Tuesday, July 16, 2019 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

ടൂറിസം വകുപ്പിന്‌ 100 കോടിയുടെ നഷ്‌ടം

തിരുവനന്തപുരം: പ്രളയംദുരന്തത്തില്‍ വിനോദസഞ്ചാരവകുപ്പിന്‌ 100 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനു പുറമെ കഴിഞ്ഞമാസം വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ബുക്കിങ്‌ റദ്ദാക്കിയതിനാല്‍ 500 കോടിയുടെ വരുമാനം കൈവിട്ടു.
വിനോദസഞ്ചാരമേഖലയുടെ പുനരുജ്‌ജീവനത്തിന്‌ അടുത്ത മൂന്നു മാസത്തേക്ക്‌ പുതിയ കര്‍മപദ്ധതികള്‍ വകുപ്പ്‌ തയാറാക്കിയെന്നും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിവര്‍ഷം ശരാശരി 10 ലക്ഷത്തോളം വിദേശ വിനോദ സഞ്ചാരികളും ഒന്നരക്കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികളും കേരളം സന്ദര്‍ശിക്കാറുണ്ട്‌. 2017 ലെ കണക്ക്‌ പ്രകാരം 34,000 കോടി രൂപയാണ്‌ ടൂറിസത്തില്‍നിന്ന്‌ ലഭിച്ച മൊത്ത വരുമാനം.
എണ്ണായിരം കോടി രൂപയുടെ വിദേശനാണ്യവും നേടിയെടുക്കാനായി. 15 ലക്ഷത്തോളം പേര്‍ ഈ മേഖലകളില്‍ പണിയെടുക്കുന്നുമുണ്ട്‌. ടൂറിസം രംഗത്തെ വളരെ സജീവമായി മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ്‌ ഓഖിയും നിപയും പ്രളയവും പ്രതിസന്ധിയുണ്ടാക്കിയത്‌.
വിനോദസഞ്ചാരമേഖലകളിലേക്കുള്ള റോഡുകളുടെയും മറ്റും നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കും. ടൂറിസം മേഖലകളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടെങ്കിലും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക്‌ വലിയ കുഴപ്പമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കൃത്യമായ സര്‍വേ നടത്തി രാജ്യാന്തരതലത്തില്‍ പ്രസിദ്ധീകരിക്കും. പ്രളയത്തിന്‌ ശേഷമുള്ള സ്‌ഥിതിയെക്കുറിച്ച്‌ സഞ്ചാരികള്‍ക്ക്‌ ധാരണയില്ല.
ഈ പ്രതിസന്ധി മറികടക്കാന്‍ ദേശീയ, രാജ്യാന്തര മാധ്യമങ്ങളിലൂടെയും റോഡ്‌ ഷോകളിലൂടെയും ശ്രദ്ധേയമായ പ്രചാരണം നടത്തും. വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം വ്യാപാരമേളകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കും. ഡിജിറ്റല്‍ പ്രചാരണത്തിന്‌ കൂടുതല്‍ ഊന്നല്‍ കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW