Sunday, November 18, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.30 AM

സര്‍ദാര്‍ സിങ്‌ വിരമിച്ചു

uploads/news/2018/09/248149/7.jpg

ചണ്ഡീഗഡ്‌: ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകന്‍ സര്‍ദാര്‍ സിങ്‌ വിരമിച്ചു. 25 അംഗ ദേശീയ ക്യാമ്പില്‍നിന്ന്‌ ഒഴിവാക്കിയതിനു പിന്നാലെയാണ്‌ സര്‍ദാര്‍ സിങ്‌ വിരമിക്കല്‍ പ്രഖ്യാപിച്ചത്‌്. അടുത്തിടെ സമാപിച്ച ഏഷ്യന്‍ ഗെയിംസ്‌ ഹോക്കിയില്‍ സര്‍ദാര്‍ കളിച്ചിരുന്നു.
ഇന്ത്യ വെങ്കലം നേടിയ ഗെയിംസില്‍ 32 വയസുകാരനായ സര്‍ദാറിന്റെ പ്രകടനം നിറംമങ്ങിയതായിരുന്നു. 12 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കാന്‍ സമയമായെന്നു ബോധ്യമായെന്നു വിരമിക്കലിനെ കുറിച്ചു സര്‍ദാര്‍ പറഞ്ഞു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഹോക്കി ഇന്ത്യയോടും ചര്‍ച്ച ചെയ്‌ത ശേഷമാണു വിരമിക്കാന്‍ തീരുമാനിച്ചത്‌. മൂന്നു നാലു വര്‍ഷത്തേക്കു തുടര്‍ന്നു കളിക്കാനുള്ള ശാരീരിക ക്ഷമതയുണ്ടെങ്കിലും പുതു തലമുറയ്‌ക്കു വേണ്ടി വഴിമാറുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫി, ലോകകപ്പ്‌ മത്സരങ്ങള്‍ക്കുള്ള ക്യാമ്പില്‍ നിന്നാണു സര്‍ദാറിനെ ഒഴിവാക്കിയത്‌.
2020 ഒളിമ്പിക്‌സ് വരെ കളിക്കാനുള്ള താല്‍പര്യം സര്‍ദാര്‍ ഹോക്കി ഇന്ത്യയെ അറിയിച്ചിരുന്നെന്നും സൂചനയുണ്ട്‌. ഇന്ത്യക്കു വേണ്ടി 300 മത്സരങ്ങള്‍ കളിച്ച സര്‍ദാര്‍ 2006 മുതല്‍ 2016 വരെ നായകസ്‌ഥാനത്തുണ്ടായിരുന്നു. 12 വര്‍ഷം നീണ്ട കരിയറില്‍ 19 ഗോളുകളടിക്കാന്‍ സര്‍ദാറിനായി.
ഒക്‌ടോബര്‍ 18 ന്‌ ഒമാനിലാണ്‌ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫി തുടങ്ങുക. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെ ഒഡീഷയിലാണു ലോകകപ്പ്‌ മത്സരങ്ങള്‍. ഏഷ്യന്‍ ഗെയിംസിനു മുന്‍പു നടന്ന ശാരീരിക ക്ഷമതാ പരിശോധനയില്‍ (യോ -യോ ടെസ്‌റ്റ്) ഏറ്റവും മുന്നിലെത്തിയതു സര്‍ദാറാണ്‌.
ഇഞ്ചിയോണില്‍ നടന്ന 2014 ലെ ഏഷ്യന്‍ ഗെയിംസ്‌ സ്വര്‍ണം, കോമണ്‍വെല്‍ത്ത്‌ ഗെയിംസുകളില്‍ വെള്ളി (2010, 2014) എന്നിവയാണു സര്‍ദാറിന്റെ പ്രധാന നേട്ടങ്ങള്‍. 2006 ല്‍ പാകിസ്‌താനെതിരേ കളിച്ചാണു സര്‍ദാര്‍ രാജ്യാന്തര ഹോക്കിയില്‍ അരങ്ങേറിയത്‌. 2003-04 സീസണില്‍ ജൂനിയര്‍ ടീമിനു വേണ്ടി കളിച്ചു.
മധ്യനിര താരമായ സര്‍ദാര്‍ ഇന്ത്യയുടെ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌. 2008 ലെ സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ 22 വയസായിരുന്നു പ്രായം. 2012 ല്‍ അര്‍ജുന അവാര്‍ഡും 2015 ല്‍ പത്മശ്രീയും ലഭിച്ചു.

Ads by Google
Thursday 13 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW