തൃശൂര്‍: പ്രളയാനന്തരം അടിഞ്ഞുകൂടിയ മാലന്യം സംസ്കരിക്കുന്നത് കടുത്ത വെല്ലുവിളി. പ്രളയം അതിരൂക്ഷമായി ബാധിച്ച ചാലക്കുടി, ചെങ്ങന്നൂര്‍, ആലുവ, പറവൂര്‍, പന്തളം എന്നിവിടങ്ങളിലെ മാലിന്യപ്രശ്നവും അതിരൂക്ഷമാണ്.
ഈ മാസം 20 നകം മാലിന്യശേഖരണം പൂര്‍ത്തിയാക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് ഉറപ്പില്ല. സംസ്ഥാനത്ത് ഇതുവരെ 85.17 ലക്ഷം കിലോഗ്രാം മാലിന്യം ശേഖരിച്ചു. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത് 100 ലക്ഷം കിലോഗ്രാമാകും. ഇതില്‍ 42.12 ലക്ഷം കിലോഗ്രാം ജൈവമാലിന്യമാണ്. ഇതില്‍ ഭൂരിഭാഗവും സംസ്കരിച്ചു കഴിഞ്ഞു. 43.05 ലക്ഷം കിലോഗ്രാം വരുന്ന പ്ലാസ്റ്റിക്, അജൈവമാലിന്യത്തിന്റെ സംസ്കരണമാണു പ്രധാന വെല്ലുവിളി.
പ്രളയബാധിതമായ ആറുജില്ലകളിലായി ചുരുങ്ങിയത് 4000 ടണ്‍ ഇ വേസ്റ്റ് ഉണ്ടെന്നാണ് കണക്ക്. കമ്പ്യൂട്ടറുകള്‍, ടി.വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷിന് എന്നിവ വ്യാപകമായി നശിച്ചതു ഇ വേസ്റ്റിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. പ്രളയാനന്തരം സംസ്ഥാനത്തു 98,823 ശൗചാലയങ്ങള്‍ പ്രവര്‍ത്തനരഹിതമായി എന്നാണ് ശുചിത്വമിഷന്റെ കണക്ക്.
ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ ശേഖരിച്ച മാലിന്യം വേര്‍തിരിക്കുന്നത് പലയിടത്തും വൈകുകയാണ്. അജൈവ മാലിന്യം തരംതിരിച്ചു ഗോഡൗണുകളില്‍ സൂക്ഷിക്കണമെന്നാണു തീരുമാനം. ഇവിടെ നിന്നാണ് ഇത് റീസൈക്ലിങ് കേന്ദ്രത്തിലേക്കു മാറ്റേണ്ടത്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഏജന്‍സികളുടെ സഹായവും തേടുന്നുണ്ട്.
ഇ-വേസ്റ്റ് നീക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മാലിന്യപ്രശ്നത്തിനു വ്യക്തമായ പരിഹാരമുണ്ടാക്കുമെന്നു ശുചിത്വകേരള മിഷന് എക്സി.ഡയറക്ടര്‍ ഡോ. ആര്.അജയകുമാര്‍ വര്‍മ ചൂണ്ടിക്കാട്ടി. ഇ വേസ്റ്റ് സംസ്കരിക്കാനുള്ള ഉത്തരവാദിത്തം ഹൈദരാബാദിലെ സ്വകാര്യകമ്പനിക്കാണ്.
സംസ്ഥാനത്ത് ക്ളീന്‍ കേരള കമ്പനി 244 കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ തുടങ്ങുമെന്നു കോര്‍ഡിനേറ്റര്‍ എസ്.ശ്രീലാല്‍ പറഞ്ഞു. 85 സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് പൊടിക്കുന്ന യൂണിറ്റുകള്‍ സ്ഥാപിച്ചു. സംസ്കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തിനു ടാറിനൊപ്പം ഉപയോഗിക്കാം.