Thursday, November 15, 2018 Last Updated 50 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.30 AM

ജയ്‌റ്റ്ലി രാജിവയ്‌ക്കണം; മല്യയെ കണ്ടതിനു തെളിവ്‌: രാഹുല്‍

uploads/news/2018/09/248477/3.jpg

ന്യൂഡല്‍ഹി:
വിവിധ ബാങ്കുകളില്‍നിന്നായി ശതകോടികള്‍ വെട്ടിച്ച്‌ രാജ്യംവിട്ട മദ്യവ്യവസായി വിജയ്‌ മല്യയെച്ചൊല്ലി കോണ്‍ഗ്രസ്‌ -ബി.ജെ.പി വക്‌ പോര്‌ കനക്കുന്നു. ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി, വിജയ്‌ മല്യയുമായി കൂടിക്കാഴ്‌ച നടത്തിയതിന്‌ തെളിവുണ്ടെന്ന്‌ അവകാശപ്പെട്ട്‌ കോണ്‍ഗ്രസ്‌ രംഗത്തെത്തി.
പാര്‍ലമെന്റിനകത്തുവെച്ച്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തിയതിന്‌ രാജ്യസഭാംഗം കൂടിയായ കോണ്‍ഗ്രസ്‌ നേതാവ്‌ പി.എല്‍ പുനിയ സാക്ഷിയാണെന്നും കൂടിക്കാഴ്‌ച കാല്‍മണിക്കൂറോളം നീണ്ടുനിന്നതായും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പി.എല്‍. പുനിയക്കൊപ്പം എ.ഐ.സി.സി ആസ്‌ഥാനത്തുവച്ചാണ്‌ രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചത്‌.
2014നു ശേഷം മല്യയെ കണ്ടിട്ടില്ലെന്നു കഴിഞ്ഞദിവസം ജയ്‌റ്റ്‌ലി പറഞ്ഞിരുന്നു. ഈ പ്രസ്‌താവന കള്ളമാണെന്നും മല്യയും ജയ്‌റ്റ്‌ലിയും പാര്‍ലമെന്റ്‌ ഹാളില്‍ വച്ചു കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്നുമാണ്‌ കോണ്‍ഗ്രസിന്റെ ആരോപണം. ജയ്‌റ്റ്‌ലി രാജിവയ്‌ക്കണമെന്നും അദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്നും മല്യയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക കുറ്റവാളിയായ ഒരാളോട്‌ എന്തിനാണ്‌ ബന്ധം പുലര്‍ത്തിയതെന്നും എന്താണ്‌ ചര്‍ച്ച ചെയ്‌തതെന്നും ജയ്‌റ്റ്‌ലി രാജ്യത്തോട്‌ വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
2016 മാര്‍ച്ച്‌ ഒന്നിന്‌ പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളിലെ മൂലയില്‍ വിജയ്‌ മല്യയും അരുണ്‍ ജയ്‌റ്റ്‌ലിയും കൂടിക്കാഴ്‌ച നടത്തുന്നതിനു ഞാന്‍ സാക്ഷിയാണെന്ന്‌ പി.എല്‍. പുനിയ പറഞ്ഞു. കൂടിക്കാഴ്‌ച സംബന്ധിച്ച്‌ പാര്‍ലമെന്റിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവുകള്‍ ലഭിക്കും. ഇക്കാര്യം സത്യമാണ്‌. ഇതു തെറ്റാണെന്നു തെളിഞ്ഞാല്‍ രാജിവയ്‌ക്കാന്‍ തയാറാണെന്നും പുനിയ പറഞ്ഞു. കൂടിക്കാഴ്‌ച 15 മിനിറ്റോളം നീണ്ടുനിന്നിരുന്നു. ഇരുവരും അവിടെയുള്ള ബെഞ്ചിലിരുന്നാണ്‌ സംസാരിച്ചത്‌. ജയ്‌റ്റ്‌ലിയുടെ അടുത്തേക്ക്‌ മല്യ വരികയായിരുന്നു. മാര്‍ച്ച്‌ മൂന്നിനു മാധ്യമങ്ങള്‍ മുഖേനയാണ്‌ അതിനു തലേദിവസം മല്യരാജ്യം വിട്ടതായി അറിഞ്ഞതെന്നും പുനിയ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ്‌ നേതാക്കള്‍ പരാമര്‍ശിച്ച ദിവസങ്ങളില്‍ 90 ശതമാനം സമയവും ജയ്‌റ്റ്‌ലി പാര്‍ലമെന്റിനു പുറത്തായിരുന്നുവെന്ന്‌ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു.

Ads by Google
Friday 14 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW