ദുബായ്: ഇംഗ്ലണ്ടിന്റെ മുന്‍ നായകന് അലിസ്റ്റര്‍ കുക്ക് രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞതു കരിയറിലെ ഏറ്റവും മികച്ച റാങ്കോടെ. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരനായാണു കുക്ക് മടങ്ങിയത്.
ഇന്ത്യക്കെതിരേ ഓവലില്‍ നടന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ അര്‍ധ സെഞ്ചുറിയും (71) സെഞ്ചുറിയും (147) നേടിയാണു കുക്ക് തിളങ്ങിയത്്. കരിയറിലെ ആദ്യത്തേയും അവസാനത്തേയും ടെസ്റ്റില്‍ സെഞ്ചുറിയടിക്കുന്ന അഞ്ചാമത്തെ താരമാണു കുക്ക്.
33 വയസുകാരനായ കുക്ക് ടെസ്റ്റ് പരമ്പര തുടങ്ങും മുമ്പ് 11-ാം സ്ഥാനത്തായിരുന്നു. 2011 സെപ്റ്റംബറില്‍ രണ്ടാം റാങ്കിലെത്തിയാണു കുക്കിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടം. ഇന്ത്യക്കെതിരേ നടന്ന എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ 294 റണ്ണെടുത്തതോടെയാണു കുക്ക് രണ്ടാം റാങ്കിലെത്തിയത്.
അതേ വര്‍ഷം തന്നെ ഐ.സി.സിയുടെ പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കുക്ക് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട് (അഞ്ച്), ജെഫ് ബോയ്കോട്ട് (എട്ട്) എന്നിവരും കരിയറിലെ അവസാന ടെസ്റ്റില്‍ മികച്ച റാങ്ക് നേടിയവരാണ്. ടെസ്റ്റിലെ മികച്ച റണ്‍വേട്ടക്കാരെ മറികടക്കാന്‍ കുക്കിനായി. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് വിരമിക്കുമ്പോള്‍ 12-ാം സ്ഥാനക്കാരനായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും വിരമിക്കുമ്പോള്‍ 18 -ാംസ്ഥാനത്തായിരുന്നു. ഓസ്ട്രേലിയയുടെ മുന്‍ നായകനും വിശ്വസ്ത ബാറ്റ്സ്മാനുമായ റിക്കി പോണ്ടിങ് 26-ാം സ്ഥാനക്കാരനായാണു വിരമിച്ചത്.
ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാമനാണ്. രണ്ടാമനായ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തും കോഹ്ലിയും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമേയുള്ളു.
ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തു തുടരുകയാണ്. 4-1 നു പരമ്പര നഷ്ടപ്പെട്ടതിനാല്‍ 10 പോയിന്റ് കുറഞ്ഞ് 115 റേറ്റിങ് പോയിന്റിലാണ് ഇന്ത്യയിപ്പോള്‍.