Thursday, November 22, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

51 കോടിയുടെ സഹായവുമായി ആന്ധ്രാപ്രദേശ്‌

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ പ്രവചിക്കുന്നതിനും നേരിടുന്നതിനും മികച്ച സംവിധാനമുള്ള ആന്ധ്രാപ്രദേശ്‌ ഇക്കാര്യത്തില്‍ കേരളത്തിന്‌ സഹായവും വാഗ്‌ദാനം ചെയ്‌തു. ആവശ്യമെങ്കില്‍ പരിശീലനം നല്‍കാന്‍ തയാറാണെന്നും ആന്ധ്രാപ്രദേശ്‌ ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ചിന്നരാജപ്പ മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചു. കേരളത്തിനുള്ള ആന്ധ്രാപ്രദേശിന്റെ സഹായവുമായി എത്തിയതായിരുന്നു അദ്ദേഹം. 35 കോടി രൂപയുടെ ചെക്ക്‌ മന്ത്രി ഇ.പി. ജയരാജന്‌ ആന്ധ്ര ഉപമുഖ്യമന്ത്രി കൈമാറി. ഭക്ഷ്യധാന്യവും മരുന്നുമുള്‍പ്പെടെ 51.018 കോടി രൂപയുടെ സഹായമാണ്‌ ആന്ധ്ര സര്‍ക്കാര്‍ കേരളത്തിന്‌ നല്‍കിയത്‌. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി. തോമസ്‌, എ.കെ. ശശീന്ദ്രന്‍, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ എന്നിവരും ഈ സമയത്ത്‌ സന്നിഹിതരായിരുന്നു.
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുന്നതിന്‌ 1996 മുതല്‍ വികസിപ്പിച്ചെടുത്ത സംവിധാനമാണ്‌ ആന്ധ്രയ്‌ക്കുള്ളത്‌. കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങള്‍ക്കൊപ്പം സ്വന്തം സംവിധാനങ്ങളും ആന്ധ്ര ഉപയോഗിക്കുന്നുണ്ട്‌. ജനങ്ങളുടെ മൊബൈല്‍ ഫോണിലേക്കു മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനവുമുണ്ട്‌. ഇഷ്‌ടികകള്‍ ഒഴിവാക്കി കോണ്‍ക്രീറ്റ്‌ ഉപയോഗിച്ച്‌ വേഗത്തില്‍ വീടുനിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യയും ആന്ധ്ര വികസിപ്പിച്ചിട്ടെടുത്തിട്ടുണ്ട്‌. ഇതു കേരളത്തിന്‌ കൈമാറാന്‍ തയാറാണെന്നും ചിന്നരാജപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന റിയര്‍ടൈം ഗവേണന്‍സ്‌ വിഭാഗം ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും മലയാളിയുമായ എ. ബാബുവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
2014 മെട്രിക്‌ ടണ്‍ അരിയും അവശ്യസാധനങ്ങളടങ്ങിയ കിറ്റും കേരളത്തിനു നല്‍കിയതായി ഉപമുഖ്യമന്ത്രി ചിന്നരാജപ്പ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരന്തത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. കേരളത്തെ സഹായിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ആവശ്യത്തെത്തുടര്‍ന്ന്‌ ആന്ധ്രയിലെ ജനങ്ങള്‍ കൈയയച്ചു സഹായിക്കുകയായിരുന്നു. മൂന്നു ദിവസം കൊണ്ട്‌ 115 ട്രക്കുകളിലാണ്‌ സാധനം കേരളത്തിലേക്ക്‌ അയച്ചത്‌.
റെയില്‍ മാര്‍ഗവും സാധനങ്ങള്‍ എത്തിച്ചു. അരി മില്ലുകളില്‍നിന്ന്‌ ജയ, മട്ട അരി സര്‍ക്കാര്‍ ആറു കോടി രൂപ നല്‍കി 2,000 മെട്രിക്‌ ടണ്‍ നേരിട്ടു വാങ്ങി അയയ്‌ക്കുകയായിരുന്നു. കേരളത്തിന്റെ ആവശ്യമനുസരിച്ച്‌ കൂടുതല്‍ സഹായം നല്‍കാന്‍ തയാറാണ്‌. അരി വില കൂടാതെ കേരളത്തെ സഹായിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇപ്പോള്‍ നല്‍കിയ ധനസഹായത്തിലെ ഒരു വിഹിതം ശബരിമലയിലെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി വിനിയോഗിക്കണമെന്ന്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌.-ചിന്നരാജപ്പ പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW