മള്ളിയൂര്‍: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ ഇന്നു നടക്കും, നാളെയാണ് ആറാട്ട്.
ഒഴുകിയെത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കാന്‍ മള്ളിയൂര്‍ വൈഷ്ണവ ഗണപതി ക്ഷേത്രാങ്കണം ഒരുങ്ങി. താളവാദ്യ കുലപതികളായ പെരുവനവും മട്ടന്നൂരും മുത്തു കുമാര സ്വാമിയും ഒരുക്കുന്ന താളവാദ പ്രപഞ്ചത്തിന്റെ അകമ്പടിയോടെയാണ് ഇന്നത്തെ ചടങ്ങുകള്‍ നടക്കുക. രാവിലെ 3.30 നു നിര്‍മ്മാല്യ ദര്‍ശനം, 5.30 നു മഹാഗണപതി ഹോമം ആരംഭിക്കും.
പതിനായിരത്തെട്ടു നാളികേരങ്ങളും മുക്കുറ്റി, കറുക, കൂവള ചമത, ചെത്തി പൂവ്, നെല്ല്, നെയ്യ്, തേന്‍, വറപൊടി, എള്ള്, കദളിപ്പഴം, കരിമ്പ്, ഗണപതി നാരങ്ങ, അപ്പം, അട എന്നിവ നിവേദിക്കും. 10.30 ന് ദീപാരാധനം. മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതി ഹോമത്തില്‍ മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി, ഇളം തലമുറക്കാരനായ ശിവന് നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
11.30 ന് ഗുരുവായൂര്‍ വലിയ കേശവന്, പാറമേക്കാവ് ശ്രീപത്മനാഭന്, ഭാരത് വിനോദ്, കാഞ്ഞിരക്കോട്ട് ശേഖരന്, ചേറായി പരമേശ്വരന്, മാവേലിക്കര ഗണപതി, ചുരൂര്‍ മഠം രാജശേഖരന്, ഭാരത് വിശ്വനാഥന് എന്നീ ഗജകേസരികള്‍ അണിനിരക്കുന്ന ഗജപൂജ നടക്കും.
11 മുതല്‍ പത്മശ്രീ പെരുവനം കുട്ടന് മാരാരുടെ പാഞ്ചാരി മേളവും 2.30 മുതല്‍ നെന്മാറ ബ്രദേഴ്സിന്റെ നാദസ്വര കച്ചേരിയും 5.30 ന്, മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാരുടെ പാണ്ടി മേളം. കുമാരനല്ലൂര്‍ ഹരിയുടെ മയിലാട്ടം ചടങ്ങിന് മിഴിവേകും. തുടര്‍ന്നു ദേശവിളക്കും പള്ളിവേട്ടയും നടക്കും. ക്ഷേത്രസന്നിധിയില്‍ എത്തുന്ന ഭക്തര്‍ക്കു വിപുലമായ ദര്‍ശന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാവര്ക്കും മഹാപ്രസാദമൂട്ടില്‍ പങ്കെടുക്കാനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്.
നാളെ വൈകിട്ട് 4.30 ന് ആണ് ആറാട്ട്. മള്ളിയൂര്‍ ആസ്ഥാന വിദ്വാന്മാരായ ഉമേഷ് ഓച്ചിറ, പത്തിയൂര്‍ രാജേഷ്, തേരാഴി രാമക്കുറുപ്പ് എന്നിവരുടെ താളവാദ്യ ലയം സൃഷ്ടിക്കും. 6.45 ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ നാമഘോഷ ജപ ലഹരി നടക്കും.