Sunday, November 18, 2018 Last Updated 54 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.53 AM

പ്രളയത്തില്‍ 40,000 കോടിയുടെ നഷ്‌ടം: മന്ത്രി ഇ.പി. ജയരാജന്‍

uploads/news/2018/09/248212/k8.jpg

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ സംസ്‌ഥാനത്തുണ്ടായ നഷ്‌ടം 40,000 കോടി രൂപയിലേറെയാണെന്ന്‌ മന്ത്രി ഇ.പി. ജയരാജന്‍. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണം വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ നിര്‍വഹിക്കും. നിരവധി ഏജന്‍സികളും വ്യക്‌തികളും സഹായ വാഗ്‌ദാനവുമായി മുന്നോട്ടു വന്നിട്ടുണ്ട്‌. ഇവ പരമാവധി ഏകോപിപ്പിക്കാനായി ആസൂത്രണ വകുപ്പ്‌ വെബ്‌ പോര്‍ട്ടല്‍ തയാറാക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചതായും മന്ത്രി ഇ.പി. ജയരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വീടുകള്‍ നിര്‍മിക്കാനാകാത്ത പ്രദേശങ്ങളില്‍ സ്‌ഥലമടക്കം കണ്ടെത്തണം. സഹായ വാഗ്‌ദാനങ്ങളും കൂടി പരിഗണിച്ച്‌ പൊതു മാനദണ്ഡപ്രകാരമാകും വീടുകള്‍ നിര്‍മ്മിക്കുക. പ്രളയമേഖലകളിലെ 4305 ടണ്‍ അജൈവ മാലിന്യങ്ങള്‍ കാലാവസ്‌ഥ മാറുന്നതിനനുസരിച്ച്‌ ഘട്ടംഘട്ടമായി സംസ്‌കരിക്കും. 4218 ടണ്‍ ജൈവമാലിന്യങ്ങളില്‍ 4030 ടണ്‍ ഇതിനകം സംസ്‌കരിച്ചു. 122 ക്യാമ്പുകളില്‍ 1498 കുടുംബങ്ങളിലെ 4857 പേരാണ്‌ ബാക്കിയുള്ളത്‌.
വെള്ളംകയറിയ 6.89 ലക്ഷം വീടുകളില്‍ 3591 എണ്ണം മാത്രമാണ്‌ വൃത്തിയാക്കാന്‍ ബാക്കിയുള്ളത്‌. വെള്ളം കയറിയ വീടുകളില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി നല്‍കുന്ന ഒരു ലക്ഷം രൂപയുടെ വായ്‌പ സെപ്‌റ്റംബര്‍ 25 മുതല്‍ നല്‍കും. ഇതുവരെ 2000 വിദ്യാലയങ്ങളില്‍ നിന്നായി 2.05 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ ലഭിച്ചു. നഷ്‌ടപ്പെട്ട രേഖകളുടെ വിതരണത്തിന്‌ കുറച്ചുകൂടി സമയമെടുക്കും.
വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, ഓഫീസുകള്‍ ആശുപത്രി- സ്‌കൂള്‍ കെട്ടിടങ്ങള്‍ വ്യവസായ- വ്യാപാര സ്‌ഥാപനങ്ങള്‍ അടക്കം നഷ്‌ടം ഉണ്ടായിട്ടുണ്ട്‌. ഓരോ വകുപ്പുകളും തയാറാക്കുന്ന നഷ്‌ടം സംബന്ധിച്ച കണക്ക്‌ റവന്യൂ ഡിവിഷണല്‍ ചീഫ്‌ സെക്രട്ടറി ഏകോപിപ്പിച്ച്‌ കേന്ദ്രത്തിന്‌ സമര്‍പ്പിക്കും. നഷ്‌ടത്തിന്റെ യഥാര്‍ത്ഥ കണക്ക്‌ ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കും. കേന്ദ്രത്തില്‍ നിന്ന്‌ ഇതിനകം 1000 കോടിയോളം രൂപ ലഭിച്ചിട്ടുണ്ട്‌. ശബരിമലയിലേക്കുള്ള റോഡുകള്‍ തീര്‍ഥാടനം തുടങ്ങുംമുമ്പ്‌ ഗതാഗതയോഗ്യമാക്കും. 10,000 രൂപയുടെ സഹായവിതരണം ഉടന്‍ പൂര്‍ത്തിയാക്കും. 5.101 ലക്ഷം പേര്‍ക്ക്‌ ഇതിനകം നല്‍കി. ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച സാേങ്കതികപ്രശ്‌നമാണ്‌ വിതരണം വൈകാന്‍ കാരണം. 623 പരാതികള്‍ മാത്രമാണ്‌ ഇതിലുണ്ടായത്‌. പ്രളയത്തില്‍ മരിച്ച 488 പേരുടെ കുടുംബങ്ങള്‍ക്ക്‌ നാലുലക്ഷം രൂപ വീതം ഉടന്‍ നല്‍കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
ലോക ബാങ്ക്‌, എ.ഡി.ബി, ഐ.എഫ്‌.സി. എന്നീ രാജ്യാന്തര ഏജന്‍സികളുടെ പ്രതിനിധികള്‍ സംസ്‌ഥാനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചു നഷ്‌ടം വിലയിരുത്തുകയാണ്‌. നാലുദിവസത്തിനകം ഇതു പൂര്‍ത്തിയാകും. 21ന്‌ ഈ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. സഹായം സംബന്ധിച്ച തീരുമാനം അതിനുശേഷമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW