Wednesday, June 26, 2019 Last Updated 50 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

ബിഷപ്‌ ഫ്രാങ്കോ ഒഴിയണം: മുംബൈ ആര്‍ച്ച്‌ ബിഷപ്‌

uploads/news/2018/09/248222/k4.jpg

കൊച്ചി/കോട്ടയം: ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ സ്‌ഥാനമൊഴിയുന്നതാണ്‌ ഉചിതമെന്നു മുംബൈ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസും ആരോപണമുയര്‍ന്നപ്പോള്‍ത്തന്നെ അദ്ദേഹം ബിഷപ്‌ സ്‌ഥാനത്തുനിന്നു മാറിനിന്ന്‌ അന്വേഷണവുമായി സഹകരിക്കണമായിരുന്നുവെന്നു കേരള റീജിയന്‍ ലത്തീന്‍ കത്തോലിക്ക കൗണ്‍സി(കെ.ആര്‍.എല്‍.സി.സി)ലും അഭിപ്രായപ്പെട്ടു.
അതേസമയം, ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ സന്യാസിനി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിന്റെ മറവില്‍ കന്യാസ്‌ത്രീകളെ മുന്നില്‍ നിര്‍ത്തി നടത്തുന്ന സമരം അതിരുകടന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി) വ്യക്‌തമാക്കി. പീഡന പരാതിയില്‍ ബിഷപ്പിനെ പിന്തുണച്ച്‌ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ തറയില്‍ രംഗത്തെത്തി. കുറ്റം തെളിയുന്നതുവരെ നിരപരാധിയെന്നു കരുതണമെന്നാണ്‌ പഠിച്ചിരിക്കുന്നതെന്നും സത്യമറിയാതെ സഭയ്‌ക്കു നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
വിവാദം ദേശീയതലത്തില്‍ സഭയുടെ പ്രതിച്‌ഛായയെ പ്രതികൂലമായി ബാധിച്ചെന്ന്‌ സി.ബി.സി.ഐ. പ്രസിഡന്റുകൂടിയായ ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌ പറഞ്ഞു. അന്വേഷണവുമായി ബിഷപ്‌ സഹകരിക്കണം. നിരപരാധിയെന്നു വ്യക്‌തമായാല്‍ മെത്രാന്‍ സ്‌ഥാനത്ത്‌ അദ്ദേഹത്തിനു മടങ്ങിയെത്താമെന്നും ആര്‍ച്ച്‌ ബിഷപ്‌ വ്യക്‌തമാക്കി. പരാതിയുടെ ആധികാരികത പരിശോധിക്കേണ്ടതു നിയമസംവിധാനമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പിന്റെ വക്‌താവ്‌ ഫാ.നിജെറ്റ്‌ ബരേറ്റ്‌ പറഞ്ഞു.
തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്‌ക്കെതിരേയാണെന്ന ബിഷപ്പിന്റെ വാദം ശരിയല്ലെന്നു കെ.ആര്‍.എല്‍.സി.സി. വൈസ്‌ പ്രസിഡന്റ്‌ ഷാജി ജോര്‍ജ്‌ ചൂണ്ടിക്കാട്ടി. സഭാപിതാവെന്ന നിലയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികബോധവും നീതിബോധവും വിശ്വാസസ്‌ഥൈര്യവുമാണു ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്‌. താനാണു സഭയെന്നു പ്രചരിപ്പിക്കുന്നതു ശരിയല്ല. വിശ്വാസികള്‍ക്ക്‌ അപമാനവും ഇടര്‍ച്ചയുമുണ്ടാകുന്ന നടപടികളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. അതില്‍ സഭയെ എതിര്‍ക്കുന്ന കക്ഷികളുടെ ഗൂഢാലോചനയുമുണ്ടാകാമെന്നും കെ.ആര്‍.എല്‍.സി.സി. വൈസ്‌ പ്രസിഡന്റ്‌ പറഞ്ഞു.
ഒരു കേസിലെ പ്രതിയെ അറസ്‌റ്റ്‌ ചെയ്യണോ, എപ്പോള്‍ അറസ്‌റ്റ്‌ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത്‌ അന്വേഷണ ഉദ്യോഗസ്‌ഥനാണെന്നും പരാതിക്കാരനെല്ലന്നും കെ.സി.ബി.സി. അഭിപ്രായപ്പെട്ടു. സമരക്കാരുടെ പ്രധാന ആവശ്യം ബിഷപ്‌ ഫ്രാങ്കോയെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യണമെന്നാണ്‌. പരാതി ലഭിച്ച്‌ അന്വേഷണം ആരംഭിച്ചാലുടന്‍ പ്രതിയെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ഒരു നിയമത്തിലും പറയുന്നില്ല. ബിഷപ്‌ ഫ്രാങ്കോയെ അറസ്‌റ്റ്‌ ചെയ്യേണ്ട സാഹചര്യം ആയിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍തന്നെ പറഞ്ഞിട്ടുള്ളതാണ്‌. സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കേണ്ടതുകൊണ്ടും പരാതിക്കാരിയായ കന്യാസ്‌ത്രീയെയും തന്റെ ഭര്‍ത്താവിനെയും കുറിച്ച്‌ കന്യാസ്‌ത്രീയുടെ ബന്ധുവായ സ്‌ത്രീ സഭാധികാരികള്‍ക്കു നല്‍കിയ പരാതിയിലെ വസ്‌തുതകള്‍ അന്വേഷിക്കേണ്ടതുകൊണ്ടും കേരളത്തിനുപുറത്ത്‌ പല സംസ്‌ഥാനങ്ങളിലും അന്വേഷണം നടക്കുന്നതുകൊണ്ടുമാണ്‌ അന്വേഷണം വൈകുന്നതെന്ന്‌ പോലീസ്‌ പറയുന്നു.
നിഷ്‌പക്ഷമായ അന്വേഷണം നടക്കണമെന്നല്ല, ബിഷപ്പ്‌ ഫ്രാങ്കോയെ എങ്ങനെയും അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലില്‍ ഇടണമെന്നാണു സമരക്കാരുടെ താല്‍പ്പര്യമെന്നു തോന്നുന്നു.
പോലീസിന്റെ അന്വേഷണം നീണ്ടുപോകുന്നതിനും ബിഷപ്‌ ഫ്രാങ്കോയെ അറസ്‌റ്റ്‌ ചെയ്യാത്തതിനും കത്തോലിക്കാസഭയെയും മറ്റു ബിഷപ്പുമാരെയും കുറ്റപ്പെടുത്തുന്നതില്‍ യുക്‌തിയില്ല. സഭ പരാതിക്കാരിക്കു നീതി നിഷേധിച്ചിട്ടില്ല. സഭയെയും ബിഷപ്പുമാരെയും തെരുവില്‍ ചീത്തവിളിക്കുകയും അതിനു മാധ്യമങ്ങളിലൂടെ പ്രചാരണം കൊടുക്കുകയും ചെയ്യുന്നത്‌ എന്തു നീതിയാണ്‌. പരാതിക്കാരിയായ കന്യാസ്‌ത്രീക്ക്‌ സഭയില്‍നിന്നു നീതികിട്ടിയിട്ടില്ല എന്ന ആരോപണത്തില്‍ കഴമ്പില്ല. പരാതി നല്‍കിയെന്നു പറയുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കോ മറ്റു ബിഷപ്പുമാര്‍ക്കോ ജലന്ധര്‍ ബിഷപ്പിന്റെ മേലോ മിഷണറീസ്‌ ഓഫ്‌ ജീസസ്‌ കോണ്‍ഗ്രിഗേഷന്റെ മേലോ അധികാരമില്ല. ബിഷപ്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ അവര്‍ക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നുമില്ല. വത്തിക്കാന്‍ പ്രതിനിധിക്കു നല്‍കിയെന്നു പറയുന്ന പരാതിയില്‍ എത്രയുംവേഗം തീരുമാനമെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
കത്തോലിക്കാ സഭയെയും സന്യാസ ജീവിതത്തെയും അവഹേളിക്കത്തക്കവിധം കുറെ സന്ന്യാസിനികള്‍ വഴിവക്കില്‍ പ്ലക്കാര്‍ഡ്‌ പിടിച്ച്‌, മുദ്രാവാക്യം മുഴക്കിയിരിക്കുന്നത്‌ അംഗീകരിക്കുക സാധ്യമല്ല. നീതി നിര്‍വഹിക്കപ്പെടണമെന്ന നിലപാടില്‍ കെ.സി.ബി.സി. ഉറച്ചുനില്‍ക്കുന്നു. സമരക്കാരും അനുകൂലികളും സമ്മര്‍ദതന്ത്രം ഉപേക്ഷിച്ച്‌, നിഷ്‌പക്ഷമായും കാര്യക്ഷമമായും അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിനെ അനുവദിക്കണം. എത്രയും വേഗം കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസ്‌ തയാറാകണം. ഇരയെ രക്ഷിക്കാനെന്നു പറഞ്ഞ്‌ വ്യാപകമായ പ്രചാരണം കൊടുക്കുകയും മുന്‍കൂട്ടി നിശ്‌ചയിച്ച അജന്‍ഡ അനുസരിച്ച്‌ ചാനല്‍ ചര്‍ച്ച നടത്തുകയും ചെയ്യുന്നതിലെ ഗൂഢലക്ഷ്യം മനസിലാക്കുന്നുണ്ട്‌. അന്വേഷണോദ്യോസ്‌ഥരെ സമ്മര്‍ദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും അതിനിടയില്‍ കത്തോലിക്കാസഭയെ കല്ലെറിയാനും നടത്തുന്ന ശ്രമം അപലപനീയമാണെന്നും കെ.സി.ബി.സി. വ്യക്‌തമാക്കി.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW