Thursday, September 13, 2018 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

കന്യാസ്‌ത്രീ സമരത്തിനു പിന്തുണയുമായി വിമന്‍ ഇന്‍ സിനിമാ കലക്‌ടീവും

uploads/news/2018/09/248223/k5.jpg

കൊച്ചി: ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനു പിന്തുണയുമായിസാംസ്‌കാരിക ലോകം. സമരത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി.
രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സമരം നടക്കുന്ന ഹൈക്കോടതി ജംഗ്‌ഷനിലെ വഞ്ചി സ്‌ക്വയറിലെത്തിയിരുന്നു.
സംവിധായകന്‍ ആഷിക്‌ അബുവും സിനിമാരംഗത്തെ സ്‌ത്രീ കൂട്ടായ്‌മയായ വിമന്‍ ഇന്‍ സിനിമാ കലക്‌ടീവിനെ പ്രതിനിധികരിച്ച്‌ നടി റിമാ കല്ലിങ്കലും സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുള്ള ഡ.ബ്ലു.സി.സിയുടെ കുറിപ്പ്‌ റിമ വായിച്ചു. ഇത്രയും ഗൗരവമേറിയ വിഷയം സമൂഹത്തില്‍ ചര്‍ച്ചയാകുമ്പോഴും യുവജന സംഘടനകള്‍ തുടരുന്ന മൗനം അപകടകരമാണെന്ന്‌ ആഷിക്‌ അബു പറഞ്ഞു. പുരോഗമന ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സര്‍ക്കാരുണ്ടായിട്ടുകൂടി ഇരയ്‌ക്ക്‌ നീതി നിഷേധിക്കപ്പെടുകയാണ്‌.
ഗായകന്‍ ഷഹ്‌ബാസ്‌ അമന്‍ പാട്ടുപാടിയാണ്‌ പിന്തുണ പ്രഖ്യാപിച്ചത്‌. സഹനത്തിന്റെ സ്വരൂപമായ കന്യാസ്‌ത്രീകള്‍ തെരുവിലിറങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ പിന്തുണ നല്‍കാന്‍ സമൂഹം ബാധ്യസ്‌ഥരാണെന്ന്‌ ഗായകനും സംഗീത സംവിധായകനുമായ ബിജിബാല്‍ പറഞ്ഞു.
മുതിര്‍ന്ന സി.പി.എം. നേതാവ്‌ എം.എം ലോറന്‍സും സമരപ്പന്തലിലെത്തി. സംസ്‌ഥാന പോലീസ്‌ സേനയും ഡി.ജി.പിയും കന്യാസ്‌ത്രീയുടെ കേസ്‌ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്‌ച്ചവരുത്തിയെന്ന്‌ എം.എം. ലോറന്‍സ്‌ പറഞ്ഞു. നീതിക്കു വേണ്ടിയുള്ള സമരത്തിന്റെ അന്തിമഫലം വിജയമായിരിക്കുമെന്ന്‌ പി.എസ്‌.സി. മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്‌ രാധാകൃഷ്‌ണന്‍ പറഞ്ഞു.
വേട്ടക്കാരുടെ കൂടെ നില്‍ക്കുന്ന ഭരണസംവിധാനമാണു കേരളത്തിലേതെന്ന്‌ ആര്‍.എം.പി. നേതാവ്‌ കെ.കെ രമ സമരപന്തലിലെത്തി പ്രതികരിച്ചു. ചലച്ചിത്ര സംവിധായകന്‍ ആലപ്പി അഷറഫ്‌, ശ്രേയാംസ്‌ കുമാര്‍, മഹിളാ കോണ്‍ഗ്രസ്‌ നേതാവ്‌ ദീപ്‌തി മേരി വറുഗീസ്‌, ബി.ജെ.പി. നേതാക്കളായ എ.എന്‍. രാധാകൃഷ്‌ണന്‍, ശോഭാ സുരേന്ദ്രന്‍, വി.എസ്‌. സര്‍ക്കാരിന്റെ ഐടി ഉപദേഷ്‌ടാവായിരുന്ന ജോസഫ്‌ സി മാത്യു, രാഷ്‌ട്രീയ നിരീക്ഷകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സുനില്‍ പി ഇളയിടം, ശാരദക്കുട്ടി, കല്‍പറ്റ നാരായണന്‍, എം.വി ബെന്നി തുടങ്ങിയവരും സമരപന്തലിലെത്തി.
കെ.എസ്‌.യു ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ സമരപന്തലിനു സമീപം പി.സി. ജോര്‍ജ്‌ എം.എല്‍.എയുടെ കോലം കത്തിച്ചു. മഹാരാജാസ്‌ കോളജിനെ പ്രതിനിധികരിച്ച്‌ വിദ്യാര്‍ഥിനികളും സമരപ്പപന്തലിലെത്തി.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW