Monday, July 22, 2019 Last Updated 8 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.27 AM

സ്‌ഥലംമാറ്റം, സസ്‌പെന്‍ഷന്‍, കൈയേറ്റശ്രമം, ഭീഷണി... സാലറി ചലഞ്ച്‌ സംഘര്‍ഷഭരിതം

uploads/news/2018/09/248464/2.jpg

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയായ ഭാര്യയുടെ ഒരുമാസത്തെ ശമ്പളവും 5000 രൂപയും ദുരിതാശ്വാസനിധിയിലേക്കു നല്‍കിയെങ്കിലും ഭരണപക്ഷസംഘടനാ നേതാവുതന്നെ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന്റെ "ഇര"യായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ച സി.പി.എം. അനുകൂല സംഘടനാനേതാവിനെയാണു സ്‌ഥലംമാറ്റിയത്‌. സെക്രട്ടേറിയറ്റിലെ ധനവകുപ്പ്‌ ഫണ്ട്‌ സെക്‌ഷന്‍ ഓഫീസര്‍ കെ.എസ്‌. അനില്‍രാജിനെ ദേശീയ സമ്പാദ്യപദ്ധതി ഡയറക്‌ടറേറ്റിലെ പെന്‍ഷന്‍ ഫണ്ട്‌ വിഭാഗത്തിലേക്കാണു മാറ്റിയത്‌. എന്നാല്‍, സംഭവം വിവാദമായതോടെ അനില്‍രാജ്‌ നിലപാട്‌ മാറ്റി. ഒരുമാസത്തെ ശമ്പളം നല്‍കുമെന്നു സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചതിനേത്തുടര്‍ന്ന്‌ ഇന്നലെ രാത്രിതന്നെ സ്‌ഥലംമാറ്റ ഉത്തരവ്‌ റദ്ദാക്കി. പ്രതികരണത്തില്‍ തെറ്റുപറ്റിയെന്നും സര്‍ക്കാരിനൊപ്പമാണെന്നുമാണ്‌ അനില്‍രാജ്‌ അറിയിച്ചത്‌.
മന്ത്രി സി. രവീന്ദ്രനാഥിന്റെ അഭ്യര്‍ഥനയെ പരിഹസിച്ച്‌ ജീവനക്കാരുടെ വാട്‌സ്‌ആപ്‌ ഗ്രൂപ്പില്‍ സന്ദേശമിട്ട ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. നെയ്ാറ്റയിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ വര്‍ക്‌ഷോപ്‌ സൂപ്രണ്ട്‌, തൃശൂര്‍ സ്വദേശി, വി.പി. പ്രകാശനെതിരേയാണു നടപടി. സര്‍ക്കാരിനെ പരിഹസിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതു സേവനവ്യവസ്‌ഥകള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു സസ്‌പെന്‍ഷന്‍. പ്രകാശന്‍ തൃശൂരിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.
ദുരിതാശ്വാസനിധിയിലേക്ക്‌ ഒരുമാസത്തെ ശമ്പളത്തില്‍ കുറഞ്ഞതുക വേണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്‌. അതിനു തയാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന നിബന്ധനയ്‌ക്കെതിരേ പ്രതിപക്ഷസംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്‌.
ഒരുമാസത്തെ ശമ്പളം നല്‍കാത്തവര്‍ക്കെതിരേ പ്രതികാരനടപടിയെന്ന ആരോപണം ശരിവയ്‌ക്കും വിധമാണു സര്‍ക്കാരിന്റെയും ഭരണാനുകൂലസംഘടനകളുടെയും നീക്കങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഒരുമാസത്തെ ശമ്പളമെന്ന സാലറി ചലഞ്ച്‌ വിജയിപ്പിക്കാന്‍ സംസ്‌ഥാനമൊട്ടാകെ ഭരണാനുകൂലസംഘടനകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കേയാണു പരാധീനതകള്‍ കാട്ടി "നോ" പറഞ്ഞ ഭരണപക്ഷ ഉദ്യോഗസ്‌ഥനെ തെറിപ്പിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സെക്‌ഷന്‍ ഓഫീസറാണ്‌ അനില്‍രാജ്‌. പരാധീനതകള്‍ ചൂണ്ടിക്കാട്ടി, സാലറി ചലഞ്ചില്‍നിന്ന്‌ തന്നെ ഒഴിവാക്കണമെന്നു സാമൂഹികമാധ്യമങ്ങളിലൂടെ ഇദ്ദേഹം പ്രതികരിച്ചിരുന്നു. സി.പി.എം. അനുകൂല സര്‍വീസ്‌ സംഘടനയായ സെക്രട്ടേറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷന്റെ ഏരിയാ കമ്മിറ്റി അംഗമാണ്‌ അനില്‍രാജ്‌. സാമ്പത്തികപരാധീനത മൂലം ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കാന്‍ കഴിയില്ലെന്നും പകരം ഭാര്യയുടെ ഒരുമാസത്തെ ശമ്പളം നല്‍കാമെന്നും ധനവകുപ്പ്‌ ജീവനക്കാരുടെ വാട്‌സ്‌ആപ്‌ ഗ്രൂപ്പായ ഫിനാന്‍സ്‌ ഫ്രണ്ട്‌സില്‍ അനില്‍രാജ്‌ സന്ദേശമിട്ടിരുന്നു.
"മാസശമ്പള ചലഞ്ചിനു പിന്തുണ. നല്‍കാന്‍ കഴിവുള്ളവര്‍ തീര്‍ച്ചയായും നല്‍കണം. അത്തരക്കാര്‍ക്ക്‌ അഭിനന്ദനങ്ങള്‍. ശമ്പളം നല്‍കാന്‍ കഴിവില്ലാത്തവരുമുണ്ട്‌. അവരും സമൂഹത്തിന്റെ പരിഛേദങ്ങളാണ്‌. അവരെ പുച്‌ഛിക്കരുത്‌...പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്കുനേരേ ഏതെങ്കിലും രീതിയില്‍ സഹായഹസ്‌തം നീട്ടാത്തവര്‍ കുറവാണ്‌. ഓര്‍ക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്‌. മറിച്ച്‌, സഹകരണമാണ്‌."-ഇതായിരുന്നു സന്ദേശം. "32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്‌തയാളാണു ഞാന്‍. ഞാനും ഭാര്യയും സര്‍ക്കാര്‍ ജീവനക്കാരാണ്‌. രണ്ടുപേര്‍ക്കും സാലറി ചലഞ്ച്‌ ഏറ്റെടുക്കണമെന്നുണ്ട്‌. പക്ഷേ, പരാധീനതകള്‍ വിലങ്ങിടുന്നു. അതുകൊണ്ടു ഭാര്യ ചലഞ്ച്‌ ഏറ്റെടുത്തു. പകരം ഞാന്‍ നോ പറഞ്ഞു"- സന്ദേശത്തില്‍ അനില്‍രാജ്‌ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞദിവസം സ്‌ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവെത്തി. എന്നാല്‍, അനില്‍രാജ്‌ നിലപാട്‌ തിരുത്തിയതോടെ ഇന്നലെ രാത്രിതന്നെ സ്‌ഥലംമാറ്റനടപടിയും സര്‍ക്കാര്‍ തിരുത്തി. ഭാര്യയുടെ ഒരുമാസത്തെ ശമ്പളത്തിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 5000 രൂപയും അനില്‍രാജ്‌ നേരത്തേ സംഭാവന ചെയ്‌തിരുന്നു. മക്കള്‍ക്കൊപ്പം ദുരിതാശ്വാസകേന്ദ്രങ്ങളിലും പ്രവര്‍ത്തിച്ചു.
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്‌ വിജയിപ്പിക്കാന്‍ എന്‍.ജി.ഒ. യൂണിയന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്‌. സ്വന്തം അണികള്‍ക്കിടയില്‍ത്തന്നെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി സംഘടനാനേതാക്കള്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങുകയാണ്‌. എല്ലാവരും സഹകരിക്കണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കിയാണു പ്രചാരണം. സഹകരിക്കാത്തവര്‍ സ്‌ഥലംമാറ്റത്തിനു തയാറെടുക്കാനുള്ള പരോക്ഷസൂചനയും നല്‍കുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെ തിരുവനന്തപുരം നഗരപ്രാന്തത്തില്‍ ആരോഗ്യവകുപ്പിലെ ഒരു ജീവനക്കാരനെ എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ മര്‍ദിക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു. ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയാറല്ലെന്ന്‌ ഈ ജീവനക്കാരന്‍ എഴുതി നല്‍കിയതായിരുന്നു പ്രകോപനം. ഇദ്ദേഹത്തെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തശേഷമാണു യൂണിയന്‍ നേതാക്കള്‍ പിന്‍വാങ്ങിയത്‌.
സംഭാവന നല്‍കാത്തവരുടെ പട്ടിക തയാറാക്കുന്ന സര്‍ക്കാര്‍ നടപടി ഭീഷണിയാണെന്ന്‌ എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ എന്‍.കെ. ബെന്നിയും വൈസ്‌ പ്രസിഡന്റ്‌ എസ്‌. രവീന്ദ്രനും ആരോപിച്ചു. ഇതിനെ സംഘടനാതലത്തില്‍ നേരിടുന്നതിനു മുന്നോടിയായി എന്‍.ജി.ഒ. അസോസിയേഷന്‍ പാലക്കാട്‌ കലക്‌ടറേറ്റില്‍ പ്രകടനം നടത്തി. ഒരുമാസത്തെ ശമ്പളമെന്ന നിബന്ധന പിടിച്ചുപറിയാണെന്ന്‌ ആരോപിച്ച്‌ എറണാകുളം കലക്‌ടറേറ്റില്‍ യുണൈറ്റഡ്‌ ടീച്ചേഴ്‌സ്‌ ആന്‍ഡ്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ പ്രതിഷേധിച്ചു. നിര്‍ബന്ധിതപിരിവിനെയാണ്‌ എതിര്‍ക്കുന്നതെന്ന്‌ എന്‍.ജി.ഒ. ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌ രഞ്‌ജിത്‌ ജോര്‍ജ്‌ പറഞ്ഞു. പ്രളയത്തിനിരയായ സര്‍ക്കാര്‍ ജീവനക്കാരെ പിരിവില്‍നിന്ന്‌ ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു. ഈമാസത്തെ ശമ്പളത്തില്‍നിന്നു തുക പിടിക്കുമെന്നാണ്‌ ഉത്തരവ്‌.
ഗഡുക്കളായി വേണ്ടവര്‍ ആ വിവരം അറിയിച്ചാല്‍ മൂന്നുദിവസത്തെ ശമ്പളം പത്തുഗഡുക്കളായി പിടിക്കും. തയാറല്ലാത്തവര്‍ വകുപ്പുമേധാവികളെ രേഖാമൂലം അറിയിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. കോണ്‍ഗ്രസ്‌ അനുകൂലസംഘടനകള്‍ അംഗങ്ങള്‍ക്കു സര്‍ക്കുലര്‍ നല്‍കി നിര്‍ബന്ധിതപിരിവിനെ എതിര്‍ക്കാനുള്ള തയാറെടുപ്പിലാണ്‌. ഉത്സവബത്തയ്‌ക്കു പുറമേ ഒന്നും രണ്ടും ദിവസത്തെ ശമ്പളം സംഭാവന ചെയ്‌തവരാണു മിക്ക ജീവനക്കാരും.
ആലപ്പുഴ പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്‌ടര്‍, പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാന്‍ ജില്ലാ കലക്‌ടര്‍ക്കു സമ്മതപത്രം നല്‍കി. 73 പേരാണു സമ്മതപത്രത്തില്‍ ഒപ്പിട്ടത്‌. സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതികളില്‍ ഒരാളെ പിരിവില്‍നിന്ന്‌ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി ഒട്ടേറെപ്പേര്‍ വകുപ്പുമേധാവികളെയും യൂണിയന്‍ നേതാക്കളെയും സമീപിക്കുന്നുണ്ട്‌. എന്‍.ജി.ഒ. യൂണിയന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിതപിരിവ്‌ നടക്കുന്നതായി കൊല്ലത്തും ആരോപണമുയര്‍ന്നു. സംഭാവനയില്ലെങ്കില്‍ സ്‌ഥലം മാറ്റുമെന്നാണു ഭീഷണി. ഇതിനെതിരേ പ്രതിപക്ഷസംഘടനകളുടെ നേതൃത്വത്തില്‍ കൊല്ലം ചിന്നക്കടയില്‍ പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി. ദുരിതാശ്വാസ ഫണ്ടിന്റെ പേരിലുള്ള പോക്കറ്റടി അനുവദിക്കാനാവില്ലെന്നും സര്‍വീസ്‌ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി നല്‍കിയ ഉറപ്പ്‌ കാറ്റില്‍പറത്തിയാണ്‌ സര്‍ക്കാര്‍ ഉത്തരവെന്നും സംഘടനാപ്രതിനിധികള്‍ ആരോപിച്ചു. യു.ടി.ഇ.എഫ്‌, എന്‍.ജി.ഒ.എ, എസ്‌.ഇ.യു, കെ.ജി.ഇ.യു, കെ.പി.എസ്‌.ടി.എ, കെ.ജി.ഒ.യു, കെ.എച്ച്‌.എസ്‌.ടി.യു, കെ.എം.സി.എസ്‌.എ, പി.എസ്‌.സി.ഇ.എ, കെ.ബി.ഇ.യു. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനം ഡി.സി.സി. അധ്യക്ഷ ബിന്ദു കൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. പത്തനംതിട്ട ജില്ലയില്‍ എന്‍.ജി.ഒ. അസോസിയേഷനില്‍പ്പെട്ട ജീവനക്കാര്‍ ഒന്നടങ്കം ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയാറല്ലെന്ന്‌ അറിയിച്ചു.
ശമ്പളം നല്‍കാന്‍ തയാറല്ലാത്തവരെ ഭീഷണിപ്പെടുത്തിയാല്‍ നേരിടുമെന്നാണ്‌ എന്‍.ജി.ഒ. സംഘിന്റെ നിലപാട്‌. പ്രളയം തകര്‍ത്തെറിഞ്ഞ പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാരും ദുരിതബാധിതരാണ്‌. ഇതിനിടെയാണ്‌ ഒരുമാസത്തെ ശമ്പളം സര്‍ക്കാര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നത്‌. വയനാട്ടില്‍ സാലറി ചലഞ്ചിനെതിരേ എന്‍.ജി.ഒ. അസോസിയേഷന്‍ ഓഫീസുകള്‍ തോറും നടത്തുന്ന പ്രചാരണത്തെ നേരിടാന്‍ എന്‍.ജി.ഒ. യൂണിയന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്‌. കഴിഞ്ഞദിവസം മാനന്തവാടി ജില്ലാ ആശുപത്രി, ജില്ലാ മെഡിക്കല്‍ ഓഫീസ്‌ എന്നിവിടങ്ങളില്‍ അസോസിയേഷന്‍ നടത്തിയ വിശദീകരണയോഗത്തിനിടെ എന്‍.ജി.ഒ. യൂണിയന്‍ നേതാക്കള്‍ നടത്തിയ വെല്ലുവിളി സംഘര്‍ഷത്തിനിടയാക്കി.

Ads by Google
Friday 14 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW