Wednesday, June 26, 2019 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.30 AM

എല്‍സാല്‍വദോറിന്‌ ബ്രസീലിന്റെ അഞ്ചടി

uploads/news/2018/09/248144/2.jpg

ലാന്‍ഡ്‌ഓവര്‍: രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിനു തകര്‍പ്പന്‍ ജയം. ഫുട്‌ബോളിലെ കുഞ്ഞന്‍മാരായ എല്‍ സാല്‍വദോറിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണു ബ്രസീല്‍ തോല്‍പ്പിച്ചത്‌.
രാജ്യാന്തര ഫുട്‌ബോളിലെ കന്നി മത്സരം കളിക്കുന്ന റിച്ചാര്‍ലിസണ്‍ ഇരട്ട ഗോളടിച്ചതാണു മത്സരത്തിന്റെ പ്രത്യേകത. മേരിലാന്‍ഡില്‍ നടന്ന മത്സരത്തില്‍ നെയ്‌മറും കുട്ടിന്യോയും മാര്‍ക്വീന്യോയും ലക്ഷ്യം കണ്ടു. അഞ്ച്‌ തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരേ ഗോളിലേക്കുള്ള ഒരു ഷോട്ടിനു പോലും എല്‍ സാല്‍വദോര്‍ താരങ്ങള്‍ക്കായില്ല. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്‌മര്‍ ബ്രസീലിന്‌ ലീഡ്‌ നല്‍കി. റിച്ചാര്‍ലിസണെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന്‌ റഫറി ബ്രസീലിന്‌ അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
16-ാം മിനിറ്റിലാണ്‌ റിച്ചാര്‍ലിസണ്‍ന്റെ കന്നി ഗോള്‍ വന്നത്‌. നെയ്‌മര്‍ മറിച്ചു നല്‍കിയ പന്ത്‌ റിച്ചാര്‍ലിസണ്‍ വലയിലാക്കി. റിച്ചാര്‍ലിസണ്‍ വളഞ്ഞു പുളഞ്ഞ ഷോട്ട്‌ അവിശ്വസനീയമായാണു വലയില്‍ കടന്നത്‌.
മത്സരം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ നെയ്‌മര്‍ ലീഡ്‌ ഉയര്‍ത്തി. ഇടത്‌ വിങ്ങിലൂടെ വന്ന നെയ്‌മര്‍ ബോക്‌സിന്‌ തൊട്ടുപുറത്തുനിന്നു കുടിന്യോയ്‌ക്ക് പന്ത്‌ കൈമാറി. ഗോള്‍കീപ്പറെ കാഴ്‌ചക്കാരന്‍ മാത്രമാക്കി കുടിന്യോയുടെ ഷോട്ട്‌ വലയുടെ ഇടത്‌ മൂലയിലെത്തി. രണ്ടാം പകുതിയില്‍ റിച്ചാര്‍ലിസണിന്റെ ഗോളിലൂടെ ബ്രസീല്‍ വീണ്ടും ബഹുദൂരം മുന്നിലായി. 50-ാം മിനിറ്റില്‍ ബോക്‌സിനുളളില്‍ ലഭിച്ച പന്ത്‌ ഇടങ്കാലനടിയിലൂടെയാണു റിച്ചാര്‍ലിസണ്‍ വലയിലാക്കിയത്‌. 90-ാം മിനിറ്റില്‍ ബ്രസീല്‍ പട്ടിക തികച്ചു. പ്രതിരോധക്കാരുടെ മുകളിലൂടെ നെയ്‌മര്‍ മറിച്ചു നല്‍കിയ പന്ത്‌ ഹെഡറിലൂടെ മാര്‍കിന്യോ വലയിലെത്തിച്ചു. ഈസ്‌റ്റ് റഥര്‍ഫോഡില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയും കൊളംബിയയും ഗോളടിക്കാതെ പിരിഞ്ഞു. കൊളംബിയയുടെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ്‌ ഒസ്‌പിനയുടെ സേവുകളാണ്‌ അര്‍ജന്റീനയെ ജയത്തില്‍നിന്നു തടുത്തത്‌. സൂപ്പര്‍ താരം ലയണല്‍ മെസിയെ കൂടാതെയാണ്‌ അര്‍ജന്റീന കളിക്കാനിറങ്ങിയത്‌. ഇരു ടീമുകളും താല്‍ക്കാലിക കോച്ചുമാരുമായാണു കളിച്ചത്‌. നാവീലില്‍ നടന്ന മത്സരത്തില്‍ യു.എസ്‌.എ. ഏകപക്ഷീയമായ ഒരു ഗോളിനു മെക്‌സിക്കോയെ തോല്‍പ്പിച്ചു. 19 വയസുകാരന്‍ ടെയ്‌ലര്‍ ആഡംസിന്റെ ഗോളിലാണു യു.എസ്‌.ജയിച്ചത്‌. 67-ാം മിനിറ്റില്‍ വില്‍ ട്രാപ്പിനെ അപകടകരമായി ചവിട്ടിയ എയ്‌ഞ്ചല്‍ സാല്‍വിദാറിനെ ചുവപ്പ്‌ കാര്‍ഡ്‌ കാണിച്ചു പുറത്താക്കിയതോടെ മെക്‌സിക്കോ പത്തു പേരായി ചുരുങ്ങി.

Ads by Google
Thursday 13 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW