Thursday, September 13, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

സാലറി ചലഞ്ചില്‍ ഉറച്ച്‌ സര്‍ക്കാര്‍ : ജീവനക്കാര്‍ക്കിടയില്‍ ഭിന്നത രൂക്ഷം

uploads/news/2018/09/248225/k7.jpg

തിരുവനന്തപുരം : പ്രളയദുരിതാശ്വാസത്തിനായി ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവിനെച്ചൊല്ലി സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ചേരിപ്പോര്‌ രൂക്ഷം. ഭരണപക്ഷസംഘടനാനേതാക്കള്‍ ഉത്തരവിനെ സ്വാഗതം ചെയ്യുമ്പോള്‍, ഇതു സര്‍ക്കാരിന്റെ കുടിലബുദ്ധിയാണെന്നു പ്രതിപക്ഷസംഘടനകള്‍ ആരോപിക്കുന്നു.
ഒരുമാസത്തെ ശമ്പളം നല്‍കാന്‍ വിമുഖതയുള്ളവര്‍ അക്കാര്യം എഴുതിനല്‍കണമെന്ന ഉത്തരവിലെ പരാമര്‍ശം ജീവനക്കാരെ അപമാനിക്കാനാണെന്ന നിലപാടിലാണു പ്രതിപക്ഷസംഘടനകള്‍. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷജീവനക്കാര്‍ ഇന്നലെ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്‌ വിജയിപ്പിക്കുമെന്നു ഭരണപക്ഷവും ഉത്തരവിലെ വ്യവസ്‌ഥയെ എതിര്‍ക്കുമെന്നു പ്രതിപക്ഷസംഘടനകളും നിലപാടെടുത്തതോടെ പല സ്‌ഥാപനങ്ങളും സംഘര്‍ഷത്തിന്റെ വക്കിലാണ്‌.
ഒരുമാസത്തെ ശമ്പളം തരാന്‍ മനസില്ലാത്തവര്‍ അക്കാര്യം തുറന്നുപറഞ്ഞാല്‍ മതിയെന്നു ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ പ്രതികരിച്ചു. പണം തരാന്‍ തയാറല്ലാത്തവര്‍ക്കു ചമ്മലുണ്ടാകുമെന്നും അതു മറയ്‌ക്കാനാണു സമരമെന്നും ഐസക്‌ പറഞ്ഞു. എന്നാല്‍, അവരവരുടെ ശേഷിക്കൊത്ത തുകയ്‌ക്കു പകരം ഒരുമാസത്തെ ശമ്പളമെന്നു ശഠിക്കുന്നതു ജീവനക്കാര്‍ക്കിടയില്‍ ചേരിപ്പോരുണ്ടാക്കാനാണെന്നു പ്രതിപക്ഷസംഘടനകള്‍ ആരോപിക്കുന്നു. പ്രളയദുരന്തത്തേത്തുടര്‍ന്ന്‌, 2750 രൂപ നിരക്കില്‍ ഉത്സവബത്തയായ 102 കോടിയിലധികം രൂപ സര്‍ക്കാരിനു സംഭാവന ചെയ്‌തിട്ടുണ്ട്‌.
അതുകൂടാതെ 2-3 ദിവസത്തെ ശമ്പളവും പലരും നല്‍കി. എന്നിട്ടും ഒരുമാസത്തെ ശമ്പളമെന്ന പിടിവാശി അംഗീകരിക്കാനാവില്ല. ഇതു ജീവനക്കാരെ പൊതുസമൂഹത്തില്‍ അപമാനിക്കാനുള്ള നീക്കമാണ്‌. സര്‍ക്കാര്‍ പറഞ്ഞപ്രകാരം 30,000 കോടി രൂപ സമാഹരിക്കണമെങ്കില്‍ വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചാല്‍ മതി. അങ്ങനെയെങ്കില്‍ സര്‍ക്കാരിനു പ്രതിവര്‍ഷം 10,000 കോടി രൂപ ലാഭമുണ്ടാകും. നാലുവര്‍ഷം കൊണ്ട്‌ 40,000 കോടി രൂപ സമാഹരിക്കാം. സര്‍ക്കാരിന്റെ ഇപ്പോഴത്തെ മാടമ്പി നിലപാട്‌ ജീവനക്കാരുടെയും അധ്യാപകരുടെയും ആത്മാഭിമാനം ചോദ്യംചെയ്യുന്നതാണെന്നും പ്രതിപക്ഷസംഘടനാ നേതാക്കള്‍ ആരോപിച്ചു.
ജീവനക്കാരില്‍ മിക്കവരും ജീവിതപ്രയാസങ്ങള്‍ നേരിടുന്നവരാണ്‌. വായ്‌പകള്‍ക്കും മറ്റുമായി പ്രതിമാസം വന്‍തുക കണ്ടെത്തണം. ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ ദിവസവരുമാനം പോലുമില്ലാത്ത ജീവനക്കാരുണ്ട്‌.അതിനാല്‍ ജീവനക്കാരെ സമ്മര്‍ദത്തിലാക്കാതെ, ചെറുതും വലുതുമായ എല്ലാ സഹായവും സ്വീകരിക്കുകയാണുജനാധിപത്യമര്യാദ. ഒരുമാസത്തെ ശമ്പളത്തില്‍ കുറഞ്ഞ്‌ വേണ്ടെന്നു പറയുന്ന സര്‍ക്കാര്‍, മുമ്പു പിടിച്ച ഉത്സവബത്തയും ശമ്പളവും മടക്കിനല്‍കുമോയെന്നും പ്രതിപക്ഷസംഘടനാനേതാക്കള്‍ ചോദിക്കുന്നു.
ഭരണപക്ഷസംഘടനകള്‍ക്കിടയിലും ഇക്കാര്യത്തില്‍ ഭിന്നതയുള്ളതായി സൂചനയുണ്ട്‌. സര്‍ക്കാര്‍ ഉത്തരവിനെ നേതാക്കള്‍ അംഗീകരിക്കുമ്പോഴും അംഗങ്ങള്‍ക്ക്‌ എതിര്‍പ്പുണ്ട്‌. ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ചുള്ള ഉത്തരവാണിതെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തുക 10 ഗഡുക്കളായി നല്‍കിയാല്‍ മതി. പി.എഫ്‌. അടയ്‌ക്കാന്‍ ഇളവും നല്‍കിയിട്ടുണ്ട്‌. നേരത്തേ നല്‍കിയ സംഭാവനയും ഇളവുചെയ്യും. അടയ്‌ക്കുന്ന തുകയ്‌ക്കു 100% നികുതിയിളവുണ്ട്‌. ആര്‍ജിതാവധി 30 എണ്ണമുണ്ടെങ്കില്‍ വീണ്ടും അതു സറണ്ടര്‍ ചെയ്യാം. സര്‍ക്കാര്‍ നിരവധി ഇളവുകള്‍ നല്‍കിയിട്ടും അംഗീകരിക്കാത്തതിനു പിന്നില്‍ രാഷ്‌ട്രീയം മാത്രമാണെന്നു ഭരണപക്ഷസംഘടനകള്‍ ആരോപിക്കുന്നു. ഉത്തരവില്‍ ഭേദഗതിയുണ്ടാവില്ലെന്ന ഉറച്ചനിലപാടിലാണു സര്‍ക്കാരും.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW