Thursday, September 13, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 01.06 PM

പ്രപഞ്ചത്തിന്റെ സമസ്തഗണങ്ങളുടെയും അധിപതിയായ ചൈതന്യമാണ് ഗണപതി

'' പ്രാപഞ്ചിക ഇച്ഛാശക്തിയാണ് നാം ആരാധിക്കുന്ന വിഘ്‌നേശ്വരന്‍ അഥവാ മഹാഗണപതി. ഗണം എന്നാല്‍ കൂട്ടം, സമൂഹം എന്നാണ് അര്‍ത്ഥം. നമ്മുടെ ലോകത്തില്‍ ജീവജാലങ്ങള്‍, പക്ഷിമൃഗാദികള്‍, മത്സ്യങ്ങള്‍, അചരവസ്തുക്കള്‍, ജംഗമങ്ങള്‍ തുടങ്ങി എന്തും ഓരോ ഗണം അഥവാ കൂട്ടമാണ്. ഇങ്ങനെ പ്രപഞ്ചത്തിന്റെ സമസ്തഗണങ്ങളുടെയും അധിപതിയായചൈതന്യമാണ് ഗണപതി.''
uploads/news/2018/09/248305/joythi130918a.jpg

വീണ്ടുമൊരു വിനായക ചതുര്‍ത്ഥികൂടി വരികയാണ്. സെപ്റ്റംബര്‍ 13-ാം തീയതിയാണ് ഈ ദിവസം വരുന്നത്. ഭാരതത്തില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, പശ്ചിമേന്ത്യയിലും വളരെ വിപുലമായി വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നു.

ഗണേശകഥയുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ചതുര്‍ത്ഥിയുടെ പിന്നിലുണ്ട്. വ്യത്യസ്തങ്ങളായ പല കഥകളും വിശേഷ ഉത്സവ ദിനങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട് കാണുന്നുണ്ട്. അനവധി വിശിഷ്‌ടോല്‍സവങ്ങള്‍ നമ്മള്‍ ഓരോ വര്‍ഷവും ആചരിച്ചുവരാറുണ്ട്.

വിചിത്രമെന്ന് തോന്നാവുന്ന പല വസ്തുതകളും ഈ കഥകളില്‍ പ്രകടമാകാറുണ്ട്. അത്ഭുതകരമായ ചില ഭാഗങ്ങള്‍ ഈ ഐതിഹ്യങ്ങളില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. പരസ്പരബന്ധമില്ലാത്തത് എന്ന് തോന്നുന്ന വസ്തുതകളും ഇതില്‍ കാണാറുണ്ട് എന്ന് പറയുമ്പോള്‍ തന്നെ കഥാതന്തുവില്‍ പ്രധാനമായി എടുക്കേണ്ടത് അതിലടങ്ങുന്ന സന്ദേശം തന്നെയാണ്. കഥകളുടെ രൂപത്തില്‍ അവതരിപ്പിക്കുന്നത് പലപ്പോഴും സുപ്രധാന സന്ദേശങ്ങള്‍ തന്നെയാണ്.

ഗണേശ ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ടു ചിന്തിക്കുന്നതില്‍ പ്രഥമ സ്മരണമെന്ന സന്ദേശം തന്നെ മുഖ്യം. ഏതു കാര്യത്തിലും നാം ഇറങ്ങിത്തിരിക്കുമ്പോള്‍ രണ്ടുവശങ്ങള്‍ അതിലടങ്ങുന്നുവെന്നതാണ് വസ്തുത.

ഒരു കര്‍മ്മകാണ്ഡത്തെ മുന്നോട്ടു നയിക്കുമ്പോള്‍ അത് വിജയിപ്പിക്കുന്നതിനും, പരാജയപ്പെടുത്തുന്നതിനുമുള്ള തത്ത്വസംഹിതകള്‍ അതിനുളളില്‍ തന്നെ അടങ്ങുന്നു. നാം ആ ലക്ഷ്യത്തെ എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നതു തന്നെയാണ് പ്രധാനം. സ്വയം ഒരു കാര്യത്തെ വിലയിരുത്തുന്നതിനനുസരിച്ച് അതിന്റെ വികാസ വിജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നുവെന്ന വസ്തുത അറിയപ്പെടുന്നു.

വിഘ്‌നം എന്നത് ഉള്ളിലുറങ്ങുന്ന ഒരു മന്ദത തന്നെയാണ്. നാം ഇറങ്ങിത്തിരിക്കുന്ന ഒരു ലക്ഷ്യത്തിന് മുമ്പില്‍ നമ്മെ തടസ്സപ്പെടുത്തുന്ന ഒരു നിഷേധാത്മക ശക്തി നമ്മുടെയുളളില്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് സത്യം. അത് ഒരിക്കലും പുറമേ നിന്നല്ല. ആ വിഘ്‌നം നമ്മില്‍ നിന്നും വരുന്നു. അതിന്റെ ഉറവിടം നമ്മുടെ പ്രജ്ഞയില്‍ ഉദിക്കുന്നു.

അത് നമ്മില്‍ വളരുന്നു. അതിനെ തരണം ചെയേണ്ടതും നമ്മുടെ ഉള്ളില്‍നിന്നും ഉണരുന്ന പോസിറ്റീവ് എനര്‍ജി അഥവാ ധനാത്മക ശക്തി കൊണ്ടാണ്. ഒരു ലക്ഷ്യത്തെ ചിന്തിക്കുമ്പോള്‍ ഏതു ഭീമമായ വൈരുദ്ധ്യവും മറികടന്ന് അതില്‍ എത്തുകയെന്ന ഇച്ഛാദാര്‍ഢ്യം നമുക്കുണ്ടായാല്‍ അത് സാധിക്കും. ഈ ഇച്ഛാദാര്‍ഢ്യമെന്നത് ഒരു പ്രാപഞ്ചിക ഇച്ഛാശക്തിയില്‍ നിന്നാണ് നമുക്ക് ലഭിക്കേണ്ടത്.

ഈ പ്രാപഞ്ചിക ഇച്ഛാശക്തിയാണ് നാം ആരാധിക്കുന്ന വിഘ്‌നേശ്വരന്‍ അഥവാ മഹാഗണപതി. ഗണം എന്നാല്‍ കൂട്ടം, സമൂഹം എന്നാണ് അര്‍ത്ഥം. നമ്മുടെ ലോകത്തില്‍ ജീവജാലങ്ങള്‍, പക്ഷിമൃഗാദികള്‍, മത്സ്യങ്ങള്‍, അചരവസ്തുക്കള്‍, ജംഗമങ്ങള്‍ തുടങ്ങി എന്തും ഓരോ ഗണം അഥവാ കൂട്ടമാണ്.

ഇങ്ങനെ പ്രപഞ്ചത്തിന്റെ സമസ്തഗണങ്ങളുടെയും അധിപതിയായ ചൈതന്യമാണ് ഗണപതി. അതാണ് 'യൂണിവേഴ്‌സല്‍ വില്‍പൗവ്വര്‍' എന്ന് നാം വിവക്ഷിക്കുന്ന പരമമായ ബോധമണ്ഡലം. ആ മണ്ഡലത്തിന്റെ ധനാത്മക സ്പന്ദനം നേടിയെടുത്താല്‍ സകല വിഘ്‌നങ്ങളും നീക്കാന്‍ കഴിയും. ഇതാണ് ഗണപതി ആരാധന. അതിന് എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

ഇനി വിഘ്‌നേശാരാധനയെപ്പറ്റി ചിന്തിച്ചാല്‍, വിനായകചതുര്‍ത്ഥി ദിവസം നാം ഒരു ഗണപതിഹോമം നടത്തുന്നത് ഉത്തമം. രാവിലെ ഗണപതി ഹോമത്തോടൊപ്പം ഒരു മോദക നിവേദ്യം നടത്തുക. മോദകമാണ് ഗണപതി ഭഗവാന് ഏറ്റവും പ്രിയപ്പെട്ട നിവേദ്യം. ഗണപതിക്ക് നിവേദ്യത്തിന് മുമ്പായി പനിനീരഭിഷേകം നടത്തുന്നത് വളരെ നന്നായിരിക്കും. പനിനീരഭിഷേകം ക്ഷേത്രത്തിലാണ് നടത്തേണ്ടത്. പല ക്ഷേത്രങ്ങളിലും വലിയ നെയ്യപ്പം ഒരു പ്രധാന വഴിപാടാണ്.

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയില്‍, വാഴപ്പള്ളി ഗണപതി ക്ഷേത്രത്തില്‍ വലിയ അപ്പം ഒരു പ്രധാന നിവേദ്യമാണ്. ഇതിന് ഗണപതിയപ്പം എന്ന് പറയുന്നു. കൂടാതെ വെളളിയാഴ്ചകളില്‍ മോദക നിവേദ്യവുമുണ്ട്. മറ്റൊരു പ്രധാന ഗണേശക്ഷേത്രം കൊട്ടാരക്കരയാണുള്ളത്. ഇവിടെ ഉണ്ണിയപ്പമാണ് പ്രധാന നിവേദ്യം. ഗൃഹത്തില്‍ കളംവരച്ച് സിദ്ധിവിനായകപൂജ നടത്തുന്നത് ഉത്തമമായി പറയാം.

ക്ഷേത്രത്തില്‍ പലപ്പോഴും 1008 നാളികേരത്തിന്റെ മഹാഗണപതിഹോമം നടക്കാറുണ്ട്. കൂടാതെ ഉച്ചപൂജയ്ക്കുശേഷം ആനയൂട്ട് മഹോത്സവവും നടത്തുന്നു. പിന്നീട് ദീപാരാധനയോടനുബന്ധിച്ച് പുഷ്പാഭിഷേകം നടത്തുന്നതും ഉത്തമം. കൂടാതെ ഗണേശപുരാണ പാരായണം, യജ്ഞം ഇവയൊക്കെ ഉത്തമമായി നിര്‍വ്വഹിക്കാവുന്നതാണ്.

ഇപ്രകാരം മഹാഗണേശഹോമം, ഗണേശയജ്ഞം, ആനയൂട്ട്, ഗജപൂജ, വൈകിട്ടുള്ള പുഷ്പാഭിഷേകം, ദീപാരാധന തുടങ്ങിയ കര്‍മ്മങ്ങളാല്‍ വിനായകചതുര്‍ത്ഥി സുരഭിലമാക്കണം.

കൂടാതെ വിനായകചതുര്‍ത്ഥിയുടെ ഭാഗമായി ഗൃഹത്തില്‍ ചെയ്യാവുന്ന പ്രധാനപൂജകള്‍, വിഘ്‌നേശ്വരബലി, സിദ്ധിവിനായകപൂജ, ലക്ഷ്മീ വിനായകപൂജ ഇവയാകുന്നു. എല്ലാവര്‍ക്കും ഈ വിനായകചതുര്‍ത്ഥി ഭക്തിനിര്‍ഭരമായി ആചരിക്കുവാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

അനില്‍ പെരുന്ന
മൊ: 9847531232

Ads by Google
Thursday 13 Sep 2018 01.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW