല്‍ അത് കുട്ടിയുടെ വളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാറില്ല. ബുദ്ധിവികാസത്തിനും ശരീരവളര്‍ച്ചയ്ക്കും സഹായിക്കുന്ന ധാരാളം ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട് സ്‌കൂള്‍ കുട്ടികള്‍ക്കായി...
uploads/news/2018/09/248551/Parenting140918.jpg

തലച്ചോറിനും ഭക്ഷണമോ എന്നുകേട്ട് ഞെട്ടണ്ട.. ശരീരത്തിന് ജീവിക്കാന്‍ ഭക്ഷണം ആവശ്യമായതുപോലെതന്നെ തലച്ചോറിനും ബുദ്ധിക്കും ഭക്ഷണം ആവശ്യമാണ്. ശരീരത്തിന്റെ മറ്റേതു കോശത്തിനും വേണ്ടുന്ന ഭക്ഷണത്തിന്റെ ഇരട്ടി ഭക്ഷണം വേണം തലച്ചോറിലെ കോശങ്ങള്‍ക്ക്. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനും മാനസികസംഘര്‍ഷം കുറയ്ക്കാനും ശരിയായരീതിയില്‍ ഭക്ഷണം കഴിച്ചെങ്കിലേ സാധിക്കൂ.

സ്‌കൂള്‍ കുട്ടികള്‍ക്ക് ബുദ്ധിയുപയോഗിക്കേണ്ട അവസരങ്ങള്‍ വളരെക്കൂടുതലാണ്. ശരിയായ ഭക്ഷണം തലച്ചോറിന് നല്‍കിയില്ലെങ്കില്‍ ബുദ്ധിക്കുറവ് അനുഭവപ്പെടാം. മത്സരങ്ങള്‍ നിറഞ്ഞ ഇന്നത്തെക്കാലത്ത് അത് നിങ്ങളുടെ കുട്ടിയെ മറ്റുള്ളവരില്‍നിന്ന് പിറകിലാക്കിയെന്നും വരാം.

എന്താണ് ബ്രെയിന്‍ ഫുഡ്?


ടിന്നിലോ പായ്ക്കറ്റിലോ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല ബ്രെയിന്‍ ഫുഡ്. ഓര്‍മ്മശക്തിക്കും ബുദ്ധിവളര്‍ച്ചയ്ക്കും സഹായിക്കുന്ന ആഹാരങ്ങളാണ് ബ്രെയിന്‍ ഫുഡുകള്‍. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം അടങ്ങുന്നതാണ് ബ്രെയിന്‍ ഫുഡുകള്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് ഇവ വളരെയാവശ്യമാണ്. ശാരീരിക- മാനസിക- ബൗദ്ധികവളര്‍ച്ചയ്ക്ക് ആഹാരക്രമത്തിന് വളരെ പ്രാധാന്യമാണുള്ളത്.

പ്രധാനം പ്രഭാതഭക്ഷണം


ശരിയായ ബുദ്ധിവികാസത്തിന് പ്രഭാതഭക്ഷണം കൂടിയേ തീരൂ. വെറുതേ എന്തെങ്കിലും വാരിവലിച്ചു കഴിക്കുന്നതാവരുത് പ്രഭാതഭക്ഷണം. രാവിലെയും വൈകുന്നേരവും നിര്‍ബന്ധമായും കുട്ടികള്‍ക്ക് ഓരോ ഗ്ലാസ് പാല്‍ നല്‍കണം. വെള്ളം ചേര്‍ക്കാതെ കുറുക്കിയെടുക്കുന്ന പാലാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത് എന്ന് മുത്തശ്ശിമാര്‍ പറയാറുണ്ടെങ്കിലും വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കൊടുക്കണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഒരു ഗ്ലാസ് പാലില്‍ അത്രതന്നെ വെള്ളം ചേര്‍ത്തുവേണം നേര്‍പ്പിക്കാന്‍. പാലിലെ 'സിസ്‌റ്റെയിന്‍ ടൊറീന്‍' എന്ന അമിനോ ആസിഡാണ് ബുദ്ധിശക്തി കൂട്ടുന്നതില്‍ പങ്കുവഹിക്കുന്നത്. ആവശ്യത്തിന് പഞ്ചസാര ചേര്‍ത്തുവേണം കുട്ടികള്‍ക്ക് രാവിലെ പാല്‍ കൊടുക്കാന്‍.

പ്രഭാതഭക്ഷണത്തില്‍ ഏതെങ്കിലുമൊക്കെ പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏത്തപ്പഴം പുഴുങ്ങിയതോ മാങ്ങാപ്പഴമോ ഒക്കെ കൊടുക്കാം. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിലെത്തി ഗ്ലൂക്കോസായി മാറി ബുദ്ധിയെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

ബ്രഡ് ടോസ്റ്റ് ചെയ്‌തോ സാന്‍വിച്ചുകളോ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണത്തില്‍ നല്‍കിയാല്‍ സ്‌കൂളിലെത്തുമ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കും. കൂടാതെ ധാന്യങ്ങളോ കോണ്‍ഫ്‌ളേക്‌സോ ഒക്കെ പ്രഭാതഭക്ഷണത്തിലുള്‍പ്പെടുത്താം. ഇവ ബുദ്ധിയെ പ്രചോദിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങളാണ്.

ഉച്ചഭക്ഷണം ഒഴിവാക്കരുതേ


പ്രഭാതഭക്ഷണംപോലെ തന്നെ പ്രധാനമാണ് ഉച്ചഭക്ഷണവും. രാവിലെ കഴിച്ചതുതന്നെ ഉച്ചയ്ക്കും മതിയെന്ന് കുഞ്ഞുങ്ങള്‍ പറയാറുണ്ടെങ്കിലും നമ്മുടെ ആഹാരരീതിയനുസരിച്ച് ചോറും കറികളും തന്നെയാണ് നല്ലത്. പച്ചക്കറികളും മുട്ടയും എല്ലാം ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കൊടുത്തുവിടാന്‍ അമ്മമാരും ഓര്‍ക്കണം. മുട്ടയുടെ മഞ്ഞയും ധാരാളം ധാന്യങ്ങളും ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്തുക.
uploads/news/2018/09/248551/Parenting140918a.jpg

രാത്രി ഭക്ഷണത്തേക്കാള്‍ അധികം ശ്രദ്ധിക്കേണ്ടത് ഉച്ചഭക്ഷണത്തിലാണ്. ചില മാതാപിതാക്കള്‍ ഉച്ചയ്ക്ക് ബിസ്‌ക്കറ്റോ സ്‌നാക്‌സോ ഒക്കെ കൊടുത്തുവിട്ടശേഷം രാത്രിയില്‍ നന്നായി കഴിപ്പിക്കാം എന്ന ചിന്താഗതിയുള്ളവരാണ്. ഇതൊട്ടും നല്ലതല്ല. ഉച്ചഭക്ഷണം നന്നായി കഴിച്ചെങ്കില്‍ മാത്രമേ ഉച്ചകഴിഞ്ഞുള്ള ക്ലാസുകളില്‍ ക്ഷീണമുണ്ടാവാതെ ഇരിക്കാന്‍ സാധിക്കൂ.

രാത്രിഭക്ഷണം എപ്പോഴും മിതമായിരിക്കണം. ഒരു ദിവസത്തെ കഠിനമായ ജോലികള്‍ക്കുശേഷം കട്ടിയില്‍ ആഹാരം കഴിച്ചാല്‍ അത് ഉറക്കത്തെ ബാധിക്കും. 6- 8 മണിക്കൂറിനുശേഷമാണ് രാവിലെ കഴിക്കുന്നതെന്ന പേരിലാണ് മിക്കപ്പോഴും രാത്രിഭക്ഷണം കട്ടിയിലാക്കാന്‍ അമ്മമാരെ പ്രേരിപ്പിക്കുന്നത്. ചപ്പാത്തിയും കറിയുമോ പഴങ്ങളോ ഒക്കെ കുട്ടികള്‍ക്ക് കൊടുക്കാം. രാത്രി കിടക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും ഒരു ഗ്ലാസ് പാല്‍ കൊടുക്കണം. ഇത് ഉറക്കത്തെ വളരെ സഹായിക്കും.

പാനീയങ്ങള്‍


ആഹാരം മാത്രമല്ല ശരീരത്തിന് ആവശ്യം. വെള്ളവും മറ്റ് പാനീയങ്ങളുമൊക്കെയുണ്ടെങ്കിലേ ബുദ്ധി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കൂ. ശരിയായ രീതിയില്‍ വെള്ളം കുടിച്ചെങ്കില്‍ മാത്രമേ ബുദ്ധിയും നന്നായി പ്രവര്‍ത്തിക്കൂ. ജ്യൂസുകളിലും മറ്റുമുള്ള കാര്‍ബോ ഹൈഡ്രേറ്റ് ഗ്ലൂക്കോസായി ബുദ്ധിയെ ഉത്തേജിപ്പിക്കും.

ബുദ്ധിയെ സഹായിക്കുന്ന ആഹാരങ്ങള്‍

1. സാമന്‍ മത്സ്യം


ബുദ്ധിയുടെ വളര്‍ച്ചയ്ക്കും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന ഒമേഗ-3 ആസിഡിന്റെ വലിയ ഉറവിടമാണ് സാമന്‍മത്സ്യങ്ങള്‍. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും സാമന്‍മത്സ്യം കഴിക്കുന്നവര്‍ കൂര്‍മ്മബുദ്ധിയുള്ളവരായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ ചൂര, അയല തുടങ്ങിയവയും ഒമേഗ-3 ആസിഡിന്റെ മികച്ച ഉറവിടങ്ങളാണ്. ഇത് കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് വളരെയേറെ സഹായിക്കും.

2. മുട്ട


പ്രോട്ടീന്‍ ധാരാളമടങ്ങിയ മുട്ട ദിവസേന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണം. ദിവസം ഒന്ന് എന്നതാണ് കണക്ക്. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കൊളീന്‍ കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് വളരെ ആവശ്യമാണ്. ദിവസവും ഒരേപോലെ മുട്ട നല്‍കാതെ വിവിധരീതിയില്‍ മുട്ട വിഭവങ്ങള്‍ തയാറാക്കി നല്‍കുന്നത് കുട്ടികളില്‍ മുട്ട കഴിക്കാനുള്ള താത്പര്യം കൂടും.

3. പീനട്ട് ബട്ടര്‍


വിറ്റാമിന്‍ ഇ ധാരാളമടങ്ങിയിട്ടുണ്ട് പീനട്ട് ബട്ടറില്‍. കൂടാതെ നാഡീസ്തരങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളുമുണ്ടതില്‍. ഗ്ലൂക്കോസിന്റെ എനര്‍ജിയാക്കി മാറ്റി ഉപയോഗിക്കാന്‍ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും സഹായിക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന തൈമിനാണ്. ഇതുകൂടാതെ പീനട്ട് പൊടിച്ച് സാലഡിലോ ഐസ്‌ക്രീമിലോ ഒക്കെ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.

4. ധാന്യങ്ങള്‍


എല്ലാ ദിവസവും കൃത്യമായ അളവില്‍ തലച്ചോറിന് ആഹാരം കിട്ടിയേ തീരൂ. ഇതിന് ഏറ്റവും നല്ലത് ധാന്യങ്ങളാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു. കൂടാതെ വൈറ്റമിന്‍ ബി കുട്ടികളുടെ നാഡീവ്യവസ്ഥ കൃത്യമായി വളരാന്‍ സഹായിക്കുന്നു.

5. ഓട്‌സ്


തലച്ചോറിനുള്ള ധാന്യം എന്നാണ് ഓട്‌സ് അറിയപ്പെടുന്നത്. രാവിലെ പ്രഭാതഭക്ഷണമായി കുട്ടികള്‍ക്ക് ഓട്‌സ് നല്കുന്നത് വളരെ നല്ലതാണ്. ഓട്‌സിലടങ്ങിയിരിക്കുന്ന ഫൈബര്‍ കുട്ടികളെ ഉന്മേഷവാന്മാരാക്കും. കൂടാതെ വിറ്റാമിന്‍ ബി, ഇ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ശരീരത്തിന്റെയും ബുദ്ധിയുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.

6. ബെറീസ്


സ്‌ട്രോബറി, ബ്ലൂബെറി, ചെറി തുടങ്ങിയവയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി കാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളവയാണ്. ദിവസേന ബെറി കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിശക്തി കൂട്ടുന്നു.

7. ബീന്‍സ്


ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യുന്നവയാണ് ബീന്‍സുകള്‍. ധാരാളം പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ഫൈബറും വിറ്റാമിനുകളും ധാതുക്കളുമെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. ബീന്‍സുകള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.
uploads/news/2018/09/248551/Parenting140918b.jpg

8. പാലും തൈരും


പാലും തൈരും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് വളരെയധികം ആവശ്യമാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും വിറ്റാമിന്‍ ബിയും തലച്ചോറിലെ കോശങ്ങളുടെയും എന്‍സൈമുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. കൂടാതെ പാലിലും തൈരിലുമുള്ള കാത്സ്യം കുട്ടികളുടെ എല്ലുകള്‍ക്ക് ബലം നല്‍കുന്നു.

9. പച്ചക്കറികള്‍


പല നിറങ്ങളില്‍പ്പെട്ട ഫ്രഷ് പച്ചക്കറികളാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കുട്ടികളിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. പച്ചക്കറികള്‍ പാതിവേവിച്ചോ വേവിക്കാതെയോ കുട്ടികള്‍ക്ക് കൊടുക്കാം. മാത്രമല്ല സൂപ്പുവച്ചോ സ്റ്റൂ ഉണ്ടാക്കിയോ നല്‍കുന്നത് കുട്ടികള്‍ക്ക് ഇതിനോടുള്ള താത്പര്യം വളര്‍ത്തും.

ബുദ്ധിയുടെ വളര്‍ച്ചയ്ക്ക്

ബനാന- ബെറി സ്മൂത്തി


ആവശ്യമുള്ള സാധനങ്ങള്‍
ഇടത്തരം ഏത്തപ്പഴം - 1
മിക്‌സഡ് ബെറി - 1 കപ്പ്
പീനട്ട് ബട്ടര്‍ - 1 ടേബിള്‍ സ്പൂണ്‍
പാല്‍ - 1/3 കപ്പ്
തൈര് - 1 കപ്പ്
ഐസ്‌ക്യൂബ് - 2-4 എണ്ണം

------ തയാറാക്കുന്ന വിധം
ചേരുവകളെല്ലാം കൂടി ബ്ലെന്‍സറിലിട്ട് ബ്ലെന്‍സ് ചെയ്‌തെടുക്കുക.

ബുദ്ധിയെ ഹനിക്കുന്നവ

ബുദ്ധിയെ സഹായിക്കുന്നതുപോലെതന്നെ ബുദ്ധിവളര്‍ച്ച തടയുന്ന ആഹാരങ്ങളുമുണ്ട്. മരച്ചീനി, ഉരുളക്കിഴങ്ങ്, ഇഞ്ചി, മുളക് എന്നിവയൊക്കെ ബുദ്ധിക്ക് ദോഷമുണ്ടാക്കുന്ന ആഹാരസാധനങ്ങളാണ്. എല്ലാനേരവും വയര്‍നിറച്ച് ഭക്ഷണം കഴിക്കാതെ കാല്‍ഭാഗം ഒഴിച്ചിടണം. പൊട്ടറ്റോചിപ്‌സ്, ഫ്രഞ്ച്‌ഫൈസ് തുടങ്ങിയവയൊക്കെ കഴിക്കാന്‍ നല്ലതാണെങ്കിലും പരീക്ഷാക്കാലത്ത് ഇവ ഒഴിവാക്കണം.

Ads by Google
Friday 14 Sep 2018 02.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW