Friday, April 26, 2019 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.33 AM

ബിഷപ്‌ ഫ്രാങ്കോ സുഹൃത്ത്‌, പക്ഷേ മാറിനില്‍ക്കണം: ഫാ. സുരേഷ്‌ മാത്യു

uploads/news/2018/09/248483/opinion1409018a.jpg

പീഡന ആരോപണം നേരിടുന്ന ബിഷപ്‌ ഫ്രാങ്കോ രാജിവച്ച്‌ മാറിനില്‍ക്കണമെന്നു കപ്പൂച്ചിന്‍ സഭയുടെ ഇന്ത്യന്‍ കറന്റ്‌സ്‌ മാഗസിന്‍ എഡിറ്ററായ ഫാ. സുരേഷ്‌ മാത്യു.
കന്യാസ്‌ത്രീകള്‍ക്ക്‌ ഐക്യദാര്‍ഢ്യവുമായി ഇന്നലെ വൈകിട്ടോടെയാണു ഫാ. സുരേഷ്‌ മാത്യു സമരപ്പന്തലിലെത്തിയത്‌. " ബിഷപ്‌ ഫ്രാങ്കോ എന്റെ സുഹൃത്താണ്‌. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം രാജിവയ്‌ക്കണമെന്ന്‌ നേരിട്ട്‌ ആവശ്യപ്പെട്ടതാണ്‌. അദ്ദേഹത്തിന്റെ മറുപടി നിരാശപ്പെടുത്തിക്കളഞ്ഞു. ആദ്യമായിട്ടാണ്‌ തെരുവില്‍ സംസാരിക്കേണ്ടിവരുന്നത്‌. സത്യത്തിനും നീതിക്കും ഒപ്പം നില്‍ക്കണമെന്നു പഠിപ്പിച്ചവര്‍ക്കുള്ള ഗുരുദക്ഷിയാണ്‌ ഈ ഐക്യദാര്‍ഢ്യം." - ഫാ. സുരേഷ്‌ മാത്യു പറഞ്ഞു.

*** പോരാട്ടത്തില്‍ അണിചേരുന്നു: മഞ്‌ജു വാര്യര്‍

കന്യാസ്‌ത്രീകള്‍ ഹൈക്കോടതി ജങ്‌ഷനില്‍ നടത്തുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ലൈംഗിക കേസില്‍ ആരോപണ വിധേയനായ സി.പി.എം. എം.എല്‍.എയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചും നടി മഞ്‌ജുവാര്യര്‍. നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്‌ത്രീകള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നതായും മഞ്‌ജുവാര്യര്‍ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ കുറിച്ചു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണം. അത്‌ വൈകുന്തോറും വ്രണപ്പെടുന്നത്‌ വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്‌, വലിയ പാരമ്പര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയാണ്‌. ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പ്പോലും ബിഷപ്പിനൊപ്പമുണ്ടെന്ന്‌ കരുതുന്നില്ല. എവിടെയെങ്കിലും സ്‌ത്രീയുടെ സുരക്ഷയ്‌ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത്‌ പരിഷ്‌കൃത ജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്‌. അതിന്‌ ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല. നീതി ജലം പോലെ ഒഴുകട്ടെ, നന്മ ഒരിക്കലും നിലയ്‌ക്കാത്ത അരുവി പോലെയും എന്ന ബൈബിള്‍ വാക്യത്തോടെയാണ്‌ മഞ്‌ജു കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.

*** വേണ്ടത്‌ നിഷ്‌പക്ഷ അന്വേഷണം: സിസ്‌റ്റര്‍ ജെസി കുര്യന്‍

ജലന്ധര്‍ ബിഷപ്പിനെതിരേയുള്ള ആരോപണത്തില്‍ വേണ്ടത്‌ നിഷ്‌പക്ഷമായ അന്വേഷണമാണെന്നു ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ മുന്‍ അംഗവും സുപ്രീംകോടതി അഭിഭാഷകയുമായ സിസ്‌റ്റര്‍ ജെസി കുര്യന്‍. യാതൊരുവിധ ഇടപെടലുകളുമില്ലാതെ അന്വേഷണം നീതിപൂര്‍വമായിരിക്കണം. അതിന്‌ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ ആ സ്‌ഥാനത്ത്‌ തുടരുന്നത്‌ നല്ലതല്ല. അദ്ദേഹം അധികാരങ്ങളുള്ള വ്യക്‌തിയാണ്‌.

*** സര്‍ക്കാരും പോലീസും മുട്ടുമടക്കുന്നു: ഷാനിമോള്‍

സന്യാസിനി സമൂഹത്തിനു പൊതുനിരത്തിലിറങ്ങേണ്ട ഗതികേടുണ്ടായിരിക്കുന്നത്‌ സാംസ്‌കാരിക കേരളത്തിലാണെന്നത്‌ അമ്പരപ്പിക്കുന്നതാണെന്ന്‌ എ.ഐ.സി.സി. സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാന്‍. കന്യാസ്‌ത്രീകള്‍ നടത്തുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഹൈക്കോടതി ജങ്‌ഷനിലെ വഞ്ചിസ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംസ്‌ഥാന സര്‍ക്കാരും എന്തുകൊണ്ട്‌ മുട്ടുമടക്കുന്നുവെന്ന്‌ വ്യക്‌തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സഭയുമായി ചേര്‍ന്ന്‌ ഒരു വ്യക്‌തി നടത്തിയിട്ടുള്ള ക്രിമിനല്‍ കുറ്റത്തെ ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നത്‌ അപകടകരമാണ്‌.

*** ഇനി ബിഷപ്‌ എന്നു വിളിക്കരുത്‌: ഭാഗ്യലക്ഷ്‌മി

എല്ലാ അഭിമാനവും നഷ്‌ടപ്പെട്ട ഫ്രാങ്കോ മുളയ്‌ക്കലിനെ ഇനിയാരും ബിഷപ്പ്‌ ഫ്രാങ്കോ എന്നു വിളിക്കരുതെന്നു ഡബ്ബിങ്ങ്‌ ആര്‍ട്ടിസ്‌റ്റ്‌ ഭാഗ്യലക്ഷ്‌മി. കന്യാസ്‌ത്രീകളുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം അറിയിക്കാന്‍ സമരപ്പന്തലിലെത്തിയതായിരുന്നു അവര്‍. കന്യാസ്‌ത്രീകള്‍ അടിമകളാകണമെന്ന്‌ ആര്‍ക്കാണു നിര്‍ബന്ധം. പണ്ട്‌ സിസ്‌റ്റര്‍ അഭയയുടെ കൂടെ നാം നിന്നിരുന്നുവെങ്കില്‍ അന്ന്‌ അത്തരമൊരവസ്‌ഥ അഭയക്കുണ്ടാകുമായിരുന്നില്ല. കാലങ്ങളായി കന്യാസ്‌ത്രീകള്‍ അനുഭവിച്ചു വരുന്ന പീഡനങ്ങളാണ്‌ അവര്‍ പുറത്തു പറയുന്നത്‌. -ഭാഗ്യലക്ഷ്‌മി പറഞ്ഞു.

*** സ്‌ത്രീകളുടെ ഭാഗത്തുനിന്ന്‌ ചിന്തിക്കണം: സാറാ ജോസഫ്‌

പരാതിക്കാരിയായ കന്യാസ്‌ത്രീക്കെതിരേയും കന്യാസ്‌ത്രീകളുടെ സമരത്തിനെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്‌ത്രീകളുടെ ഭാഗത്തുനിന്ന്‌ ചിന്തിക്കാന്‍ ശ്രമിക്കണമെന്ന്‌ എഴുത്തുകാരി സാറാ ജോസഫ്‌. പരാതിക്കാരിയായ കന്യാസ്‌ത്രി അനുഭവിച്ച വേദന പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്‌. 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട്‌ പുറത്തു പറഞ്ഞില്ല എന്നു ചോദിക്കുന്നത്‌ വഷളത്തരമാണ്‌. ഈ ചോദ്യം ചോദിക്കുന്ന മനോഭാവമാണ്‌ നമ്മള്‍ മാറ്റേണ്ടത്‌. ബിഷപ്പിനെ നീതി പീഠത്തിന്റെ മുന്നിലെത്തിച്ചില്ലെങ്കില്‍ അതിന്റെ പരിണിത ഫലം സര്‍ക്കാര്‍ അനുഭവിക്കേണ്ടി വരും. പി.കെ. ശശി എം.എല്‍.എയുടെ പ്രശ്‌നം വന്നപ്പോള്‍ കുറ്റവാളിയെ സംരക്ഷിക്കുകയും പരാതിക്കാരിയായ പെണ്‍കുട്ടിയെ ഒതുക്കുകയുമാണ്‌ ഇടതുപക്ഷം ചെയ്‌തത്‌. ബിഷപ്പിന്റെ കാര്യത്തില്‍ സഭയും അതു തന്നെയാണു ചെയ്‌തത്‌.-സാറാ ജോസഫ്‌ പറഞ്ഞു.

**** സ്‌ത്രീകള്‍ക്ക്‌ നീതി നിഷേധിക്കപ്പെടുന്നത്‌ ആദ്യമല്ല: അജിത

സ്‌ത്രീകള്‍ക്കു നീതി നിഷേധിക്കപ്പെടുന്നതും അതിനായി അവര്‍ തെരുവിലിറങ്ങുന്നതും ഇത്‌ ആദ്യമല്ലെന്ന്‌ സമരത്തിനു പിന്തുണയുമായെത്തിയ അന്വേഷി സംഘടനയുടെ അധ്യക്ഷ കെ. അജിത. നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിനെതിരേ അതിവേഗം നിയമനടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബിഷപ്പിന്റെ കാര്യത്തില്‍ നിലപാടു മാറ്റി. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബിഷപ്പിനെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞില്ലെന്നും കെ അജിത പറഞ്ഞു.

**** ബിഷപ്‌ അറസ്‌റ്റ്‌ ഭയപ്പെടുന്നു: അഡ്വ: സന്ധ്യ

കോടതി നടപടി ബിഷപ്പിന്‌ അനുകൂലമാണെന്നു തെറ്റിദ്ധരിക്കരുതെന്നും പഴുതടച്ചുള്ള കുറ്റപത്രം തയാറാക്കാനുള്ള സമയമാണ്‌ കോടതി അനുവദിച്ചിരിക്കുന്നതെന്നും അഡ്വ: സന്ധ്യ. കേസ്‌ കോടതിക്കു മുന്നില്‍ എത്തിയതിനാലാണ്‌ ബിഷപ്പിന്‌ പോലീസിനു മുന്നില്‍ ഹാജരാകേണ്ടി വന്നത്‌. ബിഷപ്പ്‌ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നാണ്‌ മനസിലാക്കുന്നത്‌. ഇത്‌ അറസ്‌റ്റ്‌ ഭയപ്പെടുന്നതിനാലാണന്നും സമരത്തിന്റെ വിജയമാണിതെന്നും അവര്‍ സമരപ്പന്തലില്‍ പറഞ്ഞു.

**** നടപടി വൈകുന്നത്‌ പോലീസിനുമേലുള്ള സമ്മര്‍ദത്താല്‍: ഹസന്‍

ജലന്ധര്‍ ബിഷപ്പിനെതിരേ നടപടി വൈകുന്നത്‌ പോലീസിനുമേലുള്ള സമ്മര്‍ദം കൊണ്ടാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ എം.എം ഹസന്‍. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

**** മഠങ്ങളിലേത് അധികാര ദുര്‍വിനിയോഗം: സിസ്റ്റര്‍ ഡോ. സിന്‍ഡ

കന്യാസ്ത്രീകളുടെ മഠങ്ങളില്‍ നടക്കുന്നത് അധികാര ദുര്‍വിനിയോഗമെന്നു സിസ്റ്റര്‍ ഡോ. സിന്‍ഡ. അനീതികള്‍ക്കെതിരേയും മേലധികാരികളുടെ ചൂഷണത്തിനെതിരേയും നിരന്തരം കലഹിച്ചശേഷമാണു താന്‍ സഭ വിട്ടതെന്നും സിസ്റ്റര്‍ സിന്‍ഡ പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണയുമായി എത്തിയതായിരുന്നു അവര്‍.

14-ാം വയസില്‍ തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനി സഭ(സി.ടി.സി.)യില്‍ അംഗമായി, 33 വര്‍ഷം സേവനം ചെയ്തു. 2005 ലാണു സഭ വിട്ടത്, സഭാവസ്ത്രം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. മദര്‍ ജനറലില്‍നിന്നു കടുത്ത മാനസിക പീഡനം അനുഭവിച്ചശേഷമാണു സഭ വിട്ടത്.

ഒരു അലോപ്പതി ഡോക്ടറായിരുന്നിട്ടും തുച്ഛമായ ശമ്പളത്തില്‍ സഭയുടെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്തു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന സഹോദരനെ സഹായിക്കണമെന്നു സഭാധികാരികളോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ മൂന്നുവര്‍ഷത്തെ അവധിയെടുത്ത് പുറത്തുപോയി ജോലി ചെയ്താണു സഹോദരനാവശ്യമായ തുക കണ്ടെത്തിക്കൊടുത്തത്.

മഠത്തിലേക്കു തിരികെ വന്നശേഷം മദര്‍ ജനറലിന്റെ സമീപനം വളരെ മോശമായിരുന്നു. ജോലി ചെയ്തു സമ്പാദിച്ച പണം ഏല്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. മഠങ്ങളില്‍ പുരോഹിതര്‍ മദര്‍ ജനറാളുമാരുടെ മൗനാനുവാദത്തോടെയാണ് അധികാരദുര്‍വിനിയോഗം നടത്തുന്നത്. ഇതിനെതിരേ പ്രതികരിച്ചതിന് ഇന്ത്യയിലുടനീളം നിരന്തരം ട്രാന്‍സ്ഫര്‍ നല്‍കിയാണു തന്നെ പീഡിപ്പിച്ചത്.

സഹിക്കവയ്യാതെയാണു മാര്‍പാപ്പയുടെ അനുവാദത്തോടെ സഭ വിട്ടത്. പ്രതികരിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നതാണ് സഭാധികാരികളുടെ രീതി. ഈ സമരത്തോടെ ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാവണം-സിസ്റ്റര്‍ സിന്‍ഡ പറഞ്ഞു.

Ads by Google
Friday 14 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW