Sunday, November 11, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 01.08 AM

സമ്പദ്‌ വ്യവസ്‌ഥയെ തകര്‍ക്കുന്ന കിട്ടാക്കടം

uploads/news/2018/09/248243/editorial.jpg

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്‌ധരില്‍ ഒരാളായ രഘുറാം രാജന്‍ ഇന്ത്യയുടെ സാമ്പത്തികാവസ്‌ഥയെക്കുറിച്ച്‌ നല്‍കിയ മുന്നറിയിപ്പുകള്‍ ഗൗരവതരമാണ്‌. ഇന്ത്യയില്‍ തിരിച്ചടയ്‌ക്കാത്ത വായ്‌പ വര്‍ദ്ധിച്ചുവരുന്നുവെന്നും ഇതു ബാങ്കുകളെയും സാമ്പത്തികരംഗത്തെയും തകര്‍ക്കുമെന്നുമാണ്‌ രഘുറാം രാജന്‍ നല്‍കിയ മുന്നറിയിപ്പ്‌.

സര്‍ക്കാര്‍ ഏറെ താല്‍പ്പര്യത്തോടെ നടപ്പാക്കുന്ന മുദ്ര വായ്‌പ, കാര്‍ഷിക വായ്‌പ എന്നിവ ബാങ്കുകള്‍ക്കു വലിയ ബാധ്യതയായി മാറുമെന്ന്‌ അദ്ദേഹം പറയുന്നു. ചെറുകിട ബിസിനസുകാരെ ഉദ്ദേശിച്ചുള്ളതാണ്‌ മുദ്ര വായ്‌പ. താരതമ്യേന എളുപ്പത്തിലുള്ള നടപടിക്രമങ്ങളിലൂടെ വായ്‌പ കിട്ടുമെന്നതാണ്‌ ഇതിന്റെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നതിനാല്‍ വായ്‌പ നല്‍കാനും ബാങ്കുകള്‍ തയാറാണ്‌. ഇതിനകം ധാരാളം പേര്‍ വായ്‌പയുടെ സൗകര്യം നേടിക്കഴിഞ്ഞു. കര്‍ഷകരെ സഹായിക്കാനുള്ള വായ്‌പയും ഏറെ പ്രചാരം നേടിയതാണ്‌.
എന്നാല്‍, ഇത്തരം വായ്‌പകളുടെ തിരിച്ചടവ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉണ്ടാകുന്നില്ലെന്നാണ്‌ രഘുറാം രാജന്റെ വിലയിരുത്തല്‍. ഇതു ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിപ്പിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്‌ അന്തിമമായി ബാധിക്കുക രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്‌ഥയെതന്നെയാണ്‌. സര്‍ക്കാര്‍ നല്‍കുന്ന വായ്‌പകളെടുത്ത്‌ ബിസിനസും കൃഷിയും നടത്തുകയും അവയില്‍നിന്നു വരുമാനം കിട്ടുന്നതനുസരിച്ച്‌ തിരിച്ചടയ്‌ക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട്‌. എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന വായ്‌പകള്‍ തിരിച്ചടയ്‌ക്കാനുള്ളതല്ല എന്ന ധാരണ പുലര്‍ത്തുന്നവരുമുണ്ട്‌. ഇത്തരക്കാര്‍ ബാങ്ക്‌ വായ്‌പകള്‍ തിരിച്ചടയ്‌ക്കാന്‍ തയാറാകില്ല. ഇതെല്ലാം സര്‍ക്കാര്‍ എഴുതിത്തള്ളും എന്ന ചിന്തയില്‍ വായ്‌പാ തിരിച്ചടവ്‌ വേണ്ടെന്നു വയ്‌ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്‌. ഇതു ബാങ്കുകളെ മാത്രമല്ല വായ്‌പ തിരിച്ചുപിടിക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍ വകുപ്പുകളെയും ബുദ്ധിമുട്ടിലാക്കുന്നു. വായ്‌പാ തിരിച്ചടവ്‌ സംബന്ധിച്ച ജനങ്ങളുടെ മനോഭാവം മാറിയാല്‍മാത്രമേ ഈയൊരു വിഷമവൃത്തത്തെ മറികടക്കാനാവൂ. ലോകത്തെ ആകമാനം ബാധിച്ച സാമ്പത്തികമാന്ദ്യത്തെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പ്രവചിച്ചയാളാണ്‌ രഘുറാം രാജന്‍. ഈ സ്‌ഥിതിക്ക്‌ അദ്ദേഹത്തിന്റെ പുതിയ നിരീക്ഷണവും ഗൗരവത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്‌.
കോടിക്കണക്കിനു രൂപ വെട്ടിച്ച്‌ ഇന്ത്യയില്‍നിന്നു കടന്നുകളഞ്ഞ നീരവ്‌ മോഡി, വിജയ്‌ മല്യ തുടങ്ങിയവരെ പിടിക്കുകയോ അവര്‍ക്കെതിരേ നടപടിയെടുക്കുകയോ ചെയ്യാതെ തങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതിന്റെ സാംഗത്യം എന്താണെന്ന്‌ ചെറുകിടക്കാര്‍ ചോദിച്ചാല്‍ ബാങ്കുകള്‍ക്കോ അധികൃതര്‍ക്കോ സര്‍ക്കാരിനോ മറുപടിയുണ്ടാവില്ല. എന്നാല്‍, ഇത്തരക്കാരില്‍നിന്നു ബാങ്കുകള്‍ക്കു കിട്ടാക്കടം പെരുകുന്ന സാഹചര്യമുണ്ടാകുമെന്നു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ രഘുറാം രാജന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

യു.പി.എ. സര്‍ക്കാരിന്റെ കാലത്തു കിട്ടാക്കടം പെരുകി. കിട്ടാക്കടം വര്‍ദ്ധിച്ചുവരുന്നതു സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫീസിനെ താന്‍ ധരിച്ചിപ്പിരുന്നുവെന്നു രഘുറാം രാജന്‍ പറഞ്ഞിട്ടുണ്ട്‌. ഏതു പ്രധാനമന്ത്രിയുടെ ഓഫീസിനെയെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയിട്ടില്ല. എന്നാല്‍, ഇത്തരമൊരു അറിയിപ്പ്‌ കിട്ടുമ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നവര്‍ ആരായാലും ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒളിച്ചോടുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അവര്‍ ജനങ്ങള്‍ക്കു മറുപടി നല്‍കിയേ മതിയാകൂ. ഏതു തരത്തിലുള്ള ബിസിനസുകാര്‍ക്കും കര്‍ഷകര്‍ക്കും അവരുടെ ജീവനോപാധി കണ്ടെത്താന്‍ വായ്‌പ കിട്ടിയേ പറ്റൂ. കിട്ടാക്കടം പെരുകും എന്ന പേരില്‍ വായ്‌പ നിഷേധിക്കാനാവില്ല. ഈ സ്‌ഥിതിക്കു വായ്‌പ തിരിച്ചടയ്‌ക്കാന്‍ ജനങ്ങള്‍ തയാറാകുകയാണ്‌ വേണ്ടത്‌. അവരെ അതിനു പ്രേരിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലും വേണം.

Ads by Google
Thursday 13 Sep 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW