Wednesday, April 24, 2019 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.17 AM

ഇനി ഏഷ്യന്‍ പോരാട്ടം

uploads/news/2018/09/248416/1.jpg

ദുബായ്‌: ഇംഗ്ലീഷ്‌ 'ടെസ്‌റ്റ്' സാമാന്യം നല്ലരീതിയില്‍ പരാജയപ്പെട്ട ഇന്ത്യ നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന്റെ പിരിമുറുക്കത്തിലേക്ക്‌. ഇംഗ്ലണ്ടിലെ ദയനീയ പ്രകടനത്തിനു ശേഷം ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം യു.എ.ഇയിലേക്കു തിരിക്കും.
ദുബായിയിലും അബുദബിയിലുമായി നടക്കുന്ന ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്‌ നാളെയാണ്‌ ടോസ്‌ വീഴുക. ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം 18-ന്‌ നവാഗതരാ ഹോങ്കോങ്ങിനെതിരേയാണ്‌.
ചെറിയ ഇടവേളയ്‌ക്കുശേഷം ഏകദിന ഫോര്‍മാറ്റിലേക്കു മടങ്ങുന്നുവെന്ന പ്രത്യേകതയുമായാണ്‌ ഇക്കുറി ഏഷ്യാ കപ്പ്‌ നടക്കുന്നത്‌. ഇതിനു മുമ്പ്‌ 2016-ല്‍ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍ഷിപ്പ്‌ ട്വന്റി 20 ഫോര്‍മാറ്റിലാണ്‌ സംഘടിപ്പിച്ചത്‌. അതിനു പിന്നാലെ ട്വന്റി 20 ലോകകപ്പ്‌ അരങ്ങേറുന്നുവെന്ന കാരണത്താലായിരുന്നു അത്‌. ഇക്കുറി 2019 ഏകദിന ലോകകപ്പിന്റെ തയാറെടുപ്പെന്നോണം നടത്തുന്നതിനാല്‍ ടൂര്‍ണമെന്റ്‌ ഏകദിന ഫോര്‍മാറ്റിലാക്കുകയായിരുന്നു.
ഇംഗ്ലീഷ്‌ മണ്ണില്‍ ഏകദിന പരമ്പര 2-1നും ടെസ്‌റ്റ് പരമ്പര 4-1നും തോറ്റ ക്ഷീണത്തിലാണ്‌ ഇന്ത്യ ഏഷ്യാകപ്പിന്‌ എത്തുന്നത്‌. നായകന്‍ വിരാട്‌ കോഹ്ലിക്ക്‌ വിശ്രമം അനുവദിച്ചതിനാല്‍, രോഹിത്‌ ശര്‍മയുടെ നേതൃത്വത്തിലാണ്‌ ഇന്ത്യ യു.എ.ഇയില്‍ കളിക്കുക.
എ ഗ്രൂപ്പില്‍ ഹോങ്കോങ്ങിനു പുറമേ ചിരവൈരികളായ പാകിസ്‌താനാണ്‌ ഇന്ത്യക്കൊപ്പമുള്ളത്‌. യോഗ്യതാ റൗണ്ട്‌ കളിച്ചെത്തിയ ഹോങ്കോങ്ങിനെ 18-ന്‌ നേരിടുന്ന ഇന്ത്യക്ക്‌ 19-ന്‌ തീപാറും പോരാട്ടത്തിന്‌ ഇറങ്ങേണ്ടി വരും. അന്നാണ്‌ ക്രിക്കറ്റ്‌ ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക്‌ പോരാട്ടം.
ഇതിനു മുമ്പ്‌ അവസാനം ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലാണ്‌ ഇന്ത്യയും പാകിസ്‌താനും നേര്‍ക്കുനേര്‍ വന്നത്‌. അന്ന്‌ തങ്ങളെ തോല്‍പിച്ച്‌ കിരീടമണിഞ്ഞ പാകിസ്‌താനോടു പകവീട്ടാന്‍ ലക്ഷ്യമിട്ടാകും രോഹിതും സംഘവും ഇറങ്ങുക.
ഇംഗ്ലണ്ടില്‍ തോറ്റമ്പിയെങ്കിലും ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടപ്രതീക്ഷയിലാണ്‌. ഇംഗ്ലണ്ട്‌ പര്യടനം മാറ്റിനിര്‍ത്തിയാല്‍ സമീപകാലത്ത്‌ ഏകദിന മത്സരങ്ങളില്‍ ഇന്ത്യക്ക്‌ മികച്ച റെക്കോഡാണ്‌. ഏകദിന ലോക റാങ്കിങ്ങില്‍ രണ്ടാം സ്‌ഥാനത്തുള്ള ഇന്ത്യ അടുത്തിടെ ഒരു പരമ്പര തോറ്റത്‌ ഒന്നാം സ്‌ഥാനക്കാരായ ഇംഗ്ലണ്ടിനോടു മാത്രമാണ്‌. 20016 ജനുവരിക്കുശേഷം ഒരു ദ്വിരാഷ്ര്‌ട ഏകദിന പരമ്പര കൈവിടുന്നതും ആദ്യം.
ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്‌, ഇംഗ്ലണ്ട്‌, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കെതിരെ സ്വന്തം മണ്ണിലും ശ്രീലങ്ക, വെസ്‌റ്റിന്‍ഡീസ്‌, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേ അവരുടെ നാട്ടിലും വെന്നിക്കൊടി പാറിച്ച ശേഷമാണ്‌ ഇന്ത്യ ിംഗ്ലണ്ടിനോടു തോല്‍വി വഴങ്ങിയത്‌. ഇതിനിടെ ഇംഗ്ലണ്ടില്‍ നടവന്ന ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലും ഇന്ത്യ ഇടംപിടിച്ചിരുന്നു. പക്ഷേ ഫൈനലില്‍ പാകിസ്‌താനോടു തോല്‍വി വഴങ്ങി.
ഇംഗ്ലീഷ്‌ മണ്ണില്‍ ബാറ്റ്‌സ്മാന്മാരുടെ പരാജയമാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായതെങ്കില്‍ ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പില്‍ ബാറ്റിങ്‌ നിരയാണ്‌ ഇന്ത്യയുടെ കരുത്ത്‌. നായകന്‍ രോഹിത്‌ ശര്‍മ, ഓപ്പണര്‍ ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, അമ്പാട്ടി റായിഡു, ദിനേഷ്‌ കാര്‍ത്തിക്‌, മഹേന്ദ്ര സിങ്‌ ധോണി, മനീഷ്‌ പാണ്ഡെ, ഹര്‍ദ്ദിക്‌ പാണ്ഡ്യ, കേദാര്‍ ജാദവ്‌ തുടങ്ങി ആഴമേറിയ ബാറ്റിങ്‌ നിരയാണ്‌ ഇന്ത്യക്കുള്ളത്‌. ഇതില്‍ രോഹിത്‌-ധവാന്‍ ഓപ്പണിങ്‌ തന്നെയാണ്‌ തുറുപ്പ്‌ ചീട്ട്‌.
ബൗളിങ്‌ നിരയിലും ഇന്ത്യക്ക്‌ ആശങ്കയില്ല. നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ്‌ നിരകളില്‍ ഒന്നാണ്‌ ഇന്ത്യയുടേത്‌. ഡെത്ത്‌ ഓവര്‍ സ്‌പെഷലിസ്‌റ്റുകളായ ഭുവനേശ്വര്‍ കുമാറും ജസ്‌പ്രീത്‌ ബുംറയുമാണ്‌ ഇന്ത്യയുടെ പേസ്‌ ബാറ്ററി നയിക്കുന്നത്‌. ഇവര്‍ക്കു പിന്തുണയുമായി റിസ്‌റ്റ് സ്‌പിന്നര്‍മാരായ കുല്‍ദീപ്‌ യാദവും യൂസ്‌വേന്ദ്ര ചഹാലുമുണ്ട്‌. മൂന്നാം സ്‌പിന്നറായി അക്ഷര്‍ പട്ടേലും. യു.എ.ഇയിലെ പിച്ച്‌ സ്‌പിന്നിനെ തുണയ്‌ക്കുമെന്നതിനാല്‍ കുല്‍ദീപിന്റെയും ചഹാലിന്റെയും പ്രകടനം നിര്‍ണായകമാകും.
അതേസമയം ബാറ്റിങ്‌ നിരയില്‍ നാലാം നമ്പറില്‍ ആരെ ഇറക്കുമെന്നതാണ്‌ ഇന്ത്യയുടെ ഏക ആശങ്ക. നിലവില്‍ കെ.എല്‍. രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ്‌ പാണ്ഡെ, ദിനേഷ്‌ കാര്‍ത്തിക്‌, കേദാര്‍ ജാദവ്‌ എന്നിവര്‍ തമ്മിലാണ്‌ മത്സരം. ധോണി വിക്കറ്റ്‌ കീപ്പറായി ഉള്ളതിനാല്‍ കാര്‍ത്തിക്കിനു സാധ്യത കുറവാണ്‌.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ആദ്യ രണ്ടു മല്‍സരങ്ങളിലും ലോകേഷ്‌ രാഹുലിനെയാണ്‌ ഇന്ത്യ ഈ സ്‌ഥാനത്തു പരീക്ഷിച്ചത്‌. എന്നാല്‍ അവസരം മുതലാക്കാന്‍ കാര്‍ത്തിക്കിനായില്ല. നേരത്തെ മനീഷ്‌ പാണ്ഡെയെയും ഈ സ്‌ഥാനത്ത്‌ പരീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല.
ലഭിച്ച അവസരങ്ങളില്‍ ഈ സ്‌ഥാനത്ത്‌ തിളങ്ങിയ കേദാര്‍ ജാദവിനു പരുക്കാണ്‌ പ്രശ്‌നം. പരുക്കില്‍ നിന്നു മുക്‌തനായി വരുന്ന ജാദവിനെ ഇന്ത്യ ഇറക്കാന്‍ സാധ്യത കുറവാണ്‌. ഇതോടെ അമ്പാട്ടി റായിഡുവിലേക്കാണ്‌ ശ്രദ്ധ. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മിന്നും പ്രകടനമാണ്‌ റായിഡു നടത്തിയത്‌. എന്നാല്‍ ശാരീരിക ക്ഷമതയില്‍ പിന്നിലാണെന്നത്‌ റായിഡുവിന്‌ പോരായ്‌മയാണ്‌.
ലോകകപ്പ്‌ ക്രിക്കറ്റ്‌ മുന്നില്‍ക്കണ്ടാണ്‌ ഇന്ത്യ ഏഷ്യാ കപ്പിന്‌ ഇറങ്ങുന്നത്‌്. ലോകകപ്പ്‌ ടീമിനെ ഒരുക്കാന്‍ ആലോചിക്കുന്ന ഇന്ത്യക്ക്‌ ഏഷ്യാ കപ്പിലൂടെ നാലാം നമ്പറിലെ ആശങ്ക മാറ്റി മികച്ചൊരു ടീമിനെ ഒരുക്കിയെടുക്കാന്‍ സാധിക്കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ.

Ads by Google
Friday 14 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW