Thursday, September 13, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 01.06 AM

രൂപത്തിലൂടെ അരൂപത്തിലേക്ക്‌ , ഇന്നു വിനായക ചതുര്‍ത്ഥി

uploads/news/2018/09/248241/vinayakaday.jpg

ഗണപതി ഭഗവാന്‍ തന്റെ ഭക്‌തര്‍ക്കു സാന്നിധ്യമരുളി അവരെ അനുഗൃഹീതരാക്കുന്ന ദിവസത്തിലാണ്‌ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്‌. ജ്‌ഞാനം , സമൃദ്ധി, ഭാഗ്യം എന്നിവയുടെ പരമാധീശനാണ്‌ ഗജമുഖനായ ഗണപതി. ഗണപതി ഭഗവാന്റെ പിറന്നാളാണ്‌ ഈ ദിവസമെന്നു കരുതപ്പെടുന്നുണ്ടെങ്കിലും അതിന്‌ ആഴത്തിലുള്ള അര്‍ഥങ്ങളുണ്ട്‌ .

ഗണേശനെ ആദിശങ്കരന്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്‌. ഗജമുഖനായാണ്‌ ഗണേശനെ ആരാധിക്കുന്നതെങ്കിലും ആ സ്വരൂപം പരബ്രഹ്‌മത്തെയാണു വ്യക്‌തമാക്കുന്നത്‌. "അജം നിര്‍വികല്‌പം നിരാകാരമേകം"- എന്ന പരാമര്‍ശം ഗണേശന്‍ ഒരിക്കലും ജനിച്ചിട്ടില്ലെന്നാണു ദ്യോതിപ്പിക്കുന്നത്‌. അദ്ദേഹം അജം (ജനിക്കാത്തത്‌), നിരാകാരം (രൂപമില്ലാത്തത്‌), നിര്‍വികല്‌പം (ഗുണവിശേഷണങ്ങളില്ലാത്തത്‌) എന്നിവയൊക്കെയാണ്‌.

സര്‍വവ്യാപിയായ ചേതനയുടെ പ്രതീകമാണു ഭഗവാന്‍. ഈ പ്രപഞ്ചത്തിനു കാരണമായ ഊര്‍ജമാണു ഗണപതി. അതേസമയം എല്ലാം പ്രകടമാക്കുന്നതും ഈ ഊര്‍ജത്തില്‍നിന്നുതന്നെ. ഈ പ്രപഞ്ചം ലയിക്കുന്നതും ഈ ഊര്‍ജത്തിലാണ്‌. ഗണേശന്‍ നമുക്കു പുറത്തല്ല ഉള്ളത്‌, നമ്മുടെ ഉള്ളിലെ കേന്ദ്രബിന്ദുവാണ്‌.

ഇതു വളരെ സൂക്ഷ്‌മമായ ജ്‌ഞാനമാണ്‌. എല്ലാവര്‍ക്കും രൂപത്തില്‍ അരൂപത്തെ തിരിച്ചറിയാന്‍ സാധിക്കില്ല. ഇതറിഞ്ഞ നമ്മുടെ പുരാതന ഋഷിമാര്‍ എല്ലാ തലങ്ങളിലുമുള്ള മനുഷ്യര്‍ക്കും മനസിലാക്കാന്‍ വേണ്ടി സൃഷ്‌ടിച്ചതാണു രൂപങ്ങള്‍. അരൂപമായതിനെ അനുഭവിക്കാനാകാത്തവര്‍ക്ക്‌ ആദ്യം കുറേക്കാലം മൂര്‍ത്തരൂപത്തിന്റെ അനുഭവത്തിലൂടെ അരൂപിയായ ബ്രഹ്‌മനിലേക്ക്‌ എത്താന്‍ കഴിയുന്നു.

അതുകൊണ്ട്‌ അരൂപിയാണ്‌ ഗണേശന്‍.ആദിശങ്കരന്‍ പ്രാര്‍ഥിച്ച ഗണേശരൂപം അരൂപിയായ ഗണേശനെക്കുറിച്ചുള്ള സന്ദേശം നല്‍കുന്നു. അങ്ങിനെ രൂപത്തില്‍നിന്നു തുടങ്ങിക്കഴിയുമ്പോള്‍ സാവധാനം അരൂപിയായ ചേതന പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഗണേശന്റെ രൂപത്തെ തുടര്‍ച്ചയായി ആരാധിക്കുന്നതിലൂടെ ഗണേശന്‍ എന്നു വിളിക്കുന്ന അരൂപിയായ പരമാത്മാവിലേക്കെത്തുന്നു. അനന്യമായ ഈ കലയെയാണ്‌ ഗണേശചതുര്‍ത്ഥി പ്രതിധാനം ചെയ്യുന്നത്‌.

ഗണേശസ്‌തോത്രങ്ങളും ഈ സന്ദേശമാണു നല്‍കുന്നത്‌. ഗണേശനോടു നമ്മുടെ ചേതനയിലെ ഉള്ളില്‍നിന്നു പുറത്തുവന്ന്‌ മുമ്പിലിക്കുന്ന വിഗ്രഹത്തില്‍ കുറച്ചുനേരത്തേക്ക്‌ നമ്മോടൊപ്പം കളിക്കാനായി ഇരിക്കാന്‍ നമ്മള്‍ പറയുന്നു.

പൂജയ്‌ക്കു ശേഷം നമ്മള്‍ അദ്ദേഹത്തോട്‌ നമ്മുടെ ചേതനയിലേക്കു തിരിച്ചുപോകാനായി വീണ്ടും പ്രാര്‍ഥിക്കുന്നു. അദ്ദേഹം വിഗ്രഹത്തില്‍ ആവാഹിക്കപ്പടുമ്പോള്‍ ഈശ്വരന്‍ നമുക്കു തന്നതെല്ലാം നമ്മള്‍ വിഗ്രഹത്തെ പൂജിക്കുന്നതിലൂടെ തിരിച്ചുകൊടുക്കുന്നു .

പൂജ കഴിഞ്ഞ്‌ കുറച്ചു ദിവസത്തിനു ശേഷം വിഗ്രഹം ജലത്തില്‍ നിമജ്‌ജനം ചെയ്യുന്നത്‌ ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ത്തന്നെയാണ്‌, വിഗ്രഹത്തിലല്ല എന്ന തിരിച്ചറിവ്‌ ഉറപ്പിക്കുന്നു. അതുകൊണ്ട്‌ ഗണേശ ചതുര്‍ത്ഥി ആഘോഷരൂപത്തില്‍ സര്‍വവ്യാപിയായ ഈശ്വരനെ അനുഭവിക്കുന്നതിനെയും അതില്‍നിന്ന്‌ ആനന്ദം കണ്ടത്തുന്നതിനെയും പ്രതിനിധാനം ചെയ്യുന്നു .

ഒരുതരത്തില്‍ സംഘടിതങ്ങളായ ഇത്തരം ആഘോഷങ്ങള്‍ ഉത്സാഹത്തിന്റെയും ഭക്‌തിയുടെയും വളര്‍ച്ചയ്‌ക്കു കാരണമാകും. നമ്മുടെ ഉള്ളിലെ സദ്‌ഗുണങ്ങളുടെ അധീശത്വമാണ്‌ ഗണേശനുള്ളത്‌. അതുകൊണ്ട്‌ അദ്ദേഹത്തെ ആരാധിക്കുമ്പോള്‍ നമ്മിലെ എല്ലാ സദ്‌ഗുണങ്ങളും വിടര്‍ന്നു വികസിക്കും. അദ്ദേഹം ജ്‌ഞാനത്തിന്റെ ദേവനുമാണ്‌.

നമ്മില്‍ ജ്‌ഞാനം ഉദിക്കുന്നത്‌ ആത്മാവിനെക്കുറിച്ച്‌ അവബോധമുണ്ടാകുമ്പോഴാണ്‌. ജഡതയുള്ളപ്പോള്‍ ജ്‌ഞാനവും അറിവും ഉണ്ടാവുകയില്ല. ചൈതന്യവും വികാസവും സംഭവിക്കുകയുമില്ല. അതുകൊണ്ട്‌ ഗണേശന്‍ അധീശനായ ചേതനയെ ഉണര്‍ത്തണം. അതുകൊണ്ടാണ്‌ ഏതു പൂജയ്‌ക്കു മുമ്പും ചേതനയെ ഉണര്‍ത്താന്‍ ഗണേശനെ പ്രാര്‍ഥിക്കുന്നത്‌.

ഗണേശ വിഗ്രഹം പ്രതിഷ്‌ഠിക്കൂ. അനന്തമായ സ്‌നേഹത്തോടെ ആരാധിക്കൂ. ധ്യാനിക്കൂ. എന്നിട്ട്‌ ഉള്ളിലെ ഗണേശനെ അനുഭവിക്കൂ. ഇതാണ്‌ ഗണേശ ചതുര്‍ഥിയുടെ പ്രതീകാത്മക സത്ത. ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ഗണേശതത്വത്തെ ഉണര്‍ത്തുക.

ശ്രീശ്രീ രവിശങ്കര്‍

Ads by Google
Thursday 13 Sep 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW