Sunday, July 14, 2019 Last Updated 25 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 04.01 PM

മട്ടുപ്പാവ് കൃഷി അറിയേണ്ടതെല്ലാം...

''മട്ടുപ്പാവില്‍ കൃഷി ചെയ്യുമ്പോള്‍ പരീക്ഷിക്കാവുന്ന പുത്തന്‍ കൃഷി രീതികളെക്കുറിച്ചും കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം... ''
uploads/news/2018/09/248321/mattupavukrishi130918.jpg

പാടവും പറമ്പും അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് പരിമിതമായ സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഫലപ്രദമായി നടപ്പാക്കാവുന്ന കൃഷി രീതിയാണ് മട്ടുപ്പാവ് കൃഷി. വരുമാനമാര്‍ഗമല്ലെങ്കിലും ഇന്ന് വിഷമുക്ത പച്ചക്കറിയുണ്ടാക്കാന്‍ മട്ടുപ്പാവ് കൃഷി സഹായിക്കും. കേരളത്തില്‍ കൃഷി വികസിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികളുമുണ്ട്. സാമ്പത്തിക സഹായത്തിന് പുറമേ വിത്തുകളും ഗ്രോബാഗ് ഉള്‍പ്പടെയുള്ള വസ്തുക്കളും കൃഷി വകുപ്പ് നല്‍കുന്നുണ്ട്.

സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിയ 24 ഇന പദ്ധതികളില്‍ മട്ടുപ്പാവ് കൃഷിക്കനുയോജ്യമായ ഒട്ടേറെ കൃഷിരീതികളുണ്ട്. സ്ഥല പരിമിതി കാരണം കൃഷി ചെയ്യാന്‍ കഴിയാതിരുന്ന സ്ത്രീകളെ ആകര്‍ഷിക്കാന്‍ വേണ്ടി കൂടിയാണിത്.

മട്ടുപ്പാവില്‍ ഗ്രോ ബാഗ് ഉപയോഗിച്ചും പോളിത്തീന്‍ ഷീറ്റ് വിരിച്ച് മണ്ണിട്ടും കൃഷി ചെയ്യാം. ഗ്രോബാഗ് ഉപയോഗിച്ചുള്ള കൃഷിയാണ് കൂടുതല്‍ സൗകര്യപ്രദം. തുടര്‍ച്ചയായി മഴയുള്ളപ്പോള്‍ മട്ടുപ്പാവ് കൃഷി സാധ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ് മേല്‍ക്കൂര അപകടങ്ങള്‍ക്ക് സാദ്ധ്യതയുണ്ടാക്കാം. ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ട് വളക്കൂറ് കുറഞ്ഞുപോകാം.

ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് ഉണങ്ങിവരുന്ന ആഴ്ച്ചകളാണ് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലത്. കേരളത്തില്‍ ഓണം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ ഇടക്കിടെ പെയ്യുന്ന മഴയും തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പം മുന്‍പ് കൃഷി അവസാനിപ്പിക്കാം. മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഉപയോഗിക്കാം.

തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണ് മട്ടുപ്പാവ് കൃഷിക്കനുയോജ്യം. കൃഷി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നത് നല്ലതാണ്. മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ വേണം.

പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സില്‍ നിന്നു രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നത് എലികളുടേയും മറ്റും ശല്യം കുറയ്ക്കും.

സാധാരണയില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്ക് ആവശ്യമുള്ളൂ. എന്നാലും, വര്‍ഷം മുഴുവന്‍ ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. വീട്ടിലെ അടുക്കളയിലും വാഷ് ബേസിനിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരണ പ്രക്രിയകളിലൂടെ വീണ്ടെടുത്തുപയോഗിക്കാം.

uploads/news/2018/09/248321/mattupavukrishi130918a.jpg

ഗ്രോബാഗ് ഉപയോഗിച്ചുള്ള കൃഷി


കൃഷി വകുപ്പ് മുഖേന ഗ്രോബാഗുകള്‍ വിതരണം ചെയ്ത് തുടങ്ങിയതോടെയാണ് സ്ത്രീകള്‍ മട്ടുപ്പാവ് കൃഷിയില്‍ കൂടുതല്‍ സജീവമായത്. 25 ഗ്രോബാഗ് ഉള്‍പ്പെടുന്നതാണ് ഒരു യൂണിറ്റ്. 500 രൂപ അടച്ച് പേരു രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഗ്രോബാഗുകള്‍ ലഭിക്കും. ഒരാള്‍ക്ക് ഒന്നിലധികം യൂണിറ്റുകള്‍ സ്വന്തമാക്കാനും അവസരമുണ്ട്.

വിപണിയില്‍ ലഭ്യമായ നടീല്‍ മിശ്രിതം തന്നെ കൃഷിക്ക് ഉപയോഗിക്കണമെന്നില്ല. കൃഷിക്ക് ആവശ്യമായ മിശ്രിതം വീട്ടില്‍ത്തന്നെ തയ്യാറാക്കാം. മണല്‍, മേല്‍മണ്ണ്, ചകിരിച്ചോര്‍ സംസ്‌കരിച്ച് അമര്‍ത്തിയെടുത്തത്, ജൈവവളം എന്നിവ തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി ആവശ്യാനുസരണം ഗ്രോബാഗുകളില്‍ നിക്ഷേപിക്കാം. വിത്ത് പാകിയ ശേഷം രാവിലെയും വൈകിട്ടും നനച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും. അധികമായി വെള്ളമൊഴിക്കരുത്. മുളച്ചാല്‍ നല്ല തൈകള്‍ മാത്രം നിലനിര്‍ത്തുക.

മട്ടുപ്പാവ് കൃഷിയില്‍ മഴമറ(റെയിന്‍ ഷെല്‍ട്ടര്‍) സംവിധാനം വളരെ ഫലപ്രദമാ ണ്. മഴമറ സ്ഥാപിക്കാന്‍ കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായം ലഭിക്കും. മഴ മറയ്ക്കുള്ളില്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് നൂറ് മേനി വിളവുണ്ടാക്കാനാകുമെന്ന് തെളിയിച്ച ഒട്ടേറെ കര്‍ഷകരുണ്ട്. വെള്ളം ഒഴിക്കുന്നതിന് പകരം തുള്ളി നന (ട്രിപ്പ് ഇറിഗേഷന്‍ ) അല്ലെങ്കില്‍ തിരിനന (വിഗ് ഇറിഗേഷന്‍) തുടങ്ങിയ രീതികള്‍ ഫലപ്രദമാണ്.

ടാങ്കില്‍ നിന്നു പൈപ്പിലൂടെ ചെടികളുടെ ചുവട്ടില്‍ തുള്ളികളായി വെള്ളം എത്തിക്കുന്ന രീതിയാണ് തുള്ളി നന. ഗ്രോബാഗുകള്‍ക്ക് ചുവട്ടിലായി സ്ഥാപിച്ച വലിയ പൈപ്പില്‍ നിന്ന് ഗ്രോബാഗിനുള്ളിലൂടെ തിരിയിട്ട് (മണ്ണെണ്ണ വിളക്കിന്റെ മാതൃകയില്‍) ചെടിക്ക് ആവശ്യമായ വെള്ളം വലിച്ചെടുക്കാന്‍ സൗകര്യമൊരുക്കുന്നതാണ് തിരി നന.

പോളിത്തീന്‍ ഷീറ്റു കൃഷി


മേല്‍ക്കൂരയിലേക്കു വെള്ളമിറങ്ങുന്നതു തടയാന്‍ ടെറസ് മുഴുവന്‍ മൂടത്തക്ക നിലയില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ നിരത്തുന്നത് നന്നായിരിക്കും.

കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ ചെടിയുടെ വേരുകളും മണ്ണില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിന് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ച വരുത്താന്‍ സാദ്ധ്യതയുണ്ട്.

അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലത്. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍ മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം.

uploads/news/2018/09/248321/mattupavukrishi130918b.jpg

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറ ത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും.

ചെടി നട്ട ശേഷം വളര്‍ച്ചയ്ക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചയ്ക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

ചട്ടിയിലും ചാക്കിലും


ചെടിച്ചട്ടിയും ചാക്കുകളും കവറുകളും വരെ കൃഷിക്കായി ഉപയോഗിക്കാം. ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളതായാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ലളിതമായ ചെടിച്ചട്ടികളാവും നല്ലത്.

പോളിത്തീന്‍ കവറുകളില്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. കടയില്‍ നിന്നു വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക് (കടലാസ് അല്ല), അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ നന്നായിരിക്കും. പണം കൊടുത്താല്‍ കാലി സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും.

ഏത് തരം ബാഗ് ആയാലും കഴുകി ഉണക്കി വേണം കൃഷി ചെയ്യാന്‍. 10 കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.

പച്ചക്കറി നടാനായി മണ്ണ് നിറയ്ക്കു മ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിേച്ചാറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ മുതലായവയുടെ മിശ്രിതം കൃഷി ചെയ്യാനായി നിറയ്ക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറി വളര്‍ച്ചയ്ക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.

വിത്തുകള്‍ നടുന്നതെങ്ങനെ ?


പച്ചക്കറി വിത്തും തൈകളും കൃഷി വകുപ്പ് വിതരണം ചെയ്യുന്നുണ്ട്. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. എന്നാല്‍ നമുക്ക് തന്നെ പച്ചക്കറി വിത്തുകള്‍ തയ്യാറാക്കാവുന്നതേയുള്ളൂ.

നടാനുള്ള വിത്തുകള്‍ മുന്‍ വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പം തട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവയ്ക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.

തൈകളുണ്ടാക്കി പറിച്ചുനടാന്‍ സാധിക്കുന്നില്ലെങ്കില്‍ വിത്ത് നേരിട്ട് മണ്ണു നിറച്ച ചട്ടികളില്‍ നടുകയുമാകാം.
പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം. ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം. ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

uploads/news/2018/09/248321/mattupavukrishi130918c.jpg

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി സ്പ്രേ ചെയ്ത് നനയ്ക്കണം. ഈ വിത്തുകളെല്ലാം ഉറുമ്പുകള്‍ കടത്തുന്നത് തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളയ്ക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12 മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍ തുണി നാലായി മടക്കി മുകളില്‍ വിത്തിട്ടശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്വെച്ച്, തണലത്ത് വയ്ക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം.

ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളയ്ക്കാന്‍ ഒരാഴ്ചയിലധികം വേണ്ടി വരും. അവയ്ക്കു വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തി മാറ്റിയാല്‍ മതി.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ജലസേചനം നടത്തണം.

സി.പി.ദീപു

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW