Monday, April 22, 2019 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 04.22 PM

ഓര്‍മ്മകള്‍ അസ്തമിക്കുമ്പോള്‍ ?

''ഓര്‍മ്മകളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. ഇന്നലെയും ഇന്നും നാളെയുമൊക്കെ വേര്‍തിരിക്കാന്‍ കഴിയുന്നതും അടയാളപ്പെടുത്തുന്നതും ഓര്‍മ്മകളിലൂടെയാണ്. സ്വന്തം പേരും സ്ഥലവും അങ്ങനെ സര്‍വതും ഓര്‍മ്മകളില്‍ നിറയുന്നു. എന്നാല്‍ ഈ ഓര്‍മ്മകള്‍ അസ്തമിച്ചാലോ? മറവിയുടെ കരിമ്പടം മൂടിയാലോ? ഓര്‍മ്മകളെക്കുറിച്ച് ഡോ. എം.കെ. സരീഷ്‌കുമാര്‍ എഴുതുന്നു''
uploads/news/2018/09/248324/Ormaloss130918.jpg

എവിടെയാണ് നമ്മുടെ ഓര്‍മ്മകളുടെ മണിച്ചെപ്പ്? ഹൃദയത്തിലോ, അതോ മനസിന്റെ ഇരിപ്പിടമായ തലച്ചോറിനുള്ളിലോ? ശാസ്ത്രലോകത്തെയും ഭാവനാശാലികളായ കവികളെയും കുഴയ്ക്കിക്കൊണ്ടിരിക്കുന്ന ചോദ്യമാണിത്.

ഓര്‍ക്കുക വല്ലപ്പോഴുമെന്ന് പറയുമ്പോള്‍ എങ്ങനെയാണ് അനന്തകോടി മുഖചിത്രങ്ങള്‍ക്കിടയില്‍നിന്നും പ്രിയപ്പെട്ട ഒരു മുഖം മാത്രം നാം തെരഞ്ഞുപിടിക്കുന്നത്? ഓര്‍മ്മയുടെ സൗന്ദര്യശാസ്ത്രമാണിത്. വിചിത്രവും അതിസങ്കീര്‍ണവുമാണ് ഓര്‍മ്മകളുടെ ഉള്ളറകളിലൂടെയുള്ള യാത്ര.

ഓര്‍മ്മയുടെ പിറവി


തന്മാത്രകളാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നാഡീവ്യൂഹങ്ങള്‍ക്കിടയിലാണ് ഓര്‍മ്മ ജനിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചു വീഴുന്നത് മുതല്‍ അവന്റെ തലച്ചോറിനുള്ളിലും ശരീരഭാഗങ്ങളിലും ഓര്‍മ്മയുടെ കണ്ണികളും കൂട്ടിവിളക്കപ്പെടുന്നു.

കൊണ്ടും കൊടുത്തും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും കുറയ്ക്കലുകള്‍ക്കും ഓര്‍മ്മ വിധേയമാക്കപ്പെടുന്നു. ഇതെല്ലാം നടക്കുന്നത് കവി കല്‍പനകളിലേതുപോലെ ഹൃദയത്തില്‍ മാത്രമല്ല, കോടാനുകോടി നാഡികളുടെ കലവറയായ തലച്ചോറിലാണ് ഓര്‍മ്മകള്‍ പ്രധാനമായും പിറക്കുന്നതും വളരുന്നതും ക്ഷയിക്കുന്നതും മരിക്കുന്നതും.

വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, നാവ്, മൂക്ക്, ത്വക്ക്, ചെവി എന്നിവയിലൂടെ ഗ്രഹിക്കുന്ന വിവരങ്ങള്‍ നാഡികളിലൂടെ തലച്ചോറിലെത്തുകയാണ്. തലച്ചോറിലെ വിവിധ ഭാഗങ്ങളിലേക്ക് ഈ വിവരങ്ങള്‍ എത്തിച്ചേരുന്നു. വേണ്ടതും വേണ്ടാത്തതും പ്രാധാന്യമുള്ളതും ഇല്ലാത്തതും എല്ലാം തരംതിരിക്കപ്പെടുന്നു.

ഒരു നിലവറയ്ക്കുള്ളില്‍ വലിച്ചുവാരിയിട്ട പുസ്തകങ്ങളെപ്പോലെയല്ല, അതിനൂതനമായ ഒരു സൂപ്പര്‍ കംപ്യൂട്ടറിനെ വെല്ലുന്ന കൃത്യതയോടെയാണ് തലച്ചോര്‍ ഇതെല്ലാം സൂക്ഷിക്കുന്നത്. ഈ കൃത്യതയെ നിയന്ത്രിക്കുന്നത് ആരാണ് എന്ന രഹസ്യം അജ്ഞാതമായി തുടരുകയാണ് ഇപ്പോഴും.

ഓര്‍മ്മയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വഴി തുറക്കുന്നത് കാഴ്ചയിലൂടെയാണ്. കാഴ്ചകളെ 'അമഗ്ഡല' എന്ന തലച്ചോറിലെ ഭാഗത്താണ് സൂക്ഷിക്കുന്നത്. ചിത്രങ്ങളെയും നിമിഷങ്ങളെയും തന്മാത്രകളെയും സങ്കലനമാക്കി മാറ്റുന്നു. അതുപോലെ മറ്റിന്ദ്രിയങ്ങളുടെയും വിവരങ്ങള്‍ ഹിപ്പോകാമ്പസിലേക്കും എത്തുന്നു.

uploads/news/2018/09/248324/Ormaloss130918b.jpg

ഈ ഹിപ്പോകാമ്പസില്‍ വച്ച് പഴയ ഓര്‍മ്മകളിലേക്ക് പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. വൈദ്യുത സ്ഫുലിംഗങ്ങളായാണ് പ്രധാനമായും ഇവ കൈമാറ്റം ചെയ്യപ്പെടുന്നത്. ഗ്ലൂറ്റമേറ്റ് തുടങ്ങിയ രാസതന്മാത്രകളും വിവരശേഖരണത്തില്‍ ഇടപെടുന്നുണ്ട്. പി.ഇ.ടി (പൊസിഷന്‍ എമിഷന്‍ ടോമോഗ്രഫി) ഉപയോഗപ്പെടുത്തി ഹിപ്പോകാമ്പസിലെ രാസപ്രവര്‍ത്തനങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതിനെ 'മാപ്പിംഗ്' എന്നു പറയുന്നു.

ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്ന സമയത്ത് ഹിപ്പോകാമ്പസിലെ രക്തപ്രവാഹം കൂടുന്നതായാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായം കൂടുന്തോറും ഈ രക്തപ്രവാഹം കുറയുന്നതായും കാണപ്പെടുന്നു. പ്രായം ചെല്ലുന്തോറും ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ള കുറവുണ്ടാകുന്നത് ഈ രക്തപ്രവാഹത്തിന്റെ വ്യത്യാസം കൊണ്ടാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.

ഓര്‍മ്മയുടെ വിഭജനം


മുമ്പ് സൂചിപ്പിച്ചതുപോലെ രാസതന്മാത്രകളുടെയും വൈദ്യുത സ്ഫുലിംഗങ്ങളുടെയും സങ്കലനവും വേര്‍പിരിയലുകളുമാണ് ഓര്‍മ്മ. ഓര്‍മ്മകളെ ഹ്രസ്വകാല ഓര്‍മ്മകളെന്നും ദീര്‍ഘകാല ഓര്‍മ്മകളെന്നും പൊതുവേ രണ്ടായി തരംതിരിച്ചിട്ടുണ്ട്.

മിനിട്ടുകള്‍ക്കുള്ളിലോ കുറച്ച് ദിവസങ്ങള്‍ക്കുള്ളിലോ സംഭവിച്ചിട്ടുള്ള കാര്യങ്ങളെ ഓര്‍ത്തുവയ്ക്കുന്നതിനാണ് ഹ്രസ്വകാല ഓര്‍മ്മകള്‍ എന്നു പറയുന്നത്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം എന്തായിരുന്നു എന്ന് ചോദിച്ചാല്‍ അതിനു മറുപടി പറയാന്‍ നമുക്ക് എളുപ്പം സാധിക്കും.

പുട്ടും പഴവുമെന്നോ, ഇഡ്ഡലിയും സാമ്പാറുമെന്നോ... എന്നാല്‍ ഒരു മാസം മുമ്പ് ഇതേ ദിവസം എന്താണ് പ്രഭാതഭക്ഷണമായി കഴിച്ചത് എന്നു ചോദിച്ചാല്‍ നമുക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞെന്നുവരില്ല. ജനനത്തീയതി, വിവാഹദിനം കുട്ടികള്‍ ജനിച്ച ദിവസം എന്നിവ നമ്മള്‍ കൃത്യമായി ഓര്‍ത്തുവയ്ക്കാറുണ്ട്.

ഇവയെല്ലാം ദീര്‍ഘകാല ഓര്‍മ്മയിലാണ് സൂക്ഷിക്കുന്നത്. ലിംബ് സിസ്റ്റം എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ഓര്‍മ്മയുടെ പ്രധാന നിലവറ. ഇതിന്റെ ഭാഗങ്ങളാണ് തലാമസ്, ഹിപ്പോകാമ്പസ്, ഫോര്‍ണിസെസ്, മാമില്ലറി ബോഡികള്‍ എന്നിവ ദീര്‍ഘകാല ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്നത് കൂടുതല്‍ വിശാലമായിട്ടാണ്. ഈ ഭാഗങ്ങളിലെ ഡി.എന്‍.ഏയ്ക്കുള്ളിലെ ജീനുകളിലേക്ക് ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നു.

ഓര്‍മ്മത്തെറ്റുകള്‍


ഓര്‍മ്മകളെ സൂക്ഷിക്കുന്നതിലോ തരം തിരിക്കുന്നതിലോ തിരിച്ചെടുക്കുന്നതിലോ ഉള്ള പോരായ്മകള്‍ നമ്മുടെ ഓര്‍മ്മകളെ തകര്‍ത്തുകളയുന്നു. കാലക്രമത്തില്‍ അല്‍പാല്‍പമായി നഷ്ടപ്പെടുന്ന ഓര്‍മ്മകളാണ് മറവിരോഗം അഥവാ അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങള്‍.

ഒരു നിമിഷാര്‍ദ്ധത്തിലുണ്ടാകുന്ന രക്തപ്രവാഹം കൊണ്ടോ ഗുരുതരമായ ക്ഷതംകൊണ്ടോ നഷ്ടമാകുന്ന ഓര്‍മ്മകളാണ് തലച്ചോറിലെ ക്ഷതം, സ്‌ട്രോക്ക്, മസ്തിഷ്‌ക്കാഘാതം എന്നിവയില്‍ സംഭവിക്കുന്നത്. ഒരു പ്രത്യേക വസ്തുവിനെയോ ആളെയോ ശബ്ദത്തെയോ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതിനെ അഗ്‌നോസിക എന്നു പറയുന്നു.

uploads/news/2018/09/248324/Ormaloss130918a.jpg

അല്‍ഷിമേഴ്‌സ്


ലോകത്തിലാകമാനം 1-5 ശതമാനം വരെ ജനങ്ങളെ ബാധിച്ചിട്ടുള്ള വളരെ ഗുരുതരമായ രോഗമാണ് മറവിരോഗം അഥവാ അല്‍ഷിമേഴ്‌സ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്. 65 വയസു കഴിഞ്ഞ ആളുകളെ വൈകല്യമുള്ളവരാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് അല്‍ഷിമേഴ്‌സ്. ചെറിയ ഓര്‍മ്മത്തെറ്റുകള്‍ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷേ, അസാധാരണമായ മറവി ഒരു രോഗലക്ഷണമാണ്.

മദ്യപാനികളും മറവിയും


സ്ഥിരമായി മദ്യപിക്കുന്നവരില്‍ മറവി നേരത്തേ പ്രത്യക്ഷപ്പെടുന്നു. തയാമിന്‍, വൈറ്റമിന്‍ ബി എന്നീ വൈറ്റമിനുകളുടെ കുറവുകൊണ്ടാണ് മദ്യപര്‍ മറവിക്ക് അടിമപ്പെടുന്നത്. ഇതിനെ വെര്‍ണിക്കെകോര്‍സാകോവ് സിന്‍ഡ്രോം എന്നു പറയുന്നു. പ്രായവും മറവിയും തമ്മില്‍ ബന്ധമുണ്ട്. പാമിലോയ്ഡ് എന്ന പ്രോട്ടീന്‍ പ്രായമാകുന്തോറും നാഡികളില്‍ അടിഞ്ഞുകൂടുന്നു. അല്‍ഷിമേഴ്‌സ് രോഗബാധിതരില്‍ ഈ പ്രോട്ടീന്റെ അളവ് കൂടുതലാണ്.

'മൊമെന്റോ' എന്ന ഹോളിവുഡ് സിനിമയുടെ ഇന്ത്യന്‍ പതിപ്പായ ഗജനിയിലെ നായക കഥാപാത്രത്തിന് ഹ്രസ്വകാല ഓര്‍മ്മ നഷ്ടപ്പെടുന്നത് നമ്മള്‍ കണ്ടു. 'തന്മാത്ര' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം അല്‍ഷിമേഴ്‌സ് രോഗത്തിന് അടിപ്പെടുന്നത് സംവിധായകനായ ബ്ലസി യാഥാര്‍ഥ്യഭാവത്തോടെ ചിത്രീകരിച്ചിരിക്കുന്നു. ഓര്‍മ്മയെ ബാധിക്കുന്ന രോഗങ്ങള്‍ വളരെയധികമുണ്ട്.

ഹണ്ടിംഗ്ടണ്‍സ് രോഗം, എച്ച്.ഐ.വി, പാര്‍ക്കിന്‍സണ്‍സ്, തൈറോയ്ഡ്, ഭ്രാന്ത് അഥവാ സ്‌കിസോഫ്രിനിയ എന്നിവ അവയില്‍ ചിലതുമാത്രം.

ഡോ. സരീഷ്‌കുമാര്‍ എം.കെ.
കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

Ads by Google
Thursday 13 Sep 2018 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW